പട്‌ന: ഇരുപത്തിനാല് മണിക്കൂറിനിടെ ബിഹാറില്‍ മൂന്ന് പാലങ്ങള്‍ കൂടി തകര്‍ന്നു. ഇതോടെ 17 ദിവസത്തിനിടെ തകര്‍ന്ന പാലങ്ങളുടെ എണ്ണം 10 ആയി. സരണ്‍ ജില്ലയിലാണ് പാലങ്ങള്‍ തകര്‍ന്നുവീണത്.
സരണില്‍ തകര്‍ന്ന മൂന്ന് പാലങ്ങളില്‍ രണ്ടെണ്ണവും ഗന്ധകി നദിക്ക് കുറുകെയുള്ളതാണ്. രണ്ട് മണിക്കൂറുകളുടെ ഇടവേളകളിലാണ് പാലങ്ങള്‍ തകര്‍ന്നത്. ഒരു പാലം 2004ലും മറ്റൊന്ന് ബ്രിട്ടീഷുകാരുടെ കാലത്തുമാണ് നിര്‍മിച്ചത്. തകര്‍ന്ന മൂന്നാമത്തെ പാലത്തിന് 15 വര്‍ഷം പഴക്കമുണ്ട്. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, വിവിധയിടങ്ങളിലായ പാലങ്ങള്‍ തകര്‍ന്നതോടെ 200 ഓളം ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
പാലങ്ങള്‍ തകരുന്നത്തുടര്‍ക്കഥയായതോടെ സംഭവത്തില്‍ വിശദമായി പഠനം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അഡ്വ. ബ്രജേഷ് സിങ് എന്നയാള്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. പാലങ്ങളുടെ ഘടന സംബന്ധിച്ച് ഓഡിറ്റ് നടത്തണമെന്നും നവീകരണം ആവശ്യമുള്ള പാലങ്ങളും മറ്റും തിരിച്ചറിഞ്ഞ് വേണ്ട നടപടികള്‍ കൈക്കൊള്ളാനുമായി വിദഗ്ധ സമിതി രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
രണ്ട് ദിവസമായി പെയ്ത മഴയെത്തുടര്‍ന്ന് വെള്ളത്തിന്റെ അളവ് വര്‍ധിക്കുകയും ഒഴുക്ക് കൂടുകയും ചെയ്തതാണ് പാലങ്ങള്‍ തകരാന്‍ കാരണമായത്. പാലങ്ങളെല്ലാം ഇഷ്ടിക ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. പാലങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ലെന്നും പാലം സംരക്ഷിക്കണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി.
പാലങ്ങള്‍ തകര്‍ന്നതില്‍ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. സംസ്ഥാനത്തെ എല്ലാ പാലങ്ങളും പരിശോധിക്കാനാണ് നിര്‍ദേശം. അറ്റകുറ്റപ്പണികള്‍ ഉറപ്പാക്കാന്‍ റോഡ് നിര്‍മാണ വകുപ്പിനും (ആര്‍സിഡി), റൂറല്‍ വര്‍ക്‌സ് ഡിപ്പാര്‍ട്ട്മെന്റിനും നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: