തപസ്വിയായ വിപ്രന് തരു ഛായയില്‍ വേദാദ്ധ്യായനം ചെയ്തു കൊണ്ടിരുന്നപ്പോള്‍ വൃക്ഷശാഖയിലിരുന്ന പക്ഷി കാഷ്ഠിച്ചു. ആ പുരീഷം ശിരസില്‍ പതിച്ച വിപ്രന് ക്രോധാക്രാന്തനായി പക്ഷിയെ നോക്കി. അയാളുടെ ക്രോധാഗ്നിയില്‍ പക്ഷി വെന്തു വെണ്ണീറായി. തന്റെ തപശക്തിയില്‍ അളവറ്റ അഭിമാനവും ഒപ്പം തന്നെ പക്ഷിയുടെ മരണത്തില്‍ നേരിയ പശ്ചാത്താപവും അദ്ദേഹത്തിനുണ്ടായി. സ്വാദ്ധ്യായം കഴിഞ്ഞ് അയാള്‍ ഭിക്ഷക്കായി അടുത്ത ഗ്രാമത്തിലേക്ക് പോയി. നല്ല ശുദ്ധിയുള്ള ഒരു ഗൃഹത്തിലെത്തി ഭിക്ഷയാചിച്ചു. തപസ്വികളെ കാണുന്ന മാത്രയില്‍ ഗൃഹസ്ഥാശ്രമികള്‍ ആദരവോടെ ഭിക്ഷ നല്കി പ്രീതിപ്പെടുത്തുന്ന പതിവായിരുന്നു അക്കാലം ഉണ്ടായിരുന്നത്. എന്നാല്‍ ഇവിടെ ഗൃഹനായിക കുറേ നേരം അാളെ പുറത്ത് കാത്തുനിര്‍ത്തി. അവര്‍ കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ ശുശ്രൂഷകളെല്ലാം ചെയ്തശേഷമാണ് ബ്രാഹ്മണന് ഭിക്ഷയുമായി വന്നത്. തന്നെ കാത്തു നിര്‍ത്തിച്ച ഗൃഹനായികയോട് വിപ്രന് കോപിച്ചപ്പോള്‍ അവര്‍ പറഞ്ഞു.’പക്ഷിയെ നോട്ടംകൊണ്ട് ഭസ്മീകരിക്കുന്ന അങ്ങയുടെുടെ മഹത്വം അറിയായ്കയല്ല. എന്നാല്‍ ഭര്‍ത്തൃ ശുശ്രൂഷയാണ് പതിവ്രതക്കു മുഖ്യം. അതു ചെയ്തശേഷമേ ഭിക്ഷ തരാന്‍ സാധിക്കൂ. വീട്ടമ്മയുടെ വാക്കുകേട്ട് വിപ്രന് അതിശയമായി. തന്റെ ക്രോധാഗ്നിയില്‍ു പക്ഷി ദഹിച്ചകാര്യം എങ്ങനെയാണ് വെറുമൊരു വീട്ടമ്മ മാത്രമായ നിങ്ങള്‍ അറിഞ്ഞതെന്ന് വിപ്രന് ചോദിച്ചു.
എന്റെ പരദൈവമാണ് ഭര്‍ത്താവ്. അദ്ദേഹത്തിന്റെ പരിചരണമാണ് എന്റെ പരമധര്‍മ്മം. സ്വധര്‍മ്മ നിരതയായതിനാലാണ് എനിക്ക് അന്തര്‍ദ്ദര്‍ശനം ലഭിക്കുന്നതെന്ന് അവര്‍ മറുപടി പറഞ്ഞു.
അതു കേട്ട് ആശ്ചര്യചകിതനായ വിപ്രനെ അവര്‍ ഇങ്ങനെ ഉപദേശിച്ചു. ക്രോധമാണ് മനുഷ്യന്റെ വലിയ ശത്രു. ക്രോധം മരണമാകുന്നു. അറിവുള്ളവര്‍ ക്രോധം കളയണം. ക്രോധമോഹങ്ങള്‍ വിട്ടവരേ വേദസമ്മതരായ ബ്രാഹ്മണരാകൂ. അഹങ്കാരവും ക്രോധവുംമനുഷ്യന് അധപ്പതനം ഉണ്ടാക്കും. അങ്ങനെ ഉള്ളവര്‍ ശ്രേയസ്സില്‍ നിന്നും അകന്നു പോകും.
ധര്‍മ്മജ്ഞനും സ്വാദ്ധ്യായ നിരതനുമെങ്കിലും അങ്ങേക്ക് ധര്‍മ്മതത്ത്വം അറിയുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പരമമായ ധര്‍മ്മത്തെപ്പറ്റി അറിയാന്‍ ജിജ്ഞാസയുണ്ടെങ്കില്‍ അങ്ങ് മിഥിലാപുരിയിലെ ധര്‍മ്മവ്യാധനെ സമീപിക്കൂ എന്ന് അവര്‍ ഉപദേശിച്ചു.
ഇതു കേട്ട് ലജ്ജിതനായ വിപ്രന് വ്യാധനെ തിരഞ്ഞു നടന്നു. ബ്രഹ്മചാരിയായ താന്‍ ഒരു വ്യാധനില്‍ നിന്നും ധര്‍മ്മോപദേശം ഗ്രഹിക്കുന്നതെങ്ങനെ എന്ന ചിന്ത മിഥിലയിലേക്കുള്ള യാത്രയിലെല്ലാം അദ്ദേഹത്തെ മഥിച്ചു. എങ്കിലും ജിജ്ഞാസ, അദ്ദേഹത്തെ വ്യാധ സമീപത്തേക്ക് ആനയിച്ചു. ധര്‍മ്മത്തിന്റെ നിഗൂഢ മഹാത്മ്യം അറിയുവാനുള്ള ഇച്ഛയോടെ അഹങ്കാരം വെടിഞ്ഞ് വിപ്രന് വ്യാധന്റെ മാംസശാലക്ക് മുന്നില്‍ കാത്തുനിന്നു.
വ്യാധന്‍ ഇറച്ചി വെട്ടുന്നതിനിടയില്‍ വിപ്രനെ വന്ദിച്ചു പറഞ്ഞു. ആ കുലസ്ത്രീയുടെ ഭവനത്തില്‍ കാത്തു നിന്നതില്‍ അധികം സമയം അങ്ങ് ഇവിടെ കാത്തുനില്‍ക്കേണ്ടതുണ്ട്. ഈ ജോലി തീരാതെ എനിക്കങ്ങയുടെ സംശയങ്ങള്‍ നിവര്‍ത്തിച്ചു തരാനാവില്ല. തന്നെ വളരെ ദൂരെ ഒരു ഗ്രാമത്തില്‍ ഒരു വീട്ടമ്മ കാത്തു നിര്‍ത്തിയ കാര്യം വ്യാധന്‍ എങ്ങനെ അറിഞ്ഞുവെന്ന് ബ്രാഹ്മണന് അത്ഭുതപ്പെട്ടു.
വ്യാധന്‍ ജോലിപൂര്‍ത്തിയാക്കിയ ശേഷം വിപ്രനേയും കൊണ്ട് വീട്ടിലേക്കു പോയി. അവിടെ അയാള്‍ ആദ്യം തന്നെ മാതാപിതാക്കള്‍ക്കു വേണ്ട ശുശ്രൂഷകള്‍ നല്കി. അനന്തരം വിപ്രനുമായി ധര്‍മ്മമാര്‍ഗ്ഗങ്ങളെപ്പറ്റി സംഭാഷണം ആരംഭിച്ചു.
എന്നാല്‍ വ്യാധനോട് മാംസവ്യാപാരം ഘോര കൃത്യമാണെന്നും അതുപേക്ഷിക്കണമെന്നും വിപ്രന് ആവശ്യപ്പെട്ടു. എന്നാല്‍ ഇതു തന്റെ കുലധര്‍മ്മമാണെന്നും ഇതനുഷ്ഠിക്കേണ്ടത് തന്റെ കര്‍ത്തവ്യമാണെന്നും വ്യാധന്‍ വ്യക്തമാക്കി. ഒരു ജോലിയും നികൃഷ്ടമല്ല. ഏതു ജോലിയും കൃത്യമായും ആത്മാര്‍ത്ഥമായും ചെയ്യുക എന്നതാണ് കരണീയം. സ്വധര്‍മ്മം എന്തു തന്നെ ആയാലും അതു ശ്രേഷ്ഠമെന്നു കരുതി അനുഷ്ഠിക്കുന്നവന് പാപം ഉണ്ടാകുകയില്ല. അന്യ ധര്‍മ്മം വിശിഷ്ടമെന്നു കരുതി വിധിപൂര്‍വ്വം അനുഷ്ഠിച്ചാലും ശ്രേയസ്കരമാവില്ല. എല്ലാ കര്‍മ്മങ്ങള്‍ക്കും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ദോഷങ്ങളുണ്ടാവും. എന്നാല്‍ കര്‍ത്തൃത്വ വിചാരമില്ലാതെ അനാസക്തനായി കര്‍മം ചെയ്യുന്നവന് അതൊന്നും ബന്ധകാരണം ആവില്ല. നിഷ്ക്കാമകര്‍മ്മം ശാശ്വത പുണ്യമേകുന്നു. കുലധര്‍മ്മം എന്തായാലും ഉപേക്ഷിക്കരുത്.
സ്വധര്‍മ്മം ശരിയായി അനുഷ്ഠിക്കുന്നവന് സിദ്ധികള്‍ സ്വമേധയാ വന്നു ചേരും. തനിക്കു വിധിച്ച കര്‍മ്മം വേണ്ടവിധം അനുഷ്ഠിച്ചാല്‍ വ്യാധനെപ്പോലെ സിദ്ധനാകാമെന്ന് ഇതോടെ ബ്രാഹ്മണനു മനസിലായി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: