കോട്ടയം: സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി ഗോവിന്ദനും പുറമേ മന്ത്രിമാരായ വീണ ജോര്‍ജിനും എം.ബി. രാജേഷിനും കടുത്ത വിമര്‍ശനം. ഇരുവരുടെയും പ്രവര്‍ത്തനം തീരെ തൃപ്തികരമല്ലെന്നാണ് വിലയിരുത്തല്‍. കെ.കെ. ശൈലജ നല്ല നിലയില്‍ കൈകാര്യം ചെയ്ത ആരോഗ്യവകുപ്പാണ് വീണ ജോര്‍ജ് ജനങ്ങളില്‍ നിന്ന് വലിയ വിമര്‍ശനം ഉയരുന്ന വിധം കൈകാര്യം ചെയ്യുന്നത്. അഭിമാനിക്കാനാവുന്ന എന്താണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് മുന്നോട്ടുവയ്ക്കുന്നതെന്ന് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ആരാഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പാകട്ടെ ജനങ്ങളില്‍നിന്ന് അകന്നു. പഞ്ചായത്തുകളിലെ വിവിധ ഫീസുകള്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചതോടെ പാര്‍ട്ടിയെ ജനങ്ങള്‍ക്കിടയില്‍ ശത്രുവാക്കി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വോട്ടുകള്‍ ചോരാനും ഇടയാക്കിയെന്നും അംഗങ്ങള്‍ക്കിടയില്‍ വിമര്‍ശനം ഉണ്ടായി.
കോട്ടയത്ത് നവകേരള സദസ്സില്‍ വച്ച് തോമസ് ചാഴികാടനെ പരസ്യമായി നാണംകെടുത്തിയ സംഭവം കേരള കോണ്‍ഗ്രസ് അണികളില്‍ മാത്രമല്ല മറ്റു വോട്ടര്‍മാര്‍ക്ക് ഇടയിലും മുഖ്യമന്ത്രിയെക്കുറിച്ച് അവമതിപ്പുണ്ടാക്കിയെന്ന് ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. സമാദരണീയനായ ഒരു പാര്‍ലമെന്റ് അംഗത്തെ സ്കൂള്‍ കുട്ടികളെ ശാസിക്കും വിധം സദസ്സില്‍ വച്ച് അപഹസിച്ചത് പാര്‍ട്ടി ജില്ലാ നേതൃത്വത്തെ പോലും അമ്പരപ്പിച്ചു. കോട്ടയം പോലെ റബ്ബറിന്റെ നാട്ടില്‍ റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ അവകാശമില്ലേ എന്നാണ് അംഗങ്ങള്‍ ചോദിച്ചത് . പിണറായി വിജയന്റെ താന്‍പോരിമയാണ് ഇത്തരത്തില്‍ അദ്ദേഹത്തെ കൊണ്ട് പറയിപ്പിച്ചതെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. പൂഞ്ഞാറില്‍ പള്ളി വികാരിയെ വിദ്യാര്‍ത്ഥികള്‍ കയ്യേറ്റം സംഭവത്തില്‍ എടുത്ത നിലപാടും പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി. പത്തനംതിട്ട മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയെന്നും കോട്ടയത്ത് തോമസ് ചാഴികാടനെ സ്ഥാനാര്‍ഥി ആക്കേണ്ടിയിരുന്നില്ലെന്നും അഭിപ്രായം ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: