ന്യൂദല്‍ഹി: മണിപ്പൂരിനെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും മണിപ്പൂരിന്റെ സംഘര്‍ഷ ചരിത്രം മനസിലാക്കി വേണം വിഷയത്തില്‍ പ്രതികരണങ്ങള്‍ നടത്താനെന്നും ഓര്‍മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരില്‍ തീ കോരിയിടാന്‍ ശ്രമിക്കുന്നവരോട് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
മണിപ്പൂരിലെ ജനത അത്തരക്കാരെ തള്ളിക്കളയും. മണിപ്പൂരിന്റെ ചരിത്രവും സംഘര്‍ഷ ചരിത്രവും എല്ലാവരും മനസിലാക്കണം. ദീര്‍ഘകാലത്തെ പ്രശ്നങ്ങളാണവിടെയുള്ളത്. സംഘര്‍ഷം മൂലം മണിപ്പൂരില്‍ പത്തുതവണ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചവരാണ് കോണ്‍ഗ്രസുകാര്‍. ഇത്ര ചെറിയ സംസ്ഥാനത്ത് ആണെന്നോര്‍ക്കണം. 1993ല്‍ മണിപ്പൂരില്‍ ഇതേപോലെ സംഘര്‍ഷമുണ്ടായി. അഞ്ചുവര്‍ഷം നീണ്ടുനിന്ന സംഘര്‍ഷമാണ് അവിടെ അന്നുണ്ടായത്. ഇതു തിരിച്ചറിഞ്ഞുവേണം മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരിക്കേണ്ടത്.
മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നിരന്തരം ശ്രമിക്കുകയാണ്. 11,000 അധികം എഫ്ഐആറുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. അഞ്ഞൂറിലധികം പേര് അറസ്റ്റിലായി. സര്‍ക്കാര്‍ സ്വീകരിച്ച കര്‍ശന നടപടികള്‍ മൂലം മണിപ്പൂരില്‍ അക്രമങ്ങള്‍ കുറഞ്ഞുവരികയാണ്. സ്കൂളും കോളജുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നു. മണിപ്പൂരിലും ദേശീയതലത്തിലുള്ള പ്രവേശന പരീക്ഷകള്‍ നടന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സമാധന ശ്രമങ്ങള്‍ നിരന്തരം നടത്തുന്നു. മുമ്പത്തെ സര്‍ക്കാരുകള്‍ അങ്ങനെ ചെയ്തിട്ടില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി നിരവധി ദിവസങ്ങള്‍ അവിടെ തങ്ങി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചു.
മണിപ്പൂരില്‍ ഇപ്പോള്‍ നടക്കുന്ന പ്രളയത്തെ നേരിടാന്‍ എന്‍ഡിആര്‍എഫ് സംഘങ്ങളും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപനവും സജീവമായുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: