ന്യൂദൽഹി: ലോക്‌സഭയിൽ ഭഗവാൻ ശിവന്റെ ചിത്രം ഉയർത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭയുടെ ചട്ടങ്ങൾ മറികടന്നു കൊണ്ടായിരുന്നു രാഹുൽ ഗാന്ധി ചിത്രം ഉയർത്തി പിടിച്ച് പ്രതിഷേധിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ഭരണഘടനയെ അട്ടിമറിയ്‌ക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു രാഹുലിന്റെ പ്രതിഷേധം. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ കയ്യിൽ കരുതിയിരുന്ന ശിവഭഗവാന്റെ ചിത്രം രാഹുൽ സഭയ്‌ക്ക് മുൻപാകെ ഉയർത്തിക്കാട്ടുകയായിരുന്നു.
ലോക്‌സഭയ്‌ക്കുള്ളിൽ പ്ലാക്കാർഡുകളുമായി പ്രതിഷേധിക്കരുത് എന്നാണ് നിയമം. ഇതിന് വിപരീതമായുള്ള പ്രവൃത്തി കണ്ട സ്പീക്കർ ഓംബിർല രാഹുലിനെ ശാസിച്ചു. ഇത്തരം പ്ലാക്കാർഡുകൾ ഉയർത്തിക്കാട്ടാൻ സഭയുടെ ചട്ടം അനുവദിക്കുന്നില്ലെന്ന് ഓംബിർല രാഹുലിനെ ഓർമ്മിപ്പിച്ചു. ശിവന്റെ അഭയമുദ്രയാണ് കോൺഗ്രസിന്റെ ചിഹ്നമെന്നും ആരെയും ഭയമില്ലെന്നും പറഞ്ഞാണ് രാഹുൽ ശിവ ഭഗവാന്റെ ചിത്രം ഉയർത്തിയത്. ഗുരു നാനാക്കിന്റെ ചിത്രവും രാഹുൽ ഉയർത്തിക്കാട്ടി.
ഇന്ത്യ എന്ന ആശയത്തെ തന്നെ മോദി സർക്കാർ ആക്രമിക്കുകയാണെന്നായിരുന്നു രാഹുൽ സഭയിൽ പറഞ്ഞത്. ഭരണഘടനയുടെ മൂല്യങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചത് തങ്ങളിൽ ചിലരെ വ്യക്തിപരമായി ആക്രമിച്ചു. ചില നേതാക്കൾ ഇപ്പോഴും ജയിലിൽ ആണ്. സമ്പത്തും അധികാരവും വ്യക്തികേന്ദ്രീകൃതമാകുമ്പോഴും, ദളിതരും പാവങ്ങളും ആക്രമിക്കപ്പെടുമ്പോഴും എതിർക്കുന്നവനെ നാശിപ്പിക്കുകയാണ് ഭരണപക്ഷം ചെയ്യുന്നത് എന്നും രാഹുൽ കൂട്ടിച്ചേർത്തു.
സർക്കാരിന്റെ പ്രതികാരത്തിന് താനും ഇരയാകേണ്ടിവന്നിട്ടുണ്ട്. ഇതിൽ ഏറ്റവും രസകരമായി തോന്നിയത് ഇഡിയുടെ ചോദ്യം ചെയ്യൽ ആയിരുന്നു. 55 മണിക്കൂർ നേരം നടത്തിയ ചോദ്യം ചെയ്യൽ താൻ ഒരുപാട് ആസ്വദിച്ചുവെന്നും രാഹുൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: