ആലുവ : എറണാകുളം റൂറൽ ജില്ലയിൽ സമീപ കാലത്തായി ഒൺലൈൻ തട്ടിപ്പ് സംഘം കവർന്നത് മൂന്നു കോടിയിലേറെ രൂപ. ഒൺലൈൻ ട്രേഡിംഗിലൂടെയും , നിക്ഷേപത്തിലൂടെയും ലക്ഷങ്ങൾ ലാഭമുണ്ടാമെന്ന് പറഞ്ഞ് രണ്ട് കോടിയോളം രൂപയും, വ്യാജ അന്വേഷണ ഉദ്യോഗസ്ഥർ ചമഞ്ഞ് ഒരു കോടി പതിനഞ്ച് ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്.
പണം നഷ്ടമായവരിൽ ഏറെയും ഉയർന്ന വിദ്യാഭ്യാസവും , നല്ല ജോലിയുമൊക്കെ ഉള്ളവരാണ്. മുംബൈ കൊളാബ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസു പ്രകാരം സുപ്രീം കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട് എന്നു പറഞ്ഞാണ് ആലുവ സ്വദേശിയായ സീനിയർ സിറ്റിസണിൽ നിന്ന് തട്ടിപ്പുസംഘം ഒരു കോടി പതിനഞ്ച് ലക്ഷം രൂപ തട്ടിയത്.
വാട്സാപ്പ് കോളിലൂടെ ഉയർന്ന ഉദ്യോഗസ്ഥന്റെ യൂണിഫോം ധരിച്ച് ആണ് തട്ടിപ്പുസംഘം ചാറ്റ് ചെയ്തത്. എഫ്.ഐ.ആറിന്റെയും വാറന്റിന്റേയും, പോലുള്ളവയുടെ കോപ്പിയും കാണിച്ചു. സെക്യൂരിറ്റി ചെക്കിംഗിന്റെ ഭാഗമായി അക്കൗണ്ടിലുള്ള പണം എത്രയും വേഗം മാറ്റാനാണ് സംഘം ആവശ്യപ്പെട്ടത്.
മറ്റാരുമായി സംസാരിക്കാനോ, ഇടപെടാനോ അവസരം കൊടുക്കാത്ത വിധത്തിൽ തന്ത്രപരമായി വിശ്വസിപ്പിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു. ആറ് ട്രാൻസാക്ഷനുകളിലായിട്ടാണ് അവർ പറഞ്ഞ അക്കൗണ്ടിലക്ക് പണം മാറ്റിയത്. തട്ടിപ്പായിരുന്നു എന്നു മനസിലാക്കിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. ഭയം കൊണ്ട് ഏറെ നാളുകൾ കഴിഞ്ഞാണ് ഇദേഹം സംഭവം ബന്ധുവിനോട് പറഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇതുമായി ബന്ധപ്പെട്ട് 6 പേരെ അറസ്റ്റ് ചെയ്തു.
ഓൺലൈൻ ട്രേഡിംഗിലൂടെ കാലടി സ്വദേശിക്ക് 50 ലക്ഷമാണ് നഷ്ടപ്പെട്ടത്. അമേരിക്കൻ കമ്പനിയുടെ ഇന്ത്യൻ പ്രമോട്ടറാണെന്ന് പറഞ്ഞ് സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട ആൾവഴിയാണ് ട്രേഡിംഗിൽ പണം നിക്ഷേപിച്ചതും തട്ടിപ്പിനിരയായതും. ഇതിൽ റൂറൽ സൈബർ പോലീസ് സ്റ്റേഷൻ ടീം നടത്തിയ അന്വേഷണത്തിൽ 40 ലക്ഷം രൂപ തിരിച്ചു പിടിക്കാൻ കഴിഞ്ഞു. 6 പേരെ അറസ്റ്റ് ചെയ്തു.
ആലുവ സ്വദേശിനിക്ക് ഓൺ ലൈൻ ട്രേഡിംഗിലൂട 45 ലക്ഷം രൂപയാണ് നഷ്ടമായത്. ഉയർന്ന മേഖലയിൽ ജോലി ചെയ്യുന്നയാളാണ് തട്ടിപ്പിനിരയായത്. ഇതിൽ 3 പേർ അറസ്റ്റിലായി.
കോതമംഗലം സ്വദേശിക്ക് 33 ലക്ഷവും നഷ്ടമായി. ആലുവ ഭാഗത്ത് താമസിക്കുന്നയാൾക്ക് 22 ലക്ഷവും ഒൺലൈൻ വ്യാപാരതട്ടിപ്പിലൂടെ നഷ്ടപ്പെട്ടു.
വലിയ തുകകൾ നഷ്ടപ്പെട്ട ചിലർ മാത്രമാണിവർ. ദിനം പ്രതി നിരവധി പേരാണ് വലിയ തുകകൾ സ്വപ്നം കണ്ട് ഇവരുടെ ചതിക്കുഴിയിൽപ്പെട്ടു പോകുന്നത്. വൻ ലാഭം വാഗ്ദാനം ചെയ്താണ് ട്രേഡിംഗ് തട്ടിപ്പ് സംഘങ്ങൾ സമീപിക്കുന്നത്. ലാഭം കിട്ടുന്ന കണക്കിൽ വിശ്വസിച്ച് വലിയ സംഖ്യകൾ നിക്ഷേപിക്കും.
ആദ്യം ലാഭ വിഹിതമെന്ന് പറഞ്ഞ് ചെറിയ തുകകൾ നൽകുകയും ചെയ്യും. അവരുടെ രേഖകളിൽ നിക്ഷേപകന്റെ ലാഭം കുമിഞ്ഞുകൂടും. അത് തിരിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ പലവിധ ചാർജ്ജുകളിലായി ലക്ഷങ്ങൾ വീണ്ടും ഫീസായി അടയ്ക്കാൻ പറയും.
കിട്ടാൻ പോകുന്നത് വൻ തുകയാണെന്ന വിശ്വാസത്തിൽ അവർ പറയുന്ന തുകകൾ അടച്ചു കൊണ്ടേയിരിക്കും. ഒടുവിൽ ഈ സംഘം ഒരു വിവരവും അവശേഷിപ്പിക്കാതെ മുങ്ങുകയും ചെയ്യും. ഇത്തരം തട്ടിപ്പിൽ വീഴാതെ, ഇവരുടെ വാഗ്ദാനങ്ങൾ വിശ്വസിക്കാതെ ജാഗ്രതയോടെ ഇരിക്കുകയാണ് വേണ്ടതെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: