ന്യൂദല്‍ഹി: ലോക്സഭയില്‍ നടത്തിയ പരാമര്‍ശത്തിലൂടെ രാഹുല്‍ ഗാന്ധി ഹിന്ദു സമൂഹത്തെയാകെ അപമാനിച്ചെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്.
ഇത് ആശങ്കാജനകമാണ്, ഇത് കോണ്‍ഗ്രസിന്റെ പഴയ ശീലമാണ്. 2010ല്‍ പി.ചിദംബരം ഹിന്ദുക്കളെ ഭീകരര്‍ എന്ന് വിളിച്ചു. 2013ല്‍ സുശീല്‍ ഷിന്‍ഡെയും ഇതുതന്നെ പറഞ്ഞു. ഹിന്ദുത്വവാദികളെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് 2021ല്‍ രാഹുല്‍ പറഞ്ഞിരുന്നുവെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു, ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദി എംപി എന്നിവര്‍ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭയില്‍ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അശ്വിനി വൈഷ്ണവ് നടത്തിയത്.
നിരുത്തരവാദപരമായ പ്രസ്താവനകളിലൂടെ പ്രതിപക്ഷനേതാവെന്ന പദവിയുടെ അന്തസ് രാഹുല്‍ ഇല്ലാതാക്കിയെന്ന് അശ്വിനി വൈഷ്ണവ് തുറന്നടിച്ചു. പ്രതിപക്ഷ നേതാവെന്ന പദവി വളരെ ഉത്തരവാദിത്തമുള്ളതാണ്. അടല്‍ ബിഹാരി വാജ്പേയ്, എല്‍.കെ. അദ്വാനി, സുഷമാ സ്വരാജ് തുടങ്ങിയ നേതാക്കള്‍ ഈ പദവി വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാഹുല്‍ സ്പീക്കറുടെ ഭരണഘടനാ പദവിയെ അവഹേളിച്ചു. ഇത് ആദ്യമായല്ല. സ്വന്തം സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് രാഹുല്‍ വലിച്ചുകീറിയിട്ടുണ്ട്. യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ഭരണഘടനാ പദവി അട്ടിമറിക്കപ്പെട്ടു. സോണിയയുടെ നേതൃത്വത്തിലുള്ള ഉപദേശക സമിതി രൂപീകരിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക