മോദിക്കെന്നെ ഭയമാണ്, എനിക്ക് മോദിയെ ഭയമില്ല! ഈ പ്രസ്താവന ലോക്സഭയില്‍ ഒരു നൂറു തവണയെങ്കിലും രാഹുല്‍ നടത്തിയിട്ടുണ്ടാവണം. അതിലേറെ തവണ ഹിന്ദുമതത്തെയും ദൈവങ്ങളെയും ലോക്സഭയിലേക്ക് രാഹുല്‍ വലിച്ചിട്ടിട്ടുണ്ട്. പലവട്ടം മാപ്പു പറഞ്ഞും വിശദീകരിച്ചും മാറ്റിപ്പറഞ്ഞും രക്ഷപ്പെട്ട രാഹുലിന് ഇനിയതിന് എത്രത്തോളം സാധിക്കുമെന്നറിയില്ല. കാരണം, ലോക്സഭയിലെ പ്രതിപക്ഷ നേതാവിന്റെ പദവിയിലേക്ക് രാഹുല്‍ എത്തിയിരിക്കുന്നു. ആ പദവിയുടെ ഗൗരവം മനസ്സിലാക്കി വേണം പ്രവര്‍ത്തനം. അതു തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷ നേതാവിന് സാധിക്കുന്നുമില്ല. രാഹുലിന്റെ ലോഞ്ചിംഗ് നാടകങ്ങള്‍ പലകുറി കണ്ട ലോക്സഭയില്‍, പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള കന്നി പ്രസംഗത്തെയും മറ്റൊരു ‘ചരിത്രനേട്ട’മായി അവതരിപ്പിക്കാനാണ് പതിവു പോലെ കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസ് അനുകൂല മാധ്യമങ്ങളുടേയും ശ്രമം. അതെന്തുമാവട്ടെ. രാഷ്ട്രീയ നേതാവെന്ന നിലയില്‍ വസ്തുതകള്‍ അവതരിപ്പിക്കുന്നതില്‍ രാഹുല്‍ തികഞ്ഞ പരാജയമാണെന്ന് ഓരോ ലോക്സഭാ പ്രസംഗങ്ങളും തെളിയിക്കുന്നു. തിങ്കളാഴ്ച ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിലും തെറ്റായ വിവരങ്ങളും കള്ളപ്രചാരണങ്ങളും തന്നെയാണ് രാഹുല്‍ നടത്തിയത്. സഭാ രേഖകളില്‍ നിന്ന് പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിന്റെ വലിയൊരു ഭാഗവും നീക്കം ചെയ്യേണ്ട അവസ്ഥ വരുത്തിയത് രാഹുലിന്റെ അവാസ്തവ പ്രസ്താവനകളും വ്യാജ പ്രചാരണങ്ങളുമാണ്.
ഹിന്ദുമതത്തെയും ഹിന്ദുക്കളെയും മോശക്കാരാക്കി ഉദാഹരിച്ചുകൊണ്ട് രാഹുല്‍ ലോക്സഭയില്‍ നടത്തിയ പ്രസംഗം വലിയ തോതിലുള്ള പ്രതിഷേധത്തിനാണ് ഇടവരുത്തിയത്. ഹിന്ദുക്കളെന്ന് പറയുന്നവര്‍ ഭയവും വെറുപ്പും മാത്രം ഉണ്ടാക്കുന്ന അക്രമികളാണെന്നാണ് രാഹുലിന്റെ അധിക്ഷേപം. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കള്‍ പ്രതിപക്ഷ നേതാവിന്റെ ഹിന്ദുവിരുദ്ധ പ്രസംഗത്തിനെതിരെ രംഗത്തെത്തുകയും സഭയില്‍ പ്രതിഷേധമുയര്‍ത്തുകയും ചെയ്തു. ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തില്‍ പരിഹാസവും കള്ളങ്ങളും നിറഞ്ഞപ്പോള്‍ പലവട്ടം ലോക്സഭാ സ്പീക്കര്‍ക്ക് ഇടപെടേണ്ടിവന്നു. സഭാമര്യാദകള്‍ പ്രതിപക്ഷ നേതാവിനെ പത്തിലേറെ തവണ ഓര്‍മ്മിപ്പിക്കേണ്ട ഗതികേടാണ് ലോക്സഭാ സ്പീക്കര്‍ ഓം ബിര്ളയ്ക്കുണ്ടായത്. ശിവന്റെയും മറ്റു ദൈവങ്ങളുടേയും ഫോട്ടോകള്‍ സഭയില്‍ പ്രദര്‍ശിപ്പിച്ച രാഹുലിന്റെ നടപടിയെ അടക്കം സ്പീക്കര്‍ വിമര്‍ശിച്ചു. സഭാ ചട്ടങ്ങളുടെ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സ്പീക്കറെ അപമാനിക്കാനായിരുന്നു രാഹുലിന്റെ ശ്രമം. താങ്കള്‍ പ്രധാനമന്ത്രിയെ വണങ്ങി സ്വീകരിച്ചപ്പോള്‍ എന്നെ താങ്കള്‍ നിവര്‍ന്നു നിന്നാണ് സ്വീകരിച്ചതെന്ന് രാഹുല്‍ ഓം ബിര്‍ളയോട് പറഞ്ഞു. മുതിര്‍ന്നവരെ സ്വീകരിക്കുമ്പോള്‍ തലകുനിക്കണമെന്നാണ് എന്റെ സംസ്കാരം എന്നെ പഠിപ്പിച്ചതെന്ന മറുപടി നല്കി സ്പീക്കര്‍ രാഹുലിനെ നിശബ്ദനാക്കി. പ്രധാനമന്ത്രിയെപ്പോലെയല്ല, രാജ്നാഥ്സിങ് തന്നെ ചെറു പുഞ്ചിരിയോടെ സ്വീകരിച്ചെന്ന രാഹുലിന്റെ പ്രസ്താവനയ്ക്ക് പ്രതിപക്ഷ നേതാവിനെ ഗൗരവത്തോടെ കാണണമെന്നാണ് ഭരണഘടന പറയുന്നതെന്ന കുറിക്കുകൊള്ളുന്ന മറുപടിയാണ് മോദി രാഹുലിന് നല്‍കിയത്. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാഷ്ട്രീയ നാടകം നടത്തുന്ന വ്യക്തിക്ക് ഭരണഘടനയില്‍ എത്ര പേജുകളുണ്ടെന്ന് പോലുമറിയില്ലെന്ന രാഷ്ട്രീയ മറുപടി നല്കിയ അനുരാഗ് സിങ് താക്കൂറിന്റെ പ്രസ്താവനയില്‍ സ്തബ്ദനായി നില്ക്കുന്ന രാഹുലിനെയും സഭയില്‍ കണ്ടു.
പ്രസംഗത്തിലുടനീളം ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ നടത്തിയ കള്ളപ്രചാരണങ്ങള്‍ സഭയിലും ആവര്‍ത്തിക്കുന്ന പ്രതിപക്ഷ നേതാവിനെയാണ് കണ്ടത്. അഗ്നിവീര്‍ പദ്ധതിയില്‍ സൈനിക സേവനം നടത്തുന്ന പട്ടാളക്കാര്‍ വീരമൃത്യു വരിച്ചാല്‍ ഒരു രൂപ പോലും കുടുംബത്തിന് മോദി സര്‍ക്കാര്‍ നല്‍കുന്നില്ലെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. അഗ്നിവീറുകാര്‍ക്ക് പെന്ഷന് പോലുമില്ലെന്നും മോദി അവരെ രക്തസാക്ഷികളായി കണക്കാക്കില്ലെന്നും ഒരു രൂപ പോലും പണം നല്‍കില്ലെന്നും രാഹുല്‍ ആരോപിച്ചു. ഇത്തരത്തില്‍ പച്ചക്കളം സഭയില്‍ പറയരുതെന്ന പ്രതികരണത്തോടെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മറുപടിക്കായി എഴുന്നേറ്റു. തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് സഭയെ തെറ്റിദ്ധരിപ്പിക്കാനാണ് രാഹുലിന്റെ ശ്രമമെന്ന് പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി. പരിശീലന വേളയിലോ സുരക്ഷാ ദൗത്യത്തിനിടയിലോ വീരമൃത്യു വരിച്ചാല്‍ ആ സൈനികന്റെ കുടുംബത്തിന് ഒരു കോടി രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുന്നതെന്നും രാജ്നാഥ്സിങ് സഭയെ അറിയിച്ചു.
കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും രാഹുലിന്റെ വ്യാജ പ്രചാരണങ്ങളെ തുറന്നുകാട്ടി രംഗത്തെത്തി. രാഹുല്‍ പറയുന്നത് കുടുംബത്തിന് ഒരു രൂപ പോലും സഹായം നല്‍കുന്നില്ലെന്നാണ്. എന്നാല്‍ കേന്ദ്രപ്രതിരോധമന്ത്രി ആധികാരികമായി അറിയിച്ചിരിക്കുന്നത് ഒരു കോടി രൂപ ലഭിക്കുമെന്നാണ്. അഗ്നിവീര്‍ സൈനികരുടെ കുടുംബങ്ങള്‍ക്ക് സഹായധനം ലഭിക്കില്ലെന്ന വിവരം രാഹുലിനും കൂട്ടര്‍ക്കും എവിടെനിന്ന് ലഭിച്ചെന്ന് അവര്‍ സഭയ്ക്ക് മുന്നില്‍ വെയ്ക്കണം. ഈ സഭ നുണ പറയാനുള്ള ഇടമല്ല. പ്രതിപക്ഷ നേതാവ് പറഞ്ഞത് ശരിയാണെന്ന് അവര്‍ തെളിയിക്കണം. അല്ലെങ്കില്‍ ഈ സഭയോടും രാജ്യത്തോടും അഗ്നിവീര്‍ ജവാന്മാരോടും മാപ്പ് ചോദിക്കണം’,അമിത് ഷാ ആവശ്യപ്പെട്ടു.
കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് തറവില നല്കാന് പറ്റില്ലെന്ന് രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകരോട് മോദി സര്‍ക്കാര്‍ പറഞ്ഞെന്നായിരുന്നു രാഹുല്‍ സഭയില്‍ നടത്തിയ മറ്റൊരു കള്ളപ്രചാരണം. മറുപടിയുമായി എഴുന്നേറ്റ കേന്ദ്രകൃഷിമന്ത്രി ശിവരാജ്സിങ് ചൗഹാന് രാഹുല്‍ അസത്യപ്രസ്താവന നടത്തുകയാണെന്ന് അറിയിച്ചു. കാര്‍ഷിക വിളകള്‍ക്ക് സര്‍ക്കാര്‍ താങ്ങുവില നല്‍കുന്നുണ്ടെന്നും മോദി സര്‍ക്കാര്‍ വന്നതിന് ശേഷം എംഎസ്പിയില്‍ 50 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വരുത്തിയതെന്നും ചൗഹാന് പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കര്‍ഷകരോട് ചെയ്ത ചൂഷണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രകൃഷിമന്ത്രിയുടെ മറുപടി.
സഭയില്‍ രാഹുല്‍ നടത്തിയ പ്രസംഗത്തിലെ നിരവധി പരാമര്‍ശങ്ങള്‍ ഔദ്യോഗിക രേഖകളില്‍നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ചട്ടങ്ങള്‍ ലംഘിച്ചുള്ള പ്രസംഗമാണ് സ്പീക്കറുടെ നടപടിക്ക് കാരണമായത്. രാഹുല്‍ ഹിന്ദുക്കളെ അക്രമികളെന്ന് വിളിച്ചതടക്കമുള്ള പരാമര്‍ശങ്ങള്‍ നീക്കി. ലോക്സഭയില്‍ രാഹുലിനെ പോലെ പെരുമാറരുതെന്ന കര്‍ശന നിര്‍ദ്ദേശമായിരുന്നു പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രി നല്‍കിയത്. പാര്‍ലമെന്റിന്റെ ചട്ടങ്ങലും കീഴ്വഴക്കങ്ങളും പാലിച്ചു വേണം സഭയില്‍ പെരുമാറാനെന്നും മോദി ബിജെപി എംപിമാരെ ഓര്‍മ്മിപ്പിച്ചു. ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം തുടര്‍ച്ചയായ മൂന്നുവട്ടം പ്രധാനമന്ത്രിയായി ഒരു ചായ വില്പ്പനക്കാരന് വന്നതാവാം ചിലരുടെ അസ്വസ്ഥതകള്‍ക്ക് കാരണമെന്നും മോദി യോഗത്തില്‍ പറഞ്ഞു. ഇതു തന്നെയാണ് യഥാര്‍ത്ഥ പ്രശ്നം. എക്കാലവും ഭാവി പ്രധാനമന്ത്രിയായി തുടരാന്‍ വിധിക്കപ്പെട്ട നെഹ്റു കുടുംബത്തിന്റെ പിന്മുറക്കാരന്റെ അസ്വസ്ഥതകള്‍ സഭയില്‍ തെളിഞ്ഞുകാണുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: