തിരുവനന്തപുരം: വന്യജീവി സംഘര്‍ഷ മരണങ്ങളുടെ കണക്കുകള്‍ പെരുപ്പിച്ചുകാട്ടി വനംവകുപ്പിനെ ജനങ്ങളുടെ ശത്രുക്കളാക്കാന്‍ ചില കേന്ദ്രങ്ങള്‍ ഗൂഢശ്രമം നടത്തുന്നതായി മന്ത്രി എ.കെ.ശശീന്ദ്രന് പറഞ്ഞു.
ജൂലൈ ഒന്നു മുതല്‍ ഏഴ് വരെ സംസ്ഥാന വനംവകുപ്പ് സംഘടിപ്പിക്കുന്ന വനമഹോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വനം ആസ്ഥാനത്തെ വനശ്രീ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
2016 മുതല്‍ 2024 വരെയുള്ള വന്യജീവി സംഘര്‍ഷം മരണങ്ങളുടെ കണക്ക് പെരുപ്പിച്ച് കാണിച്ചാണ് പലപ്പോഴും ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നത്. ഇക്കാലയളവിലെ ആകെ മരണങ്ങളായി പറയുന്ന 848 പേരില്‍ 573 പേരും നാട്ടിലെ പാമ്പുകടിയേറ്റാണ് മരണപ്പെട്ടതെന്ന സത്യം മറച്ചുവയ്ക്കുന്നു. മനുഷ്യജീവന് സംരക്ഷിക്കുന്നതോടൊപ്പം വനംവന്യജീവികളുടെ സംരക്ഷണം ഉറപ്പുവരുത്തലും വനംവകുപ്പിന്റെ ചുമതലയാണ്. സ്വന്തം ജീവന് പണയപ്പെടുത്തിയാണ് വനപാലകര്‍ ഈ ജോലി നിര്‍വഹിക്കുന്നത്. പക്ഷേ അവരുടെ വിലപ്പെട്ട സേവനം പലപ്പോഴും പരിഗണിക്കപ്പെടുന്നില്ല, ഇതിന് മാറ്റം വരണമെന്നും മന്ത്രി പറഞ്ഞു. അഡീ. ചീഫ് സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: