India

കാണാതായ കുട്ടികളെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി ദല്‍ഹി പോലീസ്

Published by

ന്യൂദല്‍ഹി: തട്ടിക്കൊണ്ടുപോയ കുട്ടികളെ മണിക്കൂറുകള്‍ക്കുള്ളില്‍ രക്ഷപ്പെടുത്തി മാതാപിതാക്കളെ ഏല്‍പ്പിച്ച് ദല്‍ഹി പോലീസ്. കിഴക്കന്‍ ദല്‍ഹിയിലെ ഷക്കാര്‍പുരില്‍ ശനിയാഴ്‌ച്ച അര്‍ധരാത്രിയില്‍ ബോളിവുഡ് സിനിമകളെ വെല്ലുന്ന നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. തട്ടിക്കൊണ്ടുപോയ രണ്ട് കുട്ടികളെ നീണ്ട ചേസിങ്ങിന് ശേഷം ദല്‍ഹി പോലീസ് ഒരു പോറലുപോലുമേല്‍ക്കാതെ രക്ഷപ്പെടുത്തി. അതും മൂന്ന് മണിക്കൂറിനുള്ളില്‍.

ഹരിയാന ഗുരുഗ്രാം സ്വദേശിയായ ബിസിനസുകാരന്‍ രാത്രി ഭക്ഷണം കഴിക്കാന്‍ ഭാര്യയ്‌ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം കാറില്‍ ഷക്കാര്‍പുരിലെത്തിയതാണ്. ഭക്ഷണം കഴിച്ച് വീട്ടിലേക്കുള്ള മടക്കയാത്രയില്‍ കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ വാങ്ങാനായി ഭാര്യയും ഭര്‍ത്താവും കുട്ടികളെ കാറിനുള്ളില്‍ ഇരുത്തി കടയിലേക്ക് പോയി. തിരിച്ചു വന്നപ്പോള്‍ കുട്ടികളും കാറും കാണാനില്ല.

പരിഭ്രാന്തരായ ഇവര്‍ പതിനൊന്നു വയസുകാരിയായ മകളുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ സംസാരിച്ചത് അജ്ഞാത വ്യക്തി. കുട്ടികളെ വിട്ടുകിട്ടണമെങ്കില്‍ 50 ലക്ഷം നല്കണമെന്നും ഇയാള്‍ അറിയിച്ചു.

ഇതോടെ ദമ്പതികള്‍ ദല്‍ഹി പോലീസിനെ വിവരമറിയിച്ചു. ദല്‍ഹി ജോയിന്റ് കമ്മിഷണര്‍ സാഗര്‍ സിങ് ഖല്‍സി, ഇന്‍സ്‌പെക്ടര്‍ സഞ്ജയ് ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷിക്കുകയും പ്രദേശത്തെത്തി സിസിടിവി അടക്കം നിരീക്ഷിക്കാന്‍ തുടങ്ങി.

തട്ടിക്കൊണ്ടുപോയ വ്യക്തിയുമായി നിരന്തരം സംസാരിക്കാന്‍ പിതാവിന് നിര്‍ദേശം നല്കി അവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പോലീസ് മനസിലാക്കി. പീന്നിട് ഇവരെ 20 വാഹനങ്ങളിലായി പോലീസ് പിന്തുടര്‍ന്നു.

പോലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ തട്ടിക്കൊണ്ടുപോയവര്‍ വടക്കന്‍ ദല്‍ഹിയിലെ സമയ്പുര്‍ ബദ്‌ലിയില്‍ കുട്ടികളെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. കുട്ടികളെ സുരക്ഷിതമായി രക്ഷിതാക്കളെ പോലീസ് ഏല്‍പ്പിച്ചു. പ്രതികള്‍ക്കായുള്ള അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായി രണ്ട് ജില്ലകളിലെ പോലീസ് സംഘം 80 കിലോമീറ്ററാണ് മൂന്ന് മണിക്കൂറിനുള്ളില്‍ സഞ്ചരിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by