മനുഷ്യജന്മം ലഭിച്ച ജീവാത്മാക്കളെല്ലാം ഉള്‍ക്കൊള്ളേണ്ട പരമ രഹസ്യമാണ് ഭാഗവതതത്ത്വം. ശ്രീമദ് ഭാഗവതം ഗൃഹത്തില്‍ സൂക്ഷിക്കുകയും നിത്യവും പാരായണം ചെയ്യുകയും എന്നത് ‘കലിയില്‍ അവശ്യം വേണ്ടതാണ്. ഭാഗവതം ആരുടെ ഗൃഹത്തിലില്ലയോ അവന് യമപാശത്തില്‍ നിന്ന് മുക്തിയില്ല എന്നാണ്.
ശ്രവണം, കീര്‍ത്തനം, വിഷ്‌ണോ:സ്മരണം ,പാദസേവനം, അര്‍ച്ചനം, വന്ദനം ,ദാസ്യം, സഖ്യം, ആത്മനിവേദനം എന്നീ ഒന്‍പത് ലക്ഷണങ്ങളും ഒത്തുചേര്‍ന്ന ഗ്രന്ഥമാണ് ഭാഗവതം. ഭഗവാനിലുള്ള പരമ പ്രേമമാണ് പ്രധാന ധര്‍മ്മം. പ്രപഞ്ചസൃഷ്ടിയില്‍ ബ്രഹ്മാവിന് വിരസത അനുഭവപ്പെട്ടപ്പോള്‍ നാരായണന്‍ നാല് ശ്ലോകത്തില്‍ ഭാഗവതം ചൊല്ലിക്കൊടുത്തു. ഇതാണ് ചതുശ്ലോകീ ഭാഗവതമായി അറിയപ്പെടുന്നത്. ഭാഗവതത്തിന്റെ പൊരുളായി ഇതറിയപ്പെടുന്നു. ഈ നാല് ശ്ലോകം ചൊല്ലിയാല്‍ ഭാഗവതം പാരായണം ചെയ്യുന്ന ഫലം കിട്ടുമെന്നാണ്.
ബ്രഹ്മാവ് ഒരവസരത്തില്‍ ഭാഗവതം നാരദമുനിക്ക് ഉപദേശിച്ചു. നാരദമുനി വേദവ്യാസന് ഉപദേശിച്ചു. സര്‍വ്വ പുരാണങ്ങളും രചിച്ചിട്ടും ഇനിയും പറയാനുള്ളത് പൂര്‍ത്തിയായില്ല എന്ന തോന്നലില്‍ മനസ്താപത്തോടെ ഇരിക്കുന്ന അവസരത്തിലാണ് ദേവവ്യാസ സമീപത്തേയ്‌ക്ക് നാരദമുനി എത്തുന്നതും ഭാഗവതം ഉപദേശിക്കുന്നതും. എന്നിട്ട് അച്യുത ചരിതങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന ഭാഗവതം രചിക്കുവാന്‍ നാരദന്‍ വ്യാസനോട് ആവശ്യപ്പെട്ടു. 12 സ്‌കന്ധങ്ങളില്‍, 335 അദ്ധ്യായങ്ങളിലായി 18000 ശ്ലോകങ്ങളില്‍ വ്യാസഭഗവാന്‍ ഭാഗവതം പൂര്‍ത്തിയാക്കി. പിന്നീട് പുത്രനായ ശുകനെ പഠിപ്പിച്ചു. ശുകബ്രഹ്മര്‍ഷി ഗംഗാതീരത്ത് പ്രായോപവേശം ചെയ്ത് കഴിയുന്ന പരീക്ഷിത്തിന് ഏഴ് ദിവസം കൊണ്ട് ഭാഗവതോപദേശം നല്‍കി. ഭാഗവത ശ്രവണത്താല്‍ പരീക്ഷിത്തിന് ബ്രഹ്മസായുജ്യം ലഭിച്ചു. ഭാഗവതമാഹാത്മ്യം വിശദീകരിക്കുന്ന ഘട്ടത്തിലാണ് ഭക്തിയേയും ജ്ഞാനവൈരാഗ്യത്തേയും കുറിച്ച് പറയുന്നത്. സനകാദിമുനിമാരാണ് നാരദമഹര്‍ഷിയോട് ശക്തി ക്ഷയിച്ച് അവശരായി കിടക്കുന്ന ഭക്തിയ്‌ക്കും ജ്ഞാന വൈരാഗ്യങ്ങള്‍ക്കും പൂര്‍വ്വശക്തി കൈവരാന്‍ ഭാഗവതം നല്‍കണമെന്ന് ആവശ്യപ്പെടുന്നത്. ഭാഗവതമാഹാത്മ്യം വര്‍ണ്ണിക്കാന്‍ ഗോകര്‍ണ്ണോപാഖ്യാനത്തേയും നമുക്ക് പറഞ്ഞു തരുന്നു.
തുംഗഭഭ്രാനദിക്കരയിലെ ഒരു ഗ്രാമത്തിലായിരുന്നു ബ്രാഹ്മണനായ ആത്മദേവന്‍ജീവിച്ചിരുന്നത്. ഭിക്ഷാടനം നടത്തി ജീവിച്ച അദ്ദേഹം ഒടുവില്‍ ധനികനായി. ഭാര്യ ധുന്ധുലി കൗശലക്കാരിയും വഴക്കാളിയും ലുബ്ധയുമായിരുന്നു. അനപത്യദുഃഖത്താല്‍ വീടുവിട്ടിറങ്ങിയ ആത്മദേവന്‍ ഒരു കുളക്കരയിലിരുന്ന് ചിന്തിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു സന്ന്യാസി അവിടെ എത്തിച്ചേര്‍ന്നു. അദ്ദേഹത്തെ നമസ്‌കരിച്ചു സങ്കടം ഉണര്‍ത്തിച്ചു. സന്താനമില്ലാത്തതിനാല്‍ കുളത്തില്‍ മുങ്ങിച്ചാവാന്‍ തുടങ്ങിയതാണെന്നും. വീട്ടിലെ സസ്യലതാദികളും പശു മുതലായ മൃഗങ്ങളും വന്ധ്യമാണെന്നും അറിയിച്ചു. സന്ന്യാസി അല്പനേരം ചിന്തിച്ചിട്ട് ആത്മദേവനോട് പറഞ്ഞു. കര്‍മ്മ ഗതിക്കനുസരിച്ചാണ് എല്ലാം നടക്കുന്നത്. സന്താനേച്ഛ ഉപേക്ഷിക്കുക. വാസനകള്‍ ത്യജിക്കുക. ഏഴ് ജന്മങ്ങളിലും സന്താനമുണ്ടാകുകയില്ല. അതിനാല്‍ കുടുംബരാഗം ഉപേക്ഷിക്കുക. അഹങ്കാരവും മൃഗീയ വാസനകളും ഉണ്ടായാല്‍ ആത്മജ്ഞാനം ലഭിക്കുകയില്ല. സന്ന്യാസിയുടെ ഉപദേശം ഉള്‍ക്കൊള്ളുവാന്‍ ആത്മദേവന് കഴിഞ്ഞില്ല. അദ്ദേഹം ശരീരം ഉപേക്ഷിക്കുമെന്ന് ശഠിച്ചു.
അപ്പോള്‍ സന്ന്യാസി ഒരു ദിവ്യമായ പഴം അദ്ദേഹത്തിന് നല്‍കി. ഇത് ഭാര്യയ്‌ക്ക് നല്‍കിയാല്‍ പുത്രനുണ്ടാകുമെന്നും ഒരു വര്‍ഷം വ്രതം നോറ്റ് ഭജിക്കണമെന്നും പറഞ്ഞു. അസത്യം പറയരുത് ദിവസത്തില്‍ ഒരു നേരം മാത്രമേ അന്നാഹാരം കഴിക്കാവൂ. സദാചാരത്തോടെ ജീവിച്ചാല്‍ സല്‍സന്താനം ലഭിക്കും എന്ന് അനുഗ്രഹിച്ചു. ബ്രാഹ്മണന്‍ പഴവുമായി വീട്ടിലെത്തി ഭാര്യ ധുന്ധിലിക്ക് നല്‍കി. വ്രതം അനുഷ്ഠിക്കേണ്ട രീതികളും വിവരിച്ചുകൊടുത്തു. എന്നാല്‍ ധുന്ധിലി അതു കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. അവള്‍ പലതും ചിന്തിച്ചു. പഴം കഴിച്ചാല്‍ ഗര്‍ഭിണിയാകും അവശതപ ിടികൂടും. വയറ് വലുതാകും. ഭര്‍ത്താവിന്റെ യമനിയമാദി വ്രതത്തെ അവള്‍ നിരാകരിച്ചു. സത്യധര്‍മ്മാദികള്‍ പാലിക്കാനും കൂട്ടാക്കിയില്ല. അവള്‍ മാതൃത്വത്തെ ഇഷ്ടപ്പെട്ടില്ല. വന്ധ്യത്വമാണ് നല്ലതെന്ന് വിശ്വസിച്ചു.
ധുന്ധുലിയെപ്പോലെ ചിന്തിക്കുന്നവര്‍ ഇന്ന് ധാരാളമുണ്ട്. പ്രസവിക്കുക എന്ന ധര്‍മ്മം സ്ത്രീയ്‌ക്കുള്ളതാണെന്ന കാര്യം അവള്‍ മറക്കുന്നു. കുട്ടികള്‍ ജനിക്കുമ്പോള്‍ അവരെ ശിശുസംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു. സമയം കിട്ടിയാല്‍ പോയികാണും. വളരുമ്പോള്‍ ഹോസ്റ്റലില്‍ ആക്കുന്നു. ഹോസ്റ്റലിന്റെ ദുര്‍ഗുണങ്ങളില്‍ പെട്ടുപോകുന്ന കുട്ടിക്ക് കുടുംബസ്‌നേഹം അറിയാന്‍ കഴിയില്ല. അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, മുത്തച്ഛന്‍, മുത്തശ്ശി തുടങ്ങിയവരുടെ സ്‌നേഹം അറിയാതെ യാന്ത്രിക മനുഷ്യനായി കൂട്ടുകാരുടെ വാസനകള്‍ സ്വീകരിച്ച് അവര്‍ ജീവിതം നയിക്കുന്നു. അങ്ങനെ നമ്മുടെ പാരമ്പര്യവും ധര്‍മ്മബോധവും അവരില്‍ നിന്നു വിട്ടകലന്നു.
മാതാപിതാക്കള്‍ വ്രതം നോക്കണം എന്ന് പറയുന്നതിന് കാര്യമുണ്ട്. അദിതിദേവി പയോവ്രതം എടുത്ത് ഭജിച്ചതുകൊണ്ടാണ് മഹാബലിയെ തോല്‍പ്പിക്കാന്‍ കഴിയുന്ന മകന്‍ (വാമനന്‍) ജനിച്ചത്. മീനമാസത്തിലെ ശുക്ലപക്ഷത്തില്‍ പാല്‍മാത്രം മൂന്നുനേരം കുടിച്ച് ഭഗവാനെ പൂജിച്ച് നിലത്തുറങ്ങാനാണ്.
വിഷ്ണുഭഗവാന്‍ അദിതിയോട് പറഞ്ഞത്. വാവു നാളില്‍ നദിയില്‍ ചെന്ന് പന്നികുത്തിമറിച്ച മണ്ണുകൊണ്ട് തേച്ചു കുളി നടത്തി. പന്ത്രണ്ടു നാള്‍ കഴിയുമ്പോള്‍ ഭഗവാന്റെ നാമം (ഓം നമോ ഭഗവതേ വാസുദേവായ) മന്ത്രമായി സ്വീകരിച്ച് കഴിയണം. മൂന്ന് നേരം സ്‌നാനം, ക്ഷീരഭോജനം, നിലത്ത് കിടക്കല്‍ ഇങ്ങനെ പയോവ്രതം നോറ്റപ്പോഴാണ് വിഷ്ണു ഭഗവാന്‍ തന്നെ കശ്യപമഹര്‍ഷിയുടെ ആഹാരത്തിലൂടെ അദിതിയില്‍ കടന്ന് മകനായി പിറന്നത്.
ശാസ്ത്രമനുസരിച്ച് പുരുഷബീജം 100 മില്യനും 200 മില്യനും ഇടയ്‌ക്ക് ഉണ്ടാകുമെന്ന് പറയുന്നു. ഇതില്‍ ഒന്നോ രണ്ടോ ബീജമേ അമ്മയില്‍ കുട്ടിയായി ജനിക്കുന്നുള്ളൂ. അതും ഒരു ശക്തി വിശേഷമാണ്. സന്താന പരമ്പര 800 വര്‍ഷം (എട്ടു തലമുറ) നീണ്ടു നില്‍ക്കും. ചിലപ്പോള്‍ അത് 12,000 വര്‍ഷം വരേയും നീളാം. വ്രതമെടുത്ത് പ്രാര്‍ത്ഥിക്കുമ്പോള്‍ ഉത്തമ സന്താനം തന്നെയാണ് പിറക്കുക. ഏതു ഗൃഹത്തിലും ഉത്തമ സന്താനം പിറക്കും. വ്രതമില്ലെങ്കിലും കുട്ടികള്‍ ജനിക്കും പക്ഷെ അവര്‍ ഉത്തമരാകണമെന്നില്ല. മാതാപിതാക്കളുടെ രൂപം ലഭിച്ചേക്കാമെങ്കിലും സാത്വിക ഗുണം ലഭിക്കണമെങ്കില്‍ ഈശ്വരസഹായം ആവശ്യമാണ്. ധുന്ധുലി ആ ഫലം ഭക്ഷിക്കാതെ ഭക്ഷിച്ചെന്ന് ആത്മദേവനോട് കള്ളം പറഞ്ഞു. ധുന്ധുലിയുടെ സഹോദരി ആസമയത്ത് വീട്ടില്‍ വന്നു. അവര്‍ തമ്മില്‍ കരാര്‍ ഉണ്ടാക്കി. ഗര്‍ഭിണിയായ അവളുടെ കുട്ടിയെ ധുന്ധുലിയെ ഏല്‍പ്പിക്കാം. അവള്‍ ദിവസവും വന്ന് പാല് കൊടുത്തുകൊള്ളാം. പഴം വീട്ടിലെ പശുവിന് നല്‍കാന്‍ തീരുമാനിച്ചു.
സഹോദരി പ്രസവിച്ച കുഞ്ഞിനെ ധുന്ധുലിക്ക് കൊടുത്തു. ആത്മദേവന്‍ പുത്രനുണ്ടായതില്‍ സന്തോഷിച്ചു. പഴം കഴിച്ച പശു ഒരു മനുഷ്യക്കുഞ്ഞിനെ പ്രസവിച്ചു. അതിന്റെ ചെവി മാത്രം പശുവിന്റേത് പോലെ ഇരുന്നതിനാല്‍ എല്ലാവരും ഗോകര്‍ണ്ണന്‍ എന്നു വിളിച്ചു. ധുന്ധുലിയുടെ പുത്രന്‍ ധുന്ധുകാരി വലിയ ദുരാഗ്രഹിയും. കോപിഷ്ടനുമായിരുന്നു. അവനെ കൊണ്ട് നാട്ടുകാര്‍ക്ക് വലിയ ഉപദ്രവമായി. അവനെ പേടിച്ച് ആത്മദേവന്‍ നാടുവിട്ടു. ധുന്ധുലിയുടെ വാക്കിനെ ധുന്ധുകാരി അനുസരിച്ചില്ല. അവന്‍ ചീത്തസ്ത്രീകളുട വലയില്‍പ്പെട്ട് ധനം മുഴുവന്‍ നഷ്ടപ്പെടുത്തി. ഗോകര്‍ണ്ണന്‍ ഉത്തമനായിരുന്നു. ധുന്ധുകാരിയുടെ ഉപദ്രവം സഹിക്കാനാവാതെ വിഷമിച്ച് നിന്ന ആത്മദേവന് ഉപദേശം നല്‍കിയത് ഗോകര്‍ണ്ണനാണ്. സജ്ജനങ്ങളെ സേവിക്കുക, ഭോഗേച്ഛ ഉപേക്ഷിക്കുക. ധര്‍മ്മത്തെ ആശ്രയിച്ച് ജീവിക്കുക, ഭഗവാനെ ഭജിച്ച് തൃപ്തിയടയുക. ഈ ഉപദേശം സ്വീകരിച്ച് ആത്മദേവന്‍ വീടു വിട്ടിറങ്ങി. ഗോകര്‍ണ്ണനും തീര്‍ത്ഥാടനത്തിന് പോയി.
ധുന്ധുകാരി മാതാവിനെ നിരന്തരം ഉപദ്രവിച്ചു. ഉപദ്രവം സഹിക്കാനാവാതെ അവള്‍ കിണറ്റില്‍ ചാടി മരിച്ചു. ചീത്തസ്ത്രീകള്‍ ധനം അപഹരിച്ച് ധുന്ധുകാരിയെ വധിച്ചു. ധുന്ധുകാരി പ്രേതമായി അലഞ്ഞു. ഗോകര്‍ണ്ണന്‍ പോകുന്ന തീര്‍ത്ഥാടനസ്ഥാനങ്ങളില്‍ ധുന്ധുകാരി പ്രേതമായി അലയുന്ന കാര്യം മനസ്സിലാക്കി. ശ്രാദ്ധം നടത്തിയിട്ടും പ്രേതബാധ അകന്നിരുന്നില്ല. വീട്ടില്‍ തിരിച്ചെത്തിയ ഗോകര്‍ണ്ണനോട് പ്രേതം തന്നെ അറിയിച്ചു. പല ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്തതിനാല്‍ എന്നെ ബന്ധത്തില്‍നിന്ന് മോചിപ്പിക്കുക. ഗോകര്‍ണ്ണന്‍ തപഃശക്തിയുടെ ഗുണത്താല്‍ സൂര്യഭഗവാനോട് ഉപായം ചോദിച്ചു.
ശ്രീമദ് ഭാഗവതശ്രവണം കൊണ്ടുമാത്രമേ ധുന്ധുകാരിക്ക് മുക്തിയുണ്ടാകുകയുള്ളൂ എന്ന് സൂര്യഭഗവാന്‍ അറിയിച്ചു. ഗോകര്‍ണ്ണന്‍ ഭക്തനായതുകൊണ്ട് സപ്താഹം നടത്താന്‍ തീരുമാനിച്ചു. ആദ്യദിവസം അവിടെ നാട്ടിയിരുന്ന മുളയുടെ ഒരു മുട്ട് തന്നെത്താന്‍ മുറിഞ്ഞു. ഏഴ് ദിവസം പൂര്‍ത്തിയായപ്പോള്‍ ഏഴുമുട്ടും മുറിഞ്ഞു. ധുന്ധുകാരിയുടെ പ്രേതം മുളയില്‍ ഇരുന്ന് സപ്താഹം കേള്‍ക്കുകയായിരുന്നു. ഏഴുമുട്ടും മുറിഞ്ഞപ്പോള്‍ ധുന്ധുകാരി സഹോദരനായ ഗോകര്‍ണ്ണനോട് തനിക്ക് മോക്ഷം ലഭിച്ചതിലുള്ള സന്തോഷം അറിയിച്ചു.
ഇവിടെ പറയുന്ന ഏഴു മുട്ടുള്ള മുള ഹൃദയഗ്രന്ഥിയായ അവിദ്യയുടെ (പാപങ്ങളുടെ) കെട്ടാണ്. സപ്താഹ ശ്രവണം കൊണ്ട് കാമ, ക്രോധ, ലോഭ, മോഹ, മദ മാത്സര്യം അവിദ്യ എന്നീ കെട്ടുകള്‍ മുറിഞ്ഞ് ആത്മസാക്ഷാത്കാരവും മുക്തിയും ലഭിക്കുമെന്ന് ഈ കഥ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: