കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ നടത്തുന്ന അതിരുകടന്ന ന്യൂനപക്ഷ പ്രീണനത്തെ തുറന്നുകാണിച്ച എസ്എന്‍ഡിപി യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായങ്ങള്‍ വലിയ ചര്‍ച്ചയ്ക്കുള്ള വാതില്‍ തുറന്നിരിക്കുകയാണ്. പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക വിഭാഗങ്ങളെ അവഗണിച്ച് മുസ്ലീം വോട്ടിന് വേണ്ടി സിപിഎം നടത്തിയ പ്രീണനം തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഹിന്ദു- ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വോട്ട് നഷ്ടപ്പെടുത്താനിടയാക്കി എന്നാണ് അദ്ദേഹം പറഞ്ഞത്. തെരഞ്ഞെടുപ്പിന് ശേഷവും ജനവിധിയില്‍നിന്ന് പാഠമുള്‍ക്കൊള്ളാതെ രാജ്യസഭാ സീറ്റുകള്‍ നല്‍കിയതിലെ വിവേചനപരവും പ്രീണനാത്മകവുമായ നിലപാട് ഇരുമുന്നണികളും തുടരുകയാണെന്ന യാഥാര്‍ത്ഥ്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചു . കേരളത്തില്‍ നിന്നുള്ള 9 രാജ്യസഭാ പ്രതിനിധികളില്‍ 5 പേരും മുസ്ലീം സമുദായത്തില്‍ നിന്നായത് തികച്ചും യാദൃച്ഛികമായി സംഭവിച്ചതല്ല. അങ്ങനെ ന്യൂനപക്ഷ പ്രീണനവും ഭൂരിപക്ഷ പീഢനവും എണ്ണിയെണ്ണി പറഞ്ഞാണ് വെള്ളാപ്പള്ളി നടേശന് വിമര്‍ശനത്തിന്റെ കെട്ടഴിച്ചത്.
പ്രീണന രാഷ്ട്രീയം തുടര്‍ക്കഥ
അധികാരത്തിലേറാന്‍ കേരളത്തിലെ ഇടതു വലതു മുന്നണികള്‍ നടത്തിയിട്ടുള്ള പ്രീണന ചരിത്രത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജവഹര്‍ലാല്‍ നെഹ്റു ചത്ത കുതിരയെന്ന് പറഞ്ഞ് അയിത്തം കല്‍പ്പിച്ച് അകറ്റിനിര്‍ത്തിയ മത പാര്‍ട്ടിയായ മുസ്ലീം ലീഗിനെ ഭരണത്തില്‍ പങ്കാളിയാക്കുക മാത്രമല്ല, പിന്നീട് മുഖ്യമന്ത്രിക്കേസേരയില് വരെയെത്തിച്ചത് ഈ പ്രീണനമാണ്. ഇഎംഎസ് സര്‍ക്കാരിന്റെ കാലത്തെ മത പ്രീണനത്തിന്റെ സൃഷ്ടിയാണ് മലപ്പുറം ജില്ല. പല തവണ അധികാരത്തില്‍ പങ്കാളിത്തം ലഭിച്ച മുസ്ലീം ലീഗ് റവന്യൂ വരുമാനത്തിന്റെ ഏറിയ പങ്കും ചിലവഴിക്കുന്ന വിദ്യാഭ്യാസം, വ്യവസായം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകള്‍ നിരന്തരം കൈകാര്യം ചെയ്തുകൊണ്ട് സ്വന്തം സമുദായത്തെ വ്യവസായ, വാണിജ്യ, വിദ്യാഭ്യാസ മേഖലയില്‍ വന്‍ പുരോഗതിയിലെത്തിക്കാന്‍ അവസരമൊരുക്കി.
കേന്ദ്രത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത ആനുകൂല്യങ്ങള്‍ക്ക് ഒപ്പം നില്ക്കാന് എല്‍ഡിഎഫ് സര്‍ക്കാര്‍ പാലോളി കമ്മിറ്റിയെ നിശ്ചയിച്ച് അതു പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്കി പ്രീണന രാഷ്ട്രീയം ഒരു മത്സരത്തിന്റെ തലത്തിലെത്തിച്ചു. സിഎഎ, മുത്തലാഖ്, പലസ്തീന്, 370-ാം വകുപ്പ് റദ്ദാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ രണ്ട് മുന്നണികളും ഈ സംഘടിത മതവിഭാഗത്തെ പ്രീണിപ്പിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ ഹിന്ദു-ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ വലിയ അസ്വസ്ഥതയുളവാക്കി. അയോദ്ധ്യയിലെ രാംലല്ല പ്രതിഷ്ഠ, ഗണപതി മിത്ത് വിവാദം, സനാതന ധര്‍മത്തിനെതിരായ അധിക്ഷേപം എന്നിവ ഹിന്ദു അവഹേളനത്തിനായി ഉപയോഗിച്ചു. ചുരുക്കത്തില്‍ 2019 ലെ ശബരിമല പ്രക്ഷോഭ കാലത്ത് നടന്ന തെരഞ്ഞെടുപ്പില്‍ പോലും ലഭിക്കാത്ത വോട്ടും സീറ്റും ബിജെപിക്ക് 2024 ല്‍ ലഭിക്കാനിടയായതും ഈ പ്രീണന നയം കൊണ്ടാണെന്ന സത്യമാണ് വെള്ളാപ്പിള്ളി നടേശന് പറഞ്ഞത്.
മത സംവരണം സാമൂഹ്യ അനീതി
മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ജാതി വിവേചനത്താല്‍ അധസ്ഥിതരായി മാറിയ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ അവര്‍ക്ക് വിദ്യാഭ്യാസരംഗത്തും സര്‍ക്കാര്‍ നിയമനങ്ങളിലും സംവരണം നല്‍കണമെന്ന് ഭരണഘടനയുടെ അനുച്ഛേദം 15 (4), (5),16(4), 335 വകുപ്പുകള്‍ പ്രകാരം നിര്‍ദ്ദേശിച്ചു. ഭാഷാ, മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാലയങ്ങള്‍ സ്ഥാപിക്കാനും അതിന്റെ ഭരണനിര്‍വ്വഹണം നടത്താനുമുള്ള അവകാശവും അനുച്ഛേദം 29, 30 പ്രകാരം നല്കി. എന്നാല്‍ പില്ക്കാലത്ത് മണ്ഡല് കമ്മീഷന് ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് കൂടി സംവരണം നല്കാന് തീരുമാനമുണ്ടായി. ഹിന്ദു,ക്രിസ്ത്യന്‍, മുസ്ലീം വിഭാഗത്തില്‍ അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് മാത്രമാണ് 27 ശതമാനം ഒബിസി സംവരണം ശുപാര്‍ശ ചെയ്യപ്പെട്ടത്. 3943 ജാതികളെയാണ് വിവിധ മതവിഭാഗങ്ങളിലായി മണ്ഡല് കമ്മീഷന് അവശ ജനവിഭാഗമായി കണ്ടെത്തിയത്. മുസ്ലീം സമുദായത്തിലെ മാപ്പിള വിഭാഗത്തില്‍പ്പെട്ടവരെ മാത്രമാണ് മണ്ഡല് കമ്മീഷന് കേരളത്തില്‍ പിന്നാക്ക വിഭാഗമായി കണ്ടെത്തിയത്. എന്നാല്‍ ഈ ശുപാര്‍ശക്ക് വിരുദ്ധമായി കേരളത്തില്‍ മുസ്ലീം സമുദായത്തെ ഒന്നാകെ സംവരണത്തിന് അവകാശികളാക്കിക്കൊണ്ട് 12 ശതമാനം സംവരണം അവര്‍ക്കായി നീക്കിവച്ചു. കേന്ദ്രത്തിന്റെ സംവരണ നയമനുസരിച്ച് 22 ശതമാനം സംവരണം എസ്സി-എസ്ടി വിഭാഗങ്ങള്‍ക്കും 27 ശതമാനം സംവരണം ഒബിസി വിഭാഗങ്ങള്‍ക്കുമാണ്. എന്നാല്‍ കേരളത്തില്‍ ജനസംഖ്യാനുപാതികമാണെന്ന ന്യായം പറഞ്ഞ് എസ്സി-എസ്ടി സംവരണം 10ശതമാന(8+2)മായി കുറച്ചു. 1971 ലെ സെന്‍സസ് പ്രകാരമാണ് പട്ടികജാതിക്കാരുടെ സംവരണം 8 ശതമാനമാക്കി നിജപ്പെടുത്തിയത്. 1981 ലെ സെന്‍സസ് പ്രകാരം 10 ശതമാനം സംവരണത്തിന് പട്ടികജാതിക്കാര്‍ അര്‍ഹരാണ്. കേന്ദ്ര സംവരണം കേരളത്തില്‍ 10ശതമാനം നല്കുമ്പോള് കേരള സര്‍ക്കാര്‍ അത് 8 ശതമാനത്തില്‍ തുടരുകയാണ്. ഹിന്ദുക്കളിലെ പിന്നാക്കക്കാരെ ഉദ്ദേശിച്ച് നടപ്പാക്കിയ 50ശതമാനം സംവരണത്തിലെ 18ശതമാനം സംവരണവും ജാതീയ ഉച്ചനീചത്തങ്ങള്‍ തീരെ അനുഭവിക്കാത്ത ന്യൂനപക്ഷ മതക്കാര്‍ക്കാണ് ലഭ്യമാവുന്നത്.
സംവരണം അട്ടിമറിക്കാന്‍ ശ്രമം
പിന്നാക്ക വിഭാഗ കമ്മീഷന് ആ വിഭാഗങ്ങളെ പുനര്‍നിര്‍ണയിക്കണമെന്നും ജനസംഖ്യാനുപാതികമായി മുസ്ലീങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട 12ശതമാനം സംവരണം നിലവിലെ സാഹചര്യത്തില്‍ പുനക്രമീകരിക്കണമെന്ന ആവശ്യവുമായി മൈനോറ്റി ഇന്‍ഡ്യന്‍സ് പ്ലാനിങ്ങ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന് ട്രസ്റ്റ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മതസംവരണം 12 ശതമാനം പോരാ എന്നാണ് അവര്‍ പറയുന്നത്.’പിന്നാക്ക വിഭാഗങ്ങളില്‍ മുസ്ലീം ജനസംഖ്യ ഈഴവരേക്കാള്‍ കൂടുതലാണെന്നും അതനുസരിച്ച് മുസ്ലീങ്ങള്‍ക്ക് സംവരണാനുകൂല്യത്തിന്റെ തോത് വര്‍ധിപ്പിക്കണമെന്നുമാണ് ഈ മുസ്ലീം സംഘടനയുടെ ആവശ്യം. 12 ശതമാനം സംവരണമുണ്ടായിട്ടും സര്‍ക്കാര്‍ സര്‍വ്വീസില്‍ അവര്‍ക്ക് 11.6 ശതമാനം പ്രാതിനിധ്യമേ ലഭിച്ചിട്ടുള്ളൂ എന്നാണ് പരാതി. അയിത്ത ജാതിക്കാരില്‍ നിന്ന് മതം മാറുകയും അവരുടെ മുന്‍കാല കുലത്തൊഴില്‍ തന്നെ തുടരുകയും ചെയ്യുന്നവരെ മാത്രമാണ് മണ്ഡല് പിന്നാക്ക സംവരണത്തിന്റെ അവകാശത്തില്‍ പെടുത്തിയത്. 1992ലെ ഇന്ദിരാ സാഹ്നി കേസിലെ 9 അംഗ ബഞ്ചിലെ ഭൂരിപക്ഷ വിധിയിലും ഇതാവര്‍ത്തിച്ചു. മതത്തിന്റെ പേരിലുള്ള പിന്നാക്കാവസ്ഥ ഒരുതരത്തിലും സംവരണത്തില്‍ പരിഗണിക്കരുതെന്ന വ്യവസ്ഥ കേരളത്തില്‍ അട്ടിമറിക്കപ്പെട്ടു. മതാടിസ്ഥാനത്തിലുള്ള സംവരണം വീണ്ടുമൊരു വിഭജനത്തിലേക്ക് വഴിതെളിക്കുമെന്നായിരുന്നു ഭരണഘടനാ നിര്‍മ്മാണ സഭയിലെ ചര്‍ച്ചയില്‍ പങ്കെടുത്ത നെഹ്റു,സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയ ഭൂരിപക്ഷം പേരും പറഞ്ഞത്. ഭരണഘടന നിര്‍മാണ സഭയിലെ മൊത്തം 33 മുസ്ലീം അംഗങ്ങളില്‍ 10 പേര് പാകിസ്ഥാനിലേക്ക് കുടിയേറി, ബാക്കി 23 പേരില്‍ 13 പേരും മതസംവരണത്തെ എതിര്‍ത്തു. ഭരണഘടന ന്യൂനപക്ഷ സംരക്ഷണമാണ് ഉറപ്പുനല്‍കുന്നത്.
മുസ്ലീം പിന്നാക്കാവസ്ഥ എന്ന അസത്യം
കേരളത്തിലെ ജാതിമത വിഭാഗങ്ങളുടെ സാമൂഹ്യ സാമ്പത്തിക അവസ്ഥയെ കുറിച്ച് സിഡിഎസ് നടത്തിയ പഠനം ഈ വിഷയത്തില്‍ കൂടുതല്‍ വെളിച്ചം വീശുന്നു. സിഡിഎസിനുവേണ്ടി 2016ല്‍ കെ.സി. സക്കറിയ Religious denominations of Kerala എന്ന പേരില്‍ തികച്ചും ആധികാരികമായി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് നമ്മുടെ കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമാണ്. Ch-anging Kerala എന്ന പേരില്‍ പുസ്തകം ലഭ്യമാണ്.
പിന്നാക്ക വിഭാഗങ്ങളെകേന്ദ്രം നിശ്ചയിക്കണം
പിന്നാക്ക വിഭാഗങ്ങളെ കണ്ടെത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുക വഴി രാഷ്ട്രീയ നേട്ടത്തിനായ് അത് ദുരുപയോഗം ചെയ്യപ്പെടുകയാണ്. സംഘടിത വോട്ട് ലക്ഷ്യമാക്കി സംസ്ഥാനങ്ങള്‍ അനര്‍ഹരായ സമുദായങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന പ്രവണത വര്‍ദ്ധിച്ച് വരുന്നു. ബംഗാളില്‍ അനര്‍ഹരായ 41 മുസ്ലീം വിഭാഗങ്ങളെ ഒബിസിയില്‍ പെടുത്തിയ നടപടി കല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കിയിരുന്നു. പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളെ നിശ്ചയിക്കുന്ന പോലെ പിന്നാക്ക വിഭാഗങ്ങളേയും നിശ്ചയിക്കുന്ന അധികാരം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാകണം.
(ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷനാണ് ലേഖകന്‍)
94977 22797
പ്രതികരിക്കാൻ ഇവിടെ എഴുതുക: