ഇന്ത്യയിലെ ഗ്രാമങ്ങളിലെയും തെരുവുകളിലെയും നഗരങ്ങളിലെയും കോടിക്കണക്കിനു ജനങ്ങള്‍ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് വിജയത്തിന്റെ ആഘോഷത്തിമിര്‍പ്പില്‍ ആണ്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുന്നു. കളിക്കാരെ വാനോളം പുകഴ്ത്തുന്നു. അവര്‍ അത് അര്‍ഹിക്കുകയും ചെയ്യുന്നു.
അതേസമയം വിജയിക്കുമ്പോള്‍ കിട്ടുന്ന അംഗീകാരത്തിന്റെ നൂറുമടങ്ങ് കൂരമ്പുകള്‍ ആണ് ടീം പരാജയപ്പെടുമ്പോള്‍ നേരിടേണ്ടി വരുന്നത് എന്നത് പറയാതെ വയ്യ.
ആറ് മാസം മുന്‍പ് നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ തോറ്റത്തിന് ഇതേ ടീം നേരിട്ട അവഹേളനവും, പരിഹാസവും, വിമര്‍ശനവും മറന്നിട്ടില്ല. ഏകദിന ലോകകപ്പില്‍ ഒറ്റ മത്സരം പോലും തോല്‍ക്കാതെ ആധികാരികമായി ഫൈനല്‍ വരെ എത്തിയ ടീം ആണെന്ന് പോലും നോക്കാതെ ആയിരുന്നു നമ്മള് ടീമിനെ വളഞ്ഞിട്ട് ആക്രമിച്ചത്.
വിരാട് കോഹ്ലി ഒറ്റയ്ക്ക് ഇന്ത്യയെ വിജയിപ്പിച്ച മത്സരങ്ങളുടെ എണ്ണം എത്ര എന്ന് പോലും പരിഗണിക്കാതെയാണ് ഫൈനലിനു മുന്‍പുള്ള മത്സരങ്ങളില്‍ ബാറ്റിംഗില്‍ ശോഭിക്കാതിരുന്നതിന്റെ പേരില്‍ അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ചത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പാകിസ്ഥാനെതിരെ ഒറ്റയ്ക്ക് നിന്ന് പോരാടി നേടിയ അവിസ്മരണീയ വിജയം എല്ലാം ഒറ്റയടിക്ക് നമ്മള് മറന്നു.
ഫൈനലില്‍ വിരാട് കോഹ്ലി വീണ്ടും ടീമിനെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ കോഹ്ലിക്ക് ജയ് വിളിക്കുന്നു നമ്മള്..!
ഹാര്‍ദിക് പാണ്ട്യയെ ക്രൂശിച്ച പോലെ ഒരു ക്രിക്കറ്റ് താരത്തെയും ഈ അടുത്തകാലത്ത് ക്രൂശിച്ചിട്ടില്ല. ഫൈനലില്‍ ഉള്‍പ്പെടെ വിജയത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ച പാണ്ട്യയെ ഇപ്പോള്‍ വാഴ്ത്തി പാടുന്നു നമ്മള്…!
രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സി, രാഹുല്‍ ദ്രാവിഡിന്റെ പരിശീലക സ്ഥാനം, ഇതിനെയെല്ലാം ഇന്നലെ വരെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ അതെല്ലാം വിഴുങ്ങി…!
ഒറ്റ മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം കിട്ടാത്തതിന്റെ പേരില്‍ സഞ്ജു സാംസണിനെ പരിഹസിക്കാന്‍ ഈ വിജയത്തിന്റെ അവസരത്തിലും ചിലര്‍ ശ്രമിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അംഗം ആകാന്‍ കഴിയുക എന്നതൊക്കെ വിരലില്‍ എണ്ണാവുന്നവര്‍ക്ക് മാത്രം കിട്ടുന്ന ഒന്നാണ് എന്ന് ഈ പരിഹസിക്കുന്നവര്‍ക്ക് അറിയാത്തതാണോ..?
ഇന്നലത്തെ ഫൈനലില്‍ അവസാന ഓവര്‍ എറിയാന്‍ ഹാര്‍ദിക് പാണ്ട്യയെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പന്ത് ഏല്‍പ്പിച്ച തീരുമാനം പാളിയിരുന്നു എങ്കില്‍ എന്താകുമായിരുന്നു പുകില് എന്നാലോചിച്ചു നോക്കൂ…!
ശരിക്കും ഇന്ത്യയില്‍ നന്ദിയില്ലാത്ത ഒരു കായിക മത്സരം ആണ് ക്രിക്കറ്റ് എന്ന് പറയേണ്ടി വരും.
വേറെ ഒരു ടീമിനും ഇതേപോലെത്തെ ഗതികേട് ഉണ്ടെന്ന് തോന്നുന്നില്ല.
ശ്രീലങ്കയില്‍ വെച്ച് നടന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യക്ക് എതിരെ 45 റണ്‍സ് എടുക്കന്നതിനിടെ 9 വിക്കറ്റ് പോയിട്ടും ശ്രീലങ്കന്‍ ടീമിനെ ഓരോ റണ്‍സിനും കാണികള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചത് ഓര്‍ക്കുന്നു..
കായിക മത്സരങ്ങളില്‍ ടീമുകളെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ നമ്മുടെ സമീപനം മാറേണ്ടതുണ്ട്. വിജയത്തില്‍ മാത്രമല്ല, പരാജയത്തിലും ടീമിന്റെ കൂടെ നില്ക്കാന് കഴിയണം. തോല്‍ക്കുമ്പോള്‍ നിരാശ ഉണ്ടാകും, ടീമിന്റെ നേരെ വിമര്‍ശനങ്ങള്‍ ഉയരും, അത് പക്ഷെ ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ ആയിരിക്കണം.
രണ്ട് ഇതിഹാസ താരങ്ങള്‍ ഇന്നലത്തെ ലോകകപ്പ് വിജയത്തോടെ ഠ20 ല്‍ നിന്ന് വിരമിച്ചു. പൂച്ചെണ്ടുകള്‍ ഏറ്റുവാങ്ങി ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വം കളിക്കാര്‍ ആണ് രോഹിത് ശര്‍മ്മയും, വിരാട് കോഹ്ലിയും.
ഇന്ത്യയിലെ ഗ്രാമങ്ങളിലെയും തെരുവുകളിലെയും നഗരങ്ങളിലെയും കോടിക്കണക്കിനു ജനങ്ങക്ക് ആവേശവും, സന്തോഷവും, അഭിമാനവും നല്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: