തിരുവനന്തപുരം: ദേശീയപാത 66 ന്റെ നിര്‍മാണം 2025 ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്നും മഴക്കാലത്തോടനുബന്ധിച്ചുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദേശീയപാത അതോറിറ്റി ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
നിയമസഭയില്‍ സബ്മിഷനായി വിവിധ എംഎല്‍എമാര്‍ ഉന്നയിച്ച പ്രശ്‌നങ്ങളും ജില്ലകളില്‍ നിന്ന് ജനപ്രതിനിധികളും മറ്റും ഉന്നയിച്ച പ്രശ്‌നങ്ങളും പരിശോധിക്കുന്നതിനായി വിളിച്ചുചേര്‍ത്ത കളക്ടര്‍മാരുടേയും ദേശീയപാത അതോറിറ്റി അധികൃതരുടേയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
17 റീച്ചുകളായാണ് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 9 ജില്ലകളിലൂടെ കടന്നുപോകുന്ന ദേശീയപാത 66 നിര്‍മിക്കുന്നത്. 45 മീറ്ററില്‍ നിര്‍മിക്കുന്ന ആറുവരിപ്പാത 2025 ഡിസംബറോടെ പണിതീര്‍ക്കാനാകും. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും ദേശീയപാത അതോറിറ്റിയും ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത്. പണിതീരുന്ന റീച്ചുകള്‍ ഓരോന്നും അതതുസമയത്തുതന്നെ തുറന്നുകൊടുക്കും. ദേശീയപാത പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ ഗതാഗതരംഗത്ത് വലിയ കുതിച്ചുചാട്ടമായിരിക്കും ഉണ്ടാകുകയെന്നും മന്ത്രി പറഞ്ഞു.
ദേശീയപാത അതോറിറ്റി റീജ്യണല്‍ ഡയറക്ടര്‍ ബി.എല്‍. മീണ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: