തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് ഒരു വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കിയത് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പില്‍ പരാതി നിലനില്‍ക്കേ. ബാധ്യത മറച്ചുവച്ച് ഭൂമി വില്ക്കാന് ശ്രമിച്ചെന്നും പണം തട്ടിയെടുത്തെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ പരാതി ആഭ്യന്തര വകുപ്പു പൂഴ്ത്തി.
കഴിഞ്ഞ 24നാണ് പ്രവാസിയായ ഉമര്‍ ഷെരീഫ് മുഖ്യമന്ത്രിക്ക് ഓണ്‍ലൈനായി പരാതി നല്‍കിയത്. ഭൂമിയുടെ പേരിലുള്ള ലോണ്‍ വിവരം മറച്ചുവച്ച് വില്‍പ്പനക്കരാറുണ്ടാക്കിയത് ഗുരുതര കുറ്റമെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആദായ നികുതി വകുപ്പിന്റെ മാര്‍ഗ രേഖയനുസരിച്ച് ഡിജിപിയുടെ ചേംബറില്‍ അഞ്ചുലക്ഷം രൂപ വാങ്ങാനാകില്ല. ഓഫീസിലെത്തിയാണ് പണം കൈമാറിയതെന്ന് പരാതിക്കാരന് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിലും സൂചിപ്പിച്ചിരുന്നു. കോടതി ഉത്തരവ് ഉള്‍പ്പെടെയുള്ള പരാതിയാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറിക്ക് കൈമാറി. അതിനുശേഷം നടപടികളുണ്ടായില്ല. പകരം കഴിഞ്ഞ 26നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പോലീസ് മേധാവിക്ക് ഒരുവര്‍ഷം കൂടി നീട്ടി നല്‍കുകയായിരുന്നു.
അതേസമയം ഡിജിപിയുടെ സാമ്പത്തിക തട്ടിപ്പു കേസ് സര്‍ക്കാരിനു വലിയ നാണക്കേടായതോടെ 30 ലക്ഷം തിരിച്ചു നല്കി പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: