ഗെല്‍സെന്‍കിര്‍ചെന്‍: 90 മിനിറ്റ് വരെ 1-0ന് പിന്നിട്ടുനിന്ന ഇംഗ്ലണ്ട് ഇഞ്ചുറി സമയത്തിന്റെ ആദ്യ മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഹാമിന്റെയും 91-ാം മിനിറ്റില്‍ നായകന് ഹാരി കെയ്നിന്റെയും ഗോളുകളുടെ കരുത്തില്‍ യൂറോ 2024ന്റെ ക്വാര്‍ട്ടറിലെത്തി. സ്ലൊവാക്യക്കെതിരായ പ്രീ ക്വാര്‍ട്ടറില്‍ 2-1ന്റെ വിജയത്തോടെയാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. 25-ാം മിനിറ്റില്‍ ഇവാന് ഷ്രാന്‍സാണ് സ്ലൊവാക്യയ്ക്കായി ലക്ഷ്യം കണ്ടത്. നിശ്ചിത സമയത്ത് 1-1 സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി അധികസമയത്തേക്ക് നീണ്ടത്. ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.
ഏറെക്കുറെ തുല്യശക്തികളുടെ പോരാട്ടമായിരുന്നു മൈതാനത്ത്. ആക്രമണ പ്രത്യാക്രമണങ്ങള്‍ കൊണ്ട് ആവേശരമായ മത്സരത്തിനുടനീളം ഇരുടീമുകളും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചു. ആദ്യ പതിനഞ്ച് മിനിറ്റിനുള്ളില്‍ തന്നെ നിരവധി മുന്നേറ്റങ്ങളാണ് ഇംഗ്ലീഷ് പടയും സ്ലൊവാക്യയും നടത്തിയത്. പന്ത് കൈവശം വെച്ച് കളിച്ചത് ഇംഗ്ലണ്ടായിരുന്നു. എന്നാല്‍ കിട്ടിയ അവസരങ്ങളില്‍ സ്ലൊവാക്യ വേഗമേറിയ കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തി നടത്തി ഇംഗ്ലണ്ട് പ്രതിരോധത്തെ പരീക്ഷിച്ചു. അവരുടെ വേഗമേറിയ മുന്നേറ്റങ്ങള്‍ തടയാന്‍ ഇംഗ്ലീഷ് പ്രതിരോധം പലപ്പോഴും ബുദ്ധിമുട്ടി. കളി 17 മിനിറ്റ് പിന്നിട്ടപ്പോള്‍ മൂന്ന് മഞ്ഞ കാര്‍ഡുകളാണ് ഇംഗ്ലണ്ട് ടീമിന് ലഭിച്ചത്. 25-ാം മിനിറ്റില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട് സ്ലൊവാക്യ മുന്നിലെത്തി. ഇവാന് ഷ്രാന്‍സാണ് ടീമിനായി ലക്ഷ്യം കണ്ടത്. ഡേവിഡ് സ്ട്രെലക്കിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഷ്രാന്‍സിന്റെ ഗോള്‍. ഗോള്‍ വഴങ്ങിയതോടെ ഇംഗ്ലണ്ട് മുന്നേറ്റം ശക്തമാക്കി. വിങ്ങുകളിലൂടെയാണ് കൂടുതലായും അവസരങ്ങള്‍ സൃഷ്ടിച്ചത്. എന്നാല്‍ സ്ലൊവാക്യന്‍ പ്രതിരോധം ഭേദിക്കാനായില്ല. ഇതോടെ 1-0ന്റെ ലീഡുമായി സ്ലൊവാക്യ ഇടവേളയ്ക്ക് കയറി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇംഗ്ലണ്ടിനായി ഫോഡന് വലകുലുക്കിയെങ്കിലും വാര് പരിശോധനയില്‍ ഓഫ്സൈഡാണെന്ന് കണ്ടെത്തിയതോടെ ഗോള്‍ നിഷേധിച്ചു. പിന്നാലെ ഇംഗ്ലീഷ് പട മുന്നേറ്റങ്ങള്‍ ശക്തമാക്കി. പരിക്കേറ്റ കീരന് ട്രിപ്പിയറിനെ പിന്‍വലിച്ച് സൗത്ത്ഗേറ്റ് സ്ട്രൈക്കര്‍ കോള്‍ പാമറിനെ കളത്തിലിറക്കി. ബെല്ലിങ്ങാമും സാക്കയും സ്ലൊവാക്യന്‍ ബോക്സിലേക്ക് പലതവണ പന്തെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. 77-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് നല്ലൊരു അവസരം ലഭിച്ചു. ഇടതുവിങ്ങില്‍ നിന്ന് ലഭിച്ച ഫ്രീകിക്കില്‍ ഹാരി കെയ്ന്‍ തലവെച്ചെങ്കിലും പന്ത് ഗോള്‍ പോസ്റ്റിന് പുറത്തുപോയി. 80-ാം മിനിറ്റില്‍ ഡെക്ലന്‍ റൈസിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. റീബൗണ്ടില്‍ കെയ്ന്‍ ഷോട്ടുതിര്‍ത്തെങ്കിലും ബാറിന് മുകളിലൂടെ പറന്നു. അവസാനമിനിറ്റുകളില്‍ ആക്രമണങ്ങളുടെ കെട്ടഴിച്ചുവിട്ടെങ്കിലും സ്ലൊവാക്യന്‍ പ്രതിരോധം മികച്ചുനിന്നു. എന്നാല്‍ ഇഞ്ചുറിടൈമില്‍ ഇംഗ്ലീഷ്പടയ്്ക്ക് ജീവന് നല്കി ജൂഡ് ബെല്ലിങ്ങാമിന്റെ ഗോളെത്തി. 95-ാം മിനിറ്റില്‍ ത്രോയില്‍ നിന്നാണ് ഗോള്‍ പിറന്നത്. സ്ലൊവാക്യന്‍ ബോക്സിനുള്ളില്‍ നിന്ന് ഉഗ്രന്‍ ബൈസിക്കിള്‍ കിക്കിലൂടെ വലകുലുക്കിയ താരം മത്സരത്തിലേക്ക് ടീമിനെ തിരിച്ചെത്തിച്ചു. സ്കോര്‍ 1-1 എന്ന നിലയിലായി. കളി അധികസമയത്തേക്ക് നീണ്ടു.
അധികസമയത്തിന്റെ ആദ്യ മിനിറ്റില്‍ വീണ്ടും ഇംഗ്ലീഷ് പടയുടെ ഗോളെത്തി. 91-ാം മിനിറ്റില്‍ ഹാരി കെയ്നാണ് ലക്ഷ്യം കണ്ടത്. പോസ്റ്റിലേക്ക് ഇംഗ്ലീഷ് താരം എസെ ഉതിര്‍ത്ത ഷോട്ടില്‍ നിന്നാണ് തുടക്കം. ഉയര്‍ന്ന പന്ത് ഹെഡറിലൂടെ ഇവാന് ടോണി ഹാരി കെയ്ന്‍ നല്കി. മറ്റൊരു ഹെഡറിലൂടെ കെയ്ന്‍ വലകുലുക്കി. ഇതോടെ ഇംഗ്ലണ്ട് മുന്നിലെത്തി. പിന്നീട് ലീഡ് ഉയര്‍ത്താന്‍ ഇംഗ്ലണ്ടും സമനിലക്കായി സ്ലൊവാക്യയും കിണഞ്ഞു ശ്രമിച്ചു. എന്നാല്‍ കൂടുതല്‍ ഗോള്‍ പിറക്കാതിരുന്നതോടെ വിജയം ഇംഗ്ലണ്ടിനൊപ്പമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: