ന്യൂദല്‍ഹി: മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ക്കായി പുതിയ സ്പെഷല്‍ ട്രെയിന്‍ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത് ഡോ. പി.ടി. ഉഷ എംപി. ഷൊര്‍ണൂരില്‍ നിന്നും കണ്ണൂരിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന ട്രെയിന്‍ പയ്യോളിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും പി.ടി. ഉഷ ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്.കെ. സിങ്ങിനും പി.ടി. ഉഷ നിവേദനം നല്കി. കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മേഖലയായ പേരാമ്പ്ര ഉള്‍പ്പടെ മണിയൂര്‍, പയ്യോളി, തുറയൂര്‍, മറ്റ് സമീപപ്രദേശങ്ങളിലെ ആയിരക്കണക്കിന് യാത്രക്കാര്‍ക്കാണ് പയ്യോളി സ്റ്റോപ്പ് അനുവദിക്കുന്നത് വഴി ഉപകാരപ്രദമാകുകയെന്നും പി.ടി. ഉഷ റെയില്‍വേ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഉചിതമായ തീരുമാനമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. പയ്യോളി, തിക്കോടി റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയപാതയുടെ നിര്‍മ്മാണം നടക്കുന്നതുകൊണ്ട് ജനങ്ങള്‍ കൂടുതലായി ട്രെയിന്‍ സര്‍വീസിനെ ആശ്രയിക്കുന്ന സാഹചര്യത്തില്‍ പുതുതായി അനുവദിച്ച ട്രെയിന്‍ ഓഫീസ് സമയത്തെ തിരക്കുകള്‍ക്കിടയില്‍ ആശ്വാസമാകും എന്നും പി.ടി. ഉഷ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: