Kerala

കാര്യവട്ടം ക്യാമ്പസിൽ കെഎസ്‍യു നേതാവിനെ എസ്എഫ്ഐക്കാർ ഇടിമുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു; പൊലീസിന് മുന്നിൽവച്ച് തന്നെയും ആക്രമിച്ചെന്ന് എംഎൽഎ

പൊലീസ് എത്തിയാണ് സാഞ്ചോസിനെ ആശുപത്രിയിൽ എത്തിച്ചത്

Published by

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിൽ കെഎസ്‍യു നേതാവിനെ എസ്എഫ്ഐക്കാർ ഇടിമുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു. കെഎസ്‍യു ജില്ലാ ജോയിൻറ് സെക്രട്ടറി സാഞ്ചോസിനാണ് മർദ്ദനമേറ്റത്. ഇയാളെ പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിന് പിന്നാലെ ശ്രീകാര്യം പൊലീസ് സ്റ്റേഷന് മുന്നിൽ എസ്എഫ്ഐ പ്രവർത്തകരും കെഎസ് യു പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.

സാഞ്ചോസിനെ ഒരു സംഘം ചേർന്ന് ഹോസ്റ്റലിലെ ഇടി മുറിയിൽ കൊണ്ട് പോയി മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. ഇത് കണ്ട ചില വിദ്യാർത്ഥികളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് എത്തിയാണ് സാഞ്ചോസിനെ ആശുപത്രിയിൽ എത്തിച്ചത്. എസ്എഫ്ഐ നേതാവായ അജന്ത് അജയുടെ നേതൃത്വത്തിലായിരുന്നു മർദനം എന്നാണ് ആരോപണം.

സംഭവത്തിൽ ഉൾപ്പെട്ട എസ്എഫ്ഐകാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകാര്യം പൊലീസ് സ്റ്റേഷനിലേക്ക് കെ എസ് യു മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെ പോലീസ് സ്റ്റേഷനിലേക്ക് എത്തിയ കോൺഗ്രസ് എംഎൽഎ എം വിൻസൻറിനെയും ചെമ്പഴന്തി അനിലിനെയും എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതോടെയാണ് ഇരു വിഭാഗവും തമ്മിൽ സംഘർഷമായത്.

കാറിൽ വന്നിറങ്ങിയ തന്നെയും എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്ന് എം വിൻസൻറ് എംഎൽഎ ആരോപിച്ചു. പൊലീൻറെ മുന്നിൽ വച്ച് ജനപ്രതിനിധിയായ തന്നെ എസ്എഫ്ഐ കയ്യറ്റം ചെയ്തിട്ടും അവർ നോക്കി നിന്നു. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by