പാപമോചനത്തിനായി ആയിരം അശ്വമേധയാഗങ്ങളും, നൂറോളം രാജസൂയങ്ങളും നടത്തിയ രാജാവ് മഹാഭിഷനില്‍, ദേവരാജന്‍ സന്തോഷിച്ചു വരങ്ങള്‍ നല്കി. അമരാവതിയിലെത്തിയ രാജാവിന് ദേവലോകത്തിലെവിടേയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തു. ദേവന്മാരോടും, സിദ്ധന്മാരോടും, രാജര്‍ഷിമാരോടുമൊപ്പം അദ്ദേഹം ബ്രഹ്മസഭയിലുമെത്തി. അവിടെ ഒരു സ്ത്രീ രൂപത്തില്‍ ദേവി ഗംഗയും ആഗതയായി. കാറ്റിന്റെ കുസൃതിയാല്‍ ഗംഗയുടെ വസ്ത്രാഞ്ചലമുലഞ്ഞപ്പോള്‍, മനസ്സിനെ അടക്കി നിര്‍ത്തുവാന്‍ കഴിയാത്ത രാജാവ്, ഗംഗയുടെ സൗന്ദര്യം ആസ്വദിച്ചുനിന്നു. മനഃസംയമനമില്ലാത്തവനും ഇന്ദ്രിയവശഗതനുമായ രാജാവ് ദേവലോക വാസത്തിന് അര്‍ഹനല്ലായെന്നതുകൊണ്ട് ഭൂമിയില്‍ മനുഷ്യനായി വീണ്ടും ജനിക്കട്ടെയെന്ന് ബ്രഹ്മദേവന് ശപിച്ചു. കൂട്ടത്തില്‍ ഗംഗയേയും മഹാഭിഷന്റെ ഭാര്യയാകട്ടെ എന്ന ശാപത്താല്‍ മര്‍ത്യലോകത്തേക്ക് ആനയിക്കപ്പെട്ടു.
മനസ്താപത്തോടെ ഗംഗ ഭൂമിയിലേക്കു പോകുമ്പോള്‍ അഷ്ട വസുക്കളെ കണ്ടു മുട്ടി. വസിഷ്ഠമുനിയുടെ ശാപത്തെപ്പറ്റി വസുക്കള്‍, ഗംഗയോട് പറഞ്ഞു. അഹങ്കാരം കൊണ്ട് വസിഷ്ഠമഹര്ഷിയെ മാനിക്കാതിരുന്നതിനാല്‍ അഷ്ടവസുക്കള്‍ ഗംഗാപുത്രന്മാരായി ഭൂമിയില്‍ ജനിക്കട്ടെ എന്നാണ് മുനി ശാപിച്ചത്. ശാപം മൂലം ഭൂമിയില്‍ജനിക്കാതെ വയ്യ. എന്നാല്‍ ഭൂമിയില്‍ ജീവിക്കുവാന്‍ തങ്ങള്‍ക്ക് ആഗ്രഹമില്ലാത്തതുകൊണ്ട് ഗംഗയുടെ പുത്രന്മാരായി ജനിച്ച ഉടനെ തന്നെ മനുഷ്യജന്മത്തില് നിന്നു മോചനം ഏകണമെന്നവര്‍ അപേക്ഷിച്ചു. മനുഷ്യലോകത്തു ജീവിച്ച് കര്‍മ്മബന്ധങ്ങളില്‍ പെട്ടു പോകുവാന്‍ അവര്‍ ആഗ്രഹിച്ചില്ല. ഗംഗ അവരുടെ ആഗ്രഹം സാധിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തു.
മഹാഭിഷന്‍, ഭൂമിയില്‍ ധര്‍മ്മിഷ്ഠനായ പ്രതീപരാജാവിന്റെ പുത്രന് ശന്തനുവായി ജന്മമെടുത്തു. വഴിയേ തന്റെ പുത്രനു രാജ്യഭാരം നല്കി, വാനപ്രസ്തമാചരിക്കുവാന്‍ പ്രതീപരാജാവ് നാടുപേക്ഷിച്ചു പോയി. ശന്തനുരാജാവ് ഗംഗാതടത്തിലെ കാട്ടില്‍ നായാട്ടു നടത്തുന്ന അവസരത്തില്‍ ഗംഗയെ കണ്ടു. അവളില്‍ ഭ്രമിച്ച ശന്തനു വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ ഒരു നിബന്ധനയോടെ അവള് രാജാവിനെ സ്വീകരിച്ചു. തനിക്ക് അഹിതമായി എന്തെങ്കിലും പറഞ്ഞാല്‍ ഉടനെ രാജാവിനെ വിട്ടുപോകും എന്നതായിരുന്നു നിബന്ധന. രാജാവ് ഗംഗയുടെ നിബന്ധന അംഗീകരിച്ച് അവളെ വിവാഹം ചെയ്തു. അത്യന്തം സന്തോഷവും സംതൃപ്തവുമായി അവരുടെ ജീവിതം മുന്നോട്ടു പോയി.
അവരുടെ കന്ദര്‍പ്പലീലകളില്‍ വസുക്കള്‍ഓരോരുത്തരായി ഗംഗയുടെ പുത്രന്മാരായി ജനിച്ചു. അവരോട് പറഞ്ഞ വാക്കു പാലിക്കുവാന്‍ ഗംഗ ഏഴുപ്രാവശ്യം പ്രസവിക്കുകയും, ഓരോ കുഞ്ഞിനേയും ഉടനെ തന്നെ ഗംഗാനദിയില്‍ എറിയുകയും ചെയ്തു. മാലോകര്‍ അവളെ അധിക്ഷേപിച്ചു, പഴിപറഞ്ഞു.ഏതൊരു പ്രതികൂല പരിതസ്ഥിതിയിലും, എത്ര കഠിനമായാലും വാക്കുപാലിക്കുകഎന്നതു തന്നെയാണ് മുഖ്യം. വാക്കിനു വ്യവസ്ഥയില്ലാത്തവര്‍ നിന്ദ്യരാണ്. അതുകൊണ്ട് വസുക്കളോടുള്ള വാക്ക് നിറവേറ്റിയ സംതൃപ്തിയോടെ എട്ടാമത്തെ കുഞ്ഞിനെ ഗംഗ പ്രസവിച്ചപ്പോള്‍ രാജാവ്, ആ ഒരു കുഞ്ഞിനെയെങ്കിലും ഇവള് കൊല്ലാതിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി. കുഞ്ഞിനേയും കൊണ്ടു പോകുന്ന ഗംഗയോട് രാജാവ് പരുഷമായി സംസാരിക്കുന്നു. ജഹ്നുപുത്രിയായ താന്‍ ദേവകാര്യാര്‍ത്ഥം നാരീരൂപത്തില്‍ ഭൂമിയില്‍ വന്നതാണെന്നും അങ്ങയുടെ പത്നിയായ തന്നില്‍ പുത്രന്മാരായി ജനിച്ചവരെല്ലാം അഷ്ടവസുക്കളാണ് എന്ന സത്യവും് ഗംഗ വിനയത്തോടെ രാജാവിനെ അപ്പോള്‍ അറിയിച്ചു.
അങ്ങ് ആവശ്യപ്പെട്ടില്ലെങ്കിലും ഇവനെ ഞാന്‍ മരണത്തിലേക്കു തള്ളി വിടുകയില്ലായിരുന്നു. കാരണം ‘ദ്യോവ് ‘എന്ന ഇവന് അഷ്ടവസുകളില്‍ കൂടുതല്‍ പാപം ചെയ്തവനായതുകൊണ്ട് ഭൂമിയില്‍ കുറച്ചു കാലം ജീവിക്കേണ്ടതുണ്ട്. എന്ന് അറിയിച്ചു.
വസിഷ്ഠമഹര്‍ഷിയുടെ ‘നന്ദിനി’ പശുവിനെ തന്റെ പത്നിയുടെ ആവശ്യപ്രകാരം മറ്റു വസുക്കളുടെ സഹായത്തോടെ ദ്യോവ് പിടിച്ചു കൊണ്ടുപോയി. ജ്ഞാനദൃഷ്ടിയാല്‍ ഇതറിഞ്ഞ മുനി ഇവരെ ശപിക്കുകയാണ് ചെയ്തത്. മറ്റുള്ളവരോട് മര്യാദയില്ലാതെ പെരുമാറുന്നവര്‍ക്കും അന്യരുടെ മുതല്‍ അപഹരിക്കുന്നവര്‍ക്കും ശിക്ഷകിട്ടാതെ തരമില്ല. അവരെത്ര വലിയവരായാലും കുറ്റം ചെയ്താല്‍ വെറുതെ വിടാന്‍ പാടില്ല. അതുകൊണ്ട് ഇവന് മറ്റുള്ളവരെയപേക്ഷിച്ചു ശിക്ഷ കൂടുതല്‍ അനുഭവിക്കേണ്ടതായുണ്ട്. കൗമാരപ്രായമെത്തുമ്പോള്‍ ഇവനെ ഞാന്‍ അങ്ങേക്കു നല്‍കുന്നതായിരിക്കും എന്ന് പറഞ്ഞു ഗംഗീദേവി കുഞ്ഞിനേയും കൊണ്ട് മറഞ്ഞു. പത്നീവിരഹത്താല്‍ ശോകാര്‍ത്തനായ ശന്തനുരാജന്‍, സ്വന്തം പ്രജകളെ പരിപാലനം ചെയ്തു വളരെ കാലം കഴിച്ചുകൂട്ടി.
ഒരിക്കല്‍ ഗംഗാതീരത്തുകൂടി സഞ്ചരിക്കുമ്പോള്‍ ഒരു കുമാരനെ കണ്ടുമുട്ടി. അസ്ത്ര പ്രയോഗം കൊണ്ട് നദീപ്രവാഹം തടഞ്ഞു നിര്‍ത്തിയ ആ കുമാരന് തന്റെ പുത്രനാണെന്നറിഞ്ഞു ഹര്‍ഷാശ്രു പുളകിതനായി. ഗംഗാദത്തനായ ദേവവ്രതന് എന്ന ആ ബാലനാണ് പിന്നീട് ഭീഷ്മനെന്ന പേരില്‍ പ്രസിദ്ധനായിത്തീര്‍ന്നത്. ശന്തനുരാജന്‍ മൃഗയാവിനോദ തല്പ്പരനായി ഒരിക്കല്‍ യമുനാതീരത്തുള്ള വനത്തില്‍ സഞ്ചരിക്കുമ്പോള്‍ കസ്തൂരിഗന്ധം അനുഭവപ്പെട്ടു. അതിന്റെ ഉത്ഭവം ഒരു മുക്കുവകന്യകയില്‍ നിന്നാണെന്ന് അറിഞ്ഞ രാജാവ് അത്ഭുതപ്പെട്ടു. ഉപരിചരന്‍ എന്ന ദാശരാജന്റെ മകളായ സത്യവതിയായിരുന്നു ആ ശാലീന സുന്ദരി. അവളെ തന്റെ പത്നിയായി ലഭിക്കുവാന്‍ രാജാവ് ആഗ്രഹിച്ചു. എന്നാല്‍ തന്റെ മകളുടെ പുത്രന് രാജ്യാധികാരം നല്‍കണമെന്ന ഒരു നിബന്ധന ദാശരാജന് മുന്നോട്ടു വച്ചപ്പോള്‍ ശന്തനു അതീവ ദുഃഖിതനായി. പ്രജാതല്പരനായ രാജാവ് ഒരിക്കലും തന്റെ ഇഷ്ടസാദ്ധ്യത്തിനു വേണ്ടി സ്വാര്‍ത്ഥത കാട്ടുവാന്‍ പാടില്ല. നിരാശയോടെ ശന്തനു കൊട്ടാരത്തിലേക്കു മടങ്ങി. അച്ഛന്റെ ദുഃഖമറിഞ് ഗംഗാദത്തന് ദാശരാജനെ കണ്ട് അദ്ദേഹത്തിന്റെ നിബന്ധനകള്‍ സ്വീകരിച്ചു. തനിക്കു രാജ്യാധികാരം വേണ്ടെന്നും, നൈഷ്ഠിക ബ്രഹ്മചാരിയായി കഴിഞ്ഞു കൊള്ളാമെന്നും ദേവവ്രതന് ഉഗ്രശപഥം ചെയ്തു. പിതാവിനുവേണ്ടി തന്റെ സര്‍വ്വസുഖങ്ങളും ഉപേക്ഷിച്ചമകന് ശന്തനു മഹാരാജാവ് ‘ഇച്ഛാമൃത്യു’ വരമായി നല്‍കുകയും ചെയ്തു. അച്ഛനുവേണ്ടി എടുത്ത ഉഗ്രശപഥത്തോടെയാണ് ദേവവ്രതന് ഭീഷ്മര്‍ എന്ന നാമത്തില്‍ പ്രസിദ്ധനായത്.
സത്യവതിയോടൊത്ത് ശന്തനുരാജാവ് സന്തോഷപൂര്‍വ്വം കഴിഞ്ഞു. രണ്ടു പുത്രന്മാരേയും ജനിപ്പിച്ച്, അധികം വൈകാതെ ഭൂമിയിലെ തന്റെ കര്‍മ്മകാണ്ഡം അവസാനിച്ചു പരലോകം പൂകി. സ്വന്തം കര്‍മ്മത്തിന്റെ ഫലമനുഭവിക്കാതെ ആര്‍ക്കും മോചനമില്ല എന്ന തത്ത്വമാണ് ഈ പുരാണ കഥ നമുക്കു വ്യക്തമാക്കിത്തരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: