ബാര്‍ബഡോസ്: മോശം കാലാവസ്ഥയെ തുടര്‍ന്ന് ബാര്‍ബഡോസില്‍ കുടുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉടനെ നാട്ടിലേക്ക് തിരിക്കും. ബെറില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ബാര്‍ബഡോസ് വിമാനത്താവളം അടച്ചതോടെയാണ് ടീമിന്റെ മടക്കയാത്ര വൈകിയത്. ഇപ്പോള്‍ ടീമിന് വേണ്ടി ബിസിസിഐ പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.
പ്രത്യേക വിമാനത്തില്‍ ടീം ചൊവ്വാഴ്ചയോടെ ഇന്ത്യയിലേക്ക് യാത്ര തിരിക്കും. ബുധനാഴ്ച വൈകിട്ട് 7.45 ഓടെ ഇന്ത്യന്‍ സംഘം ന്യൂദല്‍ഹിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. താരങ്ങളും കുടുംബാംഗങ്ങളും പരിശീലക സംഘവും ഉള്‍പ്പെടെ എഴുപതോളം പേരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. ബിസിസിഐ സെക്രട്ടറി ജയ് ഷായും ഇന്ത്യന്‍ സംഘത്തിലുണ്ട്.
ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ടീം ഇന്ത്യ ബാര്‍ബഡോസില്‍ നിന്ന് തിങ്കളാഴ്ച രാവിലെ 11ഓടെ ന്യൂയോര്‍ക്കിലേക്ക് വിമാനം കയറി അവിടെനിന്ന് ദുബൈ വഴി നാട്ടിലേക്ക് തിരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം വിമാനത്താവളം അടച്ചതോടെ യാത്ര റദ്ദാക്കേണ്ടി വന്നു. നിലവില്‍ ടീം ഇന്ത്യ ബര്‍ബഡോസിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ തങ്ങുകയാണ്. കാറ്റഗറി നാലില്‍പ്പെടുന്ന ബെറില്‍ ചുഴലിക്കാറ്റിനൊപ്പമെത്തിയ അതിശക്തമായ മഴയും ലോക്ക്‌ഡൗണ്‍ പ്രതീതിയായിരുന്നു കരീബിയന്‍ ദ്വീപിലുണ്ടാക്കിയത്.
ഇതിന് പുറമെ ബാര്‍ബഡോസിലെ വൈദ്യുതിയും കുടിവെള്ള വിതരണവും മുടങ്ങി. തിങ്കളാഴ്‌ച നാട്ടിലേക്ക് മടങ്ങാം എന്ന് ഇന്ത്യന്‍ സംഘം പ്രതീക്ഷിച്ചുവെങ്കിലും മഴ തുടര്‍ന്നതോടെ വിമാനത്താവളം അടച്ചിരുന്നത് തിരിച്ചടിയായി. മഴ കുറയുന്നതിന് അനുസരിച്ച് ടീം ബാര്‍ബഡോസിലെ വിമാനത്താവളം വീണ്ടും തുറക്കുന്നതിനായി കാത്തിരിക്കുകയാണ്. ടീമിനൊപ്പമുള്ള എല്ലാവരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: