തിരുവനന്തപുരം: പോലീസുകാർക്ക് എട്ടുമണിക്കൂർ ജോലി എന്നത് വേഗത്തിൽ നടപ്പിലാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സേനയിൽ ഉണ്ടാകുന്ന സംഘർഷം കൊണ്ട് മാത്രം സംഭവിക്കുന്നതല്ല ആത്മഹത്യ. ചീഞ്ഞളിഞ്ഞ മൃതദേഹത്തിന് അരികിൽ നിന്ന് പോലീസുകാരന് മാറിപ്പോകാൻ കഴിയില്ലെന്നും അത് പോലീസ് ഡ്യൂട്ടിയുടെ ഭാഗമായി വരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.സി വിഷ്ണുനാഥ് എംഎല്‍എ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പോലീസുകാരുടെത് ദുരിത നരക ജീവിതമാണെന്നും 44 പോലീസുകാരെ വെച്ചാണ് 118 ഉദ്യോഗസ്ഥർ വേണ്ട സ്റ്റേഷൻ പ്രവർത്തിക്കുന്നതെന്നും വിഷ്ണുനാഥ് പറഞ്ഞു. നിയമസഭ സമ്മേളനം സമ്മേളിച്ച 6 ദിവസത്തിനിടെ അഞ്ച് പോലീസുകാർ ജീവനൊടുക്കിയെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.
പോലീസിൽ നിന്നും സ്വയം വിരമിച്ചത് 148 പേരാണ്. അതിൽത്തന്നെ ഒരു ഡിവൈഎസ്പി സ്വയം വിരമിച്ച് ഗ്രാഫിക്സ് ഡിസൈനറായി ജോലി ചെയ്യുന്നുവെന്നും പി സി വിഷ്ണുനാഥ് എംഎൽഎ ചൂണ്ടികാട്ടി. കളമശ്ശേരി എആര്‍ ക്യാമ്പിലെ ഡ്രൈവര്‍ സിപിഒ ജോബി ദാസിന്റെ ആത്മഹത്യാകുറിപ്പും എംഎൽഎ സഭയിൽ വായിച്ചു. ‘നന്നായി പഠിക്കണം, പൊലീസിൽ അല്ലാതെ ജോലി നേടണം, അമ്മയെ നോക്കണം’ എന്നുള്ള ജോബിദാസിന്റെ ആത്മഹത്യാക്കുറിപ്പിലെ വാചകങ്ങളും എംഎൽഎ എടുത്തു പറഞ്ഞു.
പോലീസുകാർക്ക് എട്ടുമണിക്കൂർ ജോലി എന്നത് വേഗത്തിൽ നടപ്പിലാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. പോലീസുകാരുടെ ഇടയിലെ ആത്മഹത്യ പ്രവണത തടയാൻ യോഗ, കൗൺസിലിംഗ് ഉൾപ്പെടെ നടത്തി വരുന്നു. സേനയിലെ ചില പ്രശ്നങ്ങളും മാനസിക സംഘർഷത്തിന് ഇടയാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആത്മഹത്യ വർധിക്കണമെന്ന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാനസിക സംഘർഷം കുറയ്‌ക്കാൻ യോഗ സഹായിക്കും. 8 മണിക്കൂർ ജോലി പൂർണമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. ചില സ്റ്റേഷനുകളിൽ നടപ്പാക്കുന്നുണ്ടെന്നും അത് വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
24 മണിക്കൂറും ഡ്യൂട്ടി നോക്കുന്ന പോലീസുകാർക്ക് എവിടെയാണ് യോഗ ചെയ്യാൻ നേരമെന്നും പിസി വിഷ്ണുനാഥ് ചോദിച്ചു. ഇത് മനുഷ്യാവകാശ ലംഘനമാണ്. അതുകൊണ്ടാണ് മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തതെന്ന് വിഷ്ണുനാഥ് വ്യക്തമാക്കി. ചരിത്രത്തിൽ ആദ്യമായാണ് പോലീസ് സേനയിലെ ആത്മഹത്യ അടിയന്തര പ്രമേയമായി അവതരിപ്പിക്കുന്നത്. കഴിഞ്ഞ 5 വർഷത്തിനിടെ 88 പൊലീസുകാർ ആത്മഹത്യ ചെയ്തെന്ന് വിഷ്ണുനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: