ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് സിപിഎമ്മില്‍ ഭിന്നത രൂക്ഷമായി. സംസ്ഥാന കമ്മറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെ ജില്ലാ കമ്മിറ്റികള്‍ പൂര്‍ണമായും തള്ളുന്നത് പാര്‍ട്ടി നേതൃത്വത്തെ ആശയകുഴപ്പത്തിലാക്കി. എസ്എന്‍ഡിപി യോഗത്തിന്റേത് അടക്കമുള്ള സമുദായ നേതൃത്വങ്ങളെ കുറ്റപ്പെടുത്തി, ഇടതു സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും സംരക്ഷിക്കുക എന്ന നയമാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. പാര്‍ട്ടി മുഖപത്രത്തില്‍ വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സംസ്ഥാന സെക്രട്ടറി ലേഖനമെഴുതുകയും ചെയ്തു.
എന്നാല്‍ സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പാടെ തള്ളുകയാണ് എതാണ്ട് എല്ലാ ജില്ലാ കമ്മിറ്റികളും. പാര്‍ട്ടി അടുത്ത കാലത്തൊന്നും ഇത്തരത്തില്‍ പ്രതിസന്ധി നേരിട്ടിട്ടില്ല. പിണറായി പക്ഷം അടിച്ചേല്‍പ്പിക്കുന്ന നയങ്ങളും തീരുമാനങ്ങളും അംഗീകരിക്കുക എന്നത് മാത്രമായിരുന്നു കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി കീഴ്കമ്മിറ്റികളുടെ പതിവ്. എന്നാല്‍ ഇത്തവണ പാര്‍ട്ടി നേതൃത്വത്തിനും സര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനങ്ങളാണുയര്‍ന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വിമര്‍ശിച്ച വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് ആലപ്പുഴ ജില്ലാ കമ്മിറ്റി രംഗത്തു വരികയായിരുന്നു. മുന്‍ മന്ത്രി ജി. സുധാകരന് അടക്കമുള്ളവര്‍ എം.വി. ഗോവിന്ദനെ പരസ്യമായി തള്ളി, വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുയും ചെയ്തു.
പിണറായി സര്‍ക്കാരിന്റെ പരാജയമാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്ക് കാരണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ടിങ് നടന്ന എല്ലാ ജില്ലാ കമ്മിറ്റികളും വിലയിരുത്തിയത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ഉയര്‍ന്ന രൂക്ഷമായ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ നേതൃത്വം തയാറായില്ലെന്നതും ശ്രദ്ധേയമാണ്.
ഭരണപരാജയവും മുഖ്യമന്ത്രിയുടെ ശൈലിയും പരാജയകാരണമായി എന്ന് കമ്മിറ്റികള്‍ തുറന്നടിച്ചു. അഴിമതി ആരോപണങ്ങളും, സഹകരണബാങ്ക് ക്രമക്കേടുകളും, ക്ഷേമ പെന്ഷന് മുടങ്ങിയതും സപ്ലൈക്കോയിലെ പ്രതിസന്ധിയും ഒക്കെ പരാജയത്തിന് ആക്കം കൂട്ടിയതായി വിലയിരുത്തി. സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തോട് ജനങ്ങള്‍ക്ക് വിശ്വാസക്കുറവുണ്ടായെന്ന് വരെ വിമര്‍ശനം ഉയര്‍ന്നു.
ഏരിയ, ലോക്കല്‍ തലങ്ങളില്‍ റിപ്പോര്‍ട്ടിങ് നടക്കുമ്പോള്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ വിമര്‍ശനം കൂടുതല്‍ രൂക്ഷമാകാനാണ് സാദ്ധ്യത. മുഖ്യമന്ത്രിയെ പിന്തുണച്ച്, സമുദായനേതൃത്വങ്ങളെ കുറ്റപ്പെടുത്തി മുഖം രക്ഷിക്കാന്‍ ശ്രമിച്ച പാര്‍ട്ടി സെക്രട്ടറിക്കും താഴെത്തട്ടില്‍ നിന്നുയരുന്ന വിമര്‍ശനങ്ങള്‍ തിരിച്ചടിയാകുന്നു. പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന കടുത്ത മുസ്ലീം മതപ്രീണനം പാര്‍ട്ടി ഘടകങ്ങളെ പോലും സാരമായി ബാധിച്ചെന്നും വിമര്‍ശനമുയരുന്നു. പാര്‍ട്ടി ഘടകങ്ങളില്‍ നടപ്പാക്കിയ അപ്രഖ്യാപിത മുസ്ലീം സംവരണം പലയിടങ്ങളിലും വര്‍ഗീയ ചേരിതിരിവിനിടയാക്കി.
പാര്‍ട്ടിയെ പരമ്പരാഗതമായി പിന്തുണച്ചിരുന്ന പിന്നാക്കവിഭാഗങ്ങളെ അവഗണിച്ച് സംഘടിത മതന്യൂനപക്ഷത്തെ പ്രീണിപ്പിക്കാന്‍ നടത്തിയ ശ്രമമാണ് പാര്‍ട്ടി കോട്ടകളെ പോലും തകര്‍ത്തതെന്നും കമ്മിറ്റികളില്‍ വിമര്‍ശനമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: