രാജ്യത്തെ ക്രിമിനല്‍ നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി നിലവില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ ശിക്ഷാനിയമം 1860 കാലാനുസൃതമായ മാറ്റങ്ങളോടെ പരിഷ്കരിച്ച് നിലവിലെ സാമൂഹിക സാങ്കേതിക വികസനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വകുപ്പുകളും കുറ്റകൃത്യങ്ങളും ഉള്‍പ്പെടുത്തി ഭാരതീയ ന്യായ സംഹിത, 2023 കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നു.
2020ല്‍ ആഭ്യന്തരമന്ത്രാലയം ഡോ. രണ്‍ബീര്‍ സിങിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റി രാജ്യത്തെ ക്രിമിനല്‍ നടപടി നിയമങ്ങള്‍ പരിഷ്കരിക്കുന്നതിന് പൊതുജനങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ തേടി. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി 2023 നവംബര്‍ 6-ന് പുതിയ നിയമ വ്യവസ്ഥകള്‍ അംഗീകരിച്ചു. ഇത് സംബന്ധിക്കുന്ന എല്ലാ വകുപ്പുകളും പരിഷ്കരിച്ചു. 2023 ഡിസംബര്‍ 12 ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ഡിസം.21 ന് പാസാക്കി ഡിസംബര്‍ 25 ന് പ്രസിഡന്റിന്റെ അനുമതിയോടുകൂടി നിയമമാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
ഇന്ത്യന്‍ ക്രിമിനല്‍ ചട്ട നടപടി നിയമവും, തെളിവ് നിയമവും ശിക്ഷാനിയമവും ഭാരതീയ നിയമ സംവിധാനത്തിലേക്ക് മാറുന്നതോടുകൂടി രാജ്യത്തെ നിലവില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 511 വകുപ്പുകള്‍ 358 വകുപ്പുകളായി ചുരുങ്ങും. എന്നാല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പ്രധാനപ്പെട്ട എല്ലാ വകുപ്പുകളും പുതിയ നിയമത്തിലും ഉള്‍ക്കൊള്ളിക്കാനും അതില്‍ മാറിയ സാഹചര്യത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താനും കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തുകൊണ്ട് കുറ്റകൃത്യങ്ങള്‍ക്ക് ശക്തവും കൃത്യവുമായ ശിക്ഷ ഉറപ്പാക്കുന്ന തരത്തില്‍ ശിക്ഷാനിയമത്തില്‍ വ്യവസ്ഥകള്‍ക്ക് മാറ്റം വരുത്താനും കഴിഞ്ഞു. ശിക്ഷാ നിയമം കാലാനുസൃതമായി പരിഷ്കരിക്കപ്പെടുന്നതോടുകൂടി രാജ്യത്തെ ക്രിമിനല്‍ നടപടി ക്രമത്തിലും അതോടൊപ്പം ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്ന നിയമ സംവിധാനങ്ങളില്‍ കൂടുതല്‍ ശക്തവും ഭരണഘടനാനുസൃതവും നീതിപൂര്‍വവും, സുതാര്യവുമായ ഒരു സംവിധാനമായി മാറുകയാണ്.നിരവധി സുപ്രീം കോടതി വിധികള്‍ കാലത്തിനനുസരിച്ചുള്ള നിയമപരിഷ്കരണവുമായി ബന്ധപ്പെട്ടും ശിക്ഷാനിയമമായി ബന്ധപ്പെട്ടും നാളിതുവരെ ഉണ്ടായിട്ടുള്ള വിധികളില്‍ എല്ലാം പരിഗണിച്ചുകൊണ്ട് കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്കും, കാലഹരണപ്പെട്ട നിയമങ്ങളും വ്യവസ്ഥകളും വകുപ്പുകളും മാറ്റിക്കൊണ്ടും നിലവിലെ സാമൂഹിക സാഹചര്യത്തിന് ഏറ്റവും അനുയോജ്യമായ രീതിയില്‍ ഒരു നിയമം കൊണ്ടുവരിക എന്നുള്ളതാണ് ബിഎന്‍എസ് അഥവാ ഭാരതീയ ന്യായ സംഹിത കൊണ്ടുവരുന്നതിന് അടിസ്ഥാനപരമായി വന്നിട്ടുള്ള മാറ്റത്തിന് കാരണം.
ഭാരതീയ ന്യായ സംഹിത രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ നിലവിലെ ഭരണ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. നിയമത്തില്‍ ഏറ്റവും സുതാര്യമായിട്ടുള്ള അന്വേഷണ സംവിധാനങ്ങള്‍ക്കും, തെളിവെടുപ്പിനും സാഹചര്യം ഒരുക്കുകയും അതോടൊപ്പം വിചാരണാ നടപടികള്‍ സുതാര്യമായി കൊണ്ടുപോകുന്നതിനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യും. സുപ്രധാനമായിട്ടുള്ള പല വകുപ്പുകളും മുന്‍കാല സാഹചര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ള സാമൂഹിക സാഹചര്യത്തില്‍ സെക്ഷന്‍ 79 ഭാരതീയ ന്യായ സംഹിതയില്‍ ഉള്‍പ്പെടുത്തി. സ്വാഭാവികമായും നിയമസംവിധാനത്തില്‍ സുതാര്യമായി നടക്കേണ്ട തെളിവെടുപ്പിനെ സംബന്ധിച്ചും അതോടൊപ്പംതന്നെ ശിക്ഷാ രീതിയും കണക്കാക്കി പ്രത്യേകിച്ച് ബലാത്സംഗവും സമാനമായിട്ടുള്ള കുറ്റകൃത്യങ്ങളും അവയ്ക്കെല്ലാം കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനും സെക്ഷന്‍ 63 മുതല്‍ 97 വരെ ഉള്‍പ്പെടുത്തി. സെക്ഷന്‍ 98 മുതല്‍ 144 വരെ മനുഷ്യ ശരീരത്തെ ബാധിക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
സെക്ഷന്‍ 152 രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന തരത്തിലുള്ള നടപടികളോ തീവ്രവാദ സ്വഭാവമുള്ള നടപടികളെ സ്വീകരിക്കുന്നവര്‍ക്കെതിരെ- പ്രത്യേകിച്ച് സാമ്പത്തിക കുറ്റങ്ങള്‍-ഉള്‍പ്പടെ യുള്ള കുറ്റകൃത്യത്തില്‍ ജീവപര്യന്തം തടവു വരെ ശിക്ഷാനടപടികൊണ്ടുവന്നു. സെക്ഷന്‍ 147 മുതല്‍ 158 വരെ രാജ്യത്തെ പരമാധികാരത്തിനെതിരായി പ്രത്യേകിച്ച് അഖണ്ഡതയ്ക്കെതിരായി ഏതെങ്കിലും തരത്തില്‍ കൂട്ടായോ ഒറ്റക്കോ നടപടികള്‍ സ്വീകരിക്കുന്ന രാജ്യവിരുദ്ധരായ ആളുകള്‍ക്കെതിരെ ശക്തമായ ശിക്ഷ കൊണ്ടുവന്നു. സെക്ഷന്‍ 226 ആത്മഹത്യാ ശ്രമം അടക്കമുള്ള കാര്യങ്ങള്‍ക്കും കാലാനുസൃതമായ പരിഷ്കാരം കൊണ്ടുവന്നു. ഔദ്യോഗിക കൃത്യം തടയുന്ന പ്രവര്‍ത്തി കൂടെ ഉള്‍പ്പെടുത്തി ശക്തിപ്പെടുത്തി. ജാതി, മതം, വര്‍ഗം, വര്‍ണം ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ നിയമം കൂടുതല്‍ ശക്തമാക്കി.
വധശിക്ഷ നിയമ സംവിധാനത്തില്‍ നിന്ന് ഒഴിവാക്കുന്ന സാഹചര്യം ഈ നിയമത്തിലും ഉണ്ടായിട്ടില്ല.
ബിഎന്‍എസ് കൊണ്ടുവന്നപ്പോള്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ മാത്രമല്ല അവരെ സഹായിക്കുന്നവര്‍ക്കും, സാമ്പത്തിക സഹായങ്ങള്‍ ചെയ്യുന്നവര്‍ക്കും, പ്രത്യേകിച്ച് ഷെഡ്യൂള്‍ഡ് ഒഫന്‍സില്‍ വരുന്ന വിഷയങ്ങളും പ്രത്യേകമായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ട നിയമ സംവിധാനങ്ങളും ഭാരതീയ ന്യായ സംഹിതയുടെ കൂടി ഭാഗമായി മാറി. ആള്‍ക്കൂട്ട കൊലപാതകം പോലെയുള്ള സംഭവങ്ങള്‍ക്ക് ശിക്ഷ ശക്തിപ്പെടുത്തിക്കൊണ്ടുള്ളതാണ് ഭാരതീയ ന്യായ സംഹിത.
തീവ്രവാദ സ്വഭാവമുള്ള യുഎപിഎ പോലുള്ള നിയമങ്ങള്‍ നീതിന്യായ വ്യവസ്ഥയുടെ ഭാഗമായി വരുന്ന കാര്യങ്ങള്‍ക്ക് ശിക്ഷാവ്യവസ്ഥകള്‍ വരുന്നതോടുകൂടി പോലീസിനെ സംബന്ധിച്ച് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകളെ കണ്ടെത്തുന്നതിനും ശിക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും അതില്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്താന്‍ കഴിഞ്ഞു. സാങ്കേതികവിദ്യയിലൂടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്തുനിന്ന് നേതൃത്വം കൊടുക്കുന്ന ആളുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബിഎന്‍എസ് സവിശേഷാധികാരം നല്കുന്നു. സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെ കുറ്റകൃത്യങ്ങളെ കുറ്റകൃത്യങ്ങളായി കണ്ട് കൃത്യമായി ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ഭാരതീയ ന്യായ സംഹിത സാഹചര്യം ഒരുക്കുന്നു. സമൂഹത്തില്‍ കഠിനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകള്‍ ലിംഗ വിവേചനത്തിന്റെ പേരില്‍ ഏതെങ്കിലും തരത്തില്‍ രക്ഷപ്പെടാനുള്ള സാധ്യത ഒഴിവാക്കുന്നു. ബിഎന്‍എസില്‍ 20 പു
തിയ കുറ്റകൃത്യങ്ങള്‍ ചേര്‍ക്കുകയും 33 കുറ്റകൃത്യങ്ങള്‍ക്ക് തടവു ശിക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഐപിസിയിലെ പല വകുപ്പുകളും പുതിയ ന്യായ സംഹിതയില്‍ ഒരുമിച്ചു ചേര്‍ക്കപ്പെട്ടു. ഒപ്പം പുതിയ വകുപ്പുകളും കൂടുതലായി ചേര്‍ത്തു. കുറ്റകൃത്യങ്ങള്‍ 20 ചാപ്റ്ററുകളില്‍ ആയി 358 സെക്ഷനുകള്‍ ഉള്‍പ്പെടുത്തി പുനക്രമീകരിച്ചപ്പോള്‍ സാമൂഹിക സേവനം, തെളിവ് സ്വീകരിക്കല്‍, സീറോ എഫ്ഐആര്‍, ഡിജിറ്റല്‍ തെളിവുകള്‍ സ്വീകരിക്കല്‍ എന്നിവ പുതിയ കാലത്തിനനുസരിച്ച് ചേര്‍ക്കപ്പെട്ടു. നിലവിലെ വധശിക്ഷ, ജീവപര്യന്തം ശിക്ഷ, കഠിനതടവ്, വെറും തടവ്, സ്വത്ത് മരവിപ്പിക്കലും കണ്ടു കെട്ടലും, പിഴ എന്നിവയ്ക്കൊപ്പം, സാമൂഹിക സേവനം ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷയായും ഏര്‍പ്പെടുത്തി.
കേരള ഹൈക്കോടതി സെന്‍ട്രല്‍ ഗവ. സീനിയര്‍ പാനല്‍ കൗണ്‍സലും ബിജെപി ലീഗല്‍ സെല്‍ സംസ്ഥാന കണ്‍വീനറുമാണ് ലേഖകന്‍
ഫോണ്‍: 9447408066
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: