കൊച്ചി: മാധ്യമപ്രവർത്തകരെ പുറത്താക്കിനടന്ന ‘അമ്മ’ ജനറൽബോഡിയോഗത്തിന്റെ ദൃശ്യങ്ങൾ യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്യപ്പെട്ടത് സംഘടനയ്‌ക്കുള്ളിൽ വിവാദമാകുന്നു. രഹസ്യസ്വഭാവമുള്ള പൊതുചർച്ചയും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമുൾപ്പെടെയാണ് ലോകംമുഴുവനുമെത്തിയത്. എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനെച്ചൊല്ലിയുള്ള ബഹളവും പ്രതിഷേധവും തത്സമയം പ്രേക്ഷകർ കണ്ടത് സംഘടനയ്‌ക്ക് നാണക്കേടുണ്ടാക്കിയെന്നാണ് പുതിയനേതൃത്വത്തിന്റെ വിലയിരുത്തൽ.
ഞായറാഴ്ച ജനറൽബോഡിയോഗത്തിനെത്തിയ പത്രഫോട്ടോഗ്രാഫർമാരെയും ദൃശ്യമാധ്യമങ്ങളെയും അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.യോഗം തുടങ്ങുമ്പോൾ 10 മിനിറ്റ് ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പാഴ്‌വാക്കായി.ഒടുവിൽ അവാർഡ് ജേതാക്കളെ ആദരിക്കുന്ന ചടങ്ങുമാത്രം പകർത്താൻ അനുമതിനൽകി. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നൽകിയ സ്വീകരണത്തിലേക്കും മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ല.
കഴിഞ്ഞവർഷംമുതൽ ‘അമ്മ’ ജനറൽബോഡിയോഗം പകർത്താനുള്ള അവകാശം ഒരു യൂട്യൂബ് ചാനലിനാണ് നൽകുന്നത്.ഇത്തവണയും 20 ലക്ഷത്തോളം രൂപനൽകി ഇവർതന്നെയാണ് സംപ്രേഷണാവകാശം നേടിയത്.
ഇൻകം ടാക്‌സ് നൂലാമാലകൾ ഒഴിവാക്കാൻ ചാരിറ്റബിൾ ട്രസ്റ്റ് സംഘടന രജിസ്റ്റർചെയ്തതിന്റെ വിവരങ്ങളും സ്ഥലംവാങ്ങലിനെച്ചൊല്ലിയുണ്ടായ തർക്കങ്ങളുംമുതൽ വരുംവർഷം ജനറൽബോഡിയോഗത്തിൽ അപ്പംകടിപോലുള്ള മത്സരങ്ങൾ സംഘടിപ്പിച്ച് ചാനലുകളിലൂടെ സംപ്രേഷണം ചെയ്യണമെന്ന അഭിപ്രായംവരെ ലൈവ് സ്ട്രീമിങ്ങിൽ ‘ഹിറ്റായി’. വൈകീട്ട് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെയുണ്ടായ വാക്കേറ്റവും പ്രതിഷേധവുംകൂടിയായതോടെ ചാനലിന്റെ കമന്റ് ബോക്സ് പരിഹാസവും താരങ്ങൾക്കെതിരായ അധിക്ഷേപവുംകൊണ്ട് നിറഞ്ഞു.
മാധ്യമപ്രവർത്തകർക്കുണ്ടായ ദുരനുഭവത്തിൽ പ്രതിഷേധിച്ച് പത്രപ്രവർത്തക യൂണിയൻ എറണാകുളം ജില്ലാക്കമ്മറ്റി കത്തുനൽകുകകൂടി ചെയ്തതോടെ ‘അമ്മ’നേതൃത്വം വിഷയം ഗൗരവമായെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ജനറൽ സെക്രട്ടറി സിദ്ദിഖ് അംഗങ്ങളെ അറിയിച്ചു. മാധ്യമപ്രവർത്തകർക്കുണ്ടായ ബുദ്ധിമുട്ടിൽ അദ്ദേഹം ഖേദവും പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: