ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും ജീവന്‍ നിലനിറുത്തുന്നതിന് ആഹാരം ആവശ്യമാണല്ലോ. അതിപുരാതനകാലംമുതല്‍ മനുഷ്യന്‍ മണ്ണില്‍ പണിയെടുത്ത് അവനും അവനോടൊപ്പമുള്ള സഹജീവികള്‍ക്കും സമൂഹത്തിനും വേണ്ട ആഹാരം സമ്പാദിച്ചിരുന്നു. വേദകാലഘട്ടങ്ങള്‍ക്കുമുന്നേ ഭാരതത്തില്‍ കൃഷിയും മനുഷ്യരും തമ്മിലുള്ള ബന്ധം നിലനിന്നിരുന്നതായി കാണാം. അതിനു 12000 വര്‍ഷത്തെ പഴക്കമുള്ളതായി പറയപ്പെടുന്നു. അതോടൊപ്പംതന്നെ പശുവളര്‍ത്തലും വലിയ തോതില്‍ നിലനിന്നിരുന്നു. ഗോദാനം നമ്മുടെ ആചാരങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ശ്രേഷ്ഠമായ ഒരാചാരമായിരുന്നു. കൃഷിയും പശുവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങള്‍പോലെ അഭേദ്യമായ ബന്ധം അന്നും ഇന്നും നിലനില്‍ക്കുന്നു. അന്ന് യുദ്ധങ്ങള്‍ നടന്നത് പശുക്കളെ കൈക്കലാക്കുന്നതിനുവേണ്ടിയായിരുന്നുവെന്നുള്ള സൂചനകള്‍ പുരാണങ്ങളിലുള്ളതായി ഋഷിവര്യന്മാരുടെ പല ഉദ്ധരണികളുമുണ്ട്. ഇങ്ങനെ പശുക്കളെ സമ്പാദിക്കുന്നതിന് ‘ഗാവിഷ്ടി’യെന്നു പറയപ്പെട്ടിരുന്നു. നമ്മുടെ സംസ്‌കൃതിയുടെ അടിസ്ഥാനമായ വേദങ്ങളിലും ഉപനിഷത്തുകളിലും കാര്‍ഷികവൃത്തിയെക്കുറിച്ച്, പ്രത്യേകിച്ച് ഏറ്റവും ശ്രേഷ്ഠമായ ഋഗ്വേദത്തില്‍ കാര്‍ഷികോത്പാദനത്തിന് അത്യാവശ്യമായ കാര്‍ഷികവൃത്തിയെക്കുറിച്ച് സവിസ്തരം പ്രതിപാദിച്ചിട്ടുള്ളതായി പൂര്‍വ്വികര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
കൃഷി പൂജയാണ്
ഭാരതീയ സംസ്‌കൃതിയനുസരിച്ച് ഈ ഭൂമുഖത്തുള്ള സര്‍വ്വതിനേയും ഈശ്വരനായിക്കണ്ടുകൊണ്ടാണ് ഓരോന്നിനേയും സമീപിക്കുന്നത്. മണ്ണും മരവും ജലവും പ്രാണികളും എന്നുവേണ്ട സകലതിലും ഈശ്വരാംശമുള്ളതായിക്കണ്ടാണ് അവയെ ഉപയോഗപ്പെടുത്തുന്നത്.
മരം മുറിക്കുമ്പോഴും മണ്ണിളക്കുമ്പോഴും ജലമെടുക്കുമ്പോഴുമെല്ലാം അവയോട് അനുവാദം ചോദിച്ചിരുന്നതായി പൂര്‍വ്വികരില്‍നിന്നു കണ്ടും കേട്ടും പഠിക്കുകയും, അതു ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയിരുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു. ഉഴവുചാല്‍ തൊട്ടു വന്ദിക്കുക, കാര്‍ഷികപണിയായുധങ്ങളെ നമസ്‌കരിക്കുക, പൂജിക്കുക തുടങ്ങിയ സമ്പ്രദായങ്ങളും അന്നത്തെ ജനത അനുഷ്ഠിച്ചിരുന്നു. കൃഷി എത്രമാത്രം ശ്രേഷ്ഠവും പരിപാവനവും ജീവദായകവുമായ ഒരു തൊഴിലായിരുന്നുവെന്നതിന് ഇതില്‍ക്കുടുതല്‍ തെളിവ് ആവശ്യമില്ലല്ലോ. സമൂഹത്തിന്റെ ക്ഷേമൈശ്വര്യങ്ങളെക്കുറിച്ചുള്ള ഉയര്‍ന്ന ചിന്തയും പ്രായോഗികബുദ്ധിയും പ്രതീകാത്മകമായി അനുഷ്ഠിച്ചിരുന്ന ഒരു കാലമായിരുന്നു നമ്മുടേതെന്ന് പ്രത്യേകം എടുത്തുപറയേണ്ടതില്ല.
കൃഷി, അന്നം – വേദവിചാരങ്ങള്‍
അന്നവിചാരം മുന്നവിചാരം ആത്മവിചാരം പിന്നെവിചാരം എന്ന് ഉപനിഷത്തുകളും ഉദ്‌ഘോഷിച്ചിരിക്കുന്നു. അഹമന്നം, അന്നം ബ്രഹ്മേതി വ്യജനാത്. (അന്നം എന്നു പറയുന്നത് സാക്ഷാല്‍ ബ്രഹ്മംതന്നെയാണ്.) അന്നാ ദേവാ ഖല്വിമാനി ജായതേ, അന്നേന ജാതാനി ജീവന്തി (അന്നത്തില്‍നിന്നുതന്നെയാണ് സര്‍വ്വ ജീവജാലങ്ങളും ജനിക്കുന്നതും ജീവിക്കുന്നതും.) അന്നം ന നിന്ദ്യാത് തത് വ്രതം (അന്നത്തെ നിന്ദിക്കുകയില്ലെന്നുള്ളത് വ്രതമായിരിക്കണം) അന്നം ന പരിചക്ഷീത തത് വ്രതം (അന്നം ഉപേക്ഷിക്കരുത്) അന്നം ബഹു കുര്‍വ്വീത തത് വ്രതം (അന്നം സമൃദ്ധമായി ഉത്പാദിപ്പിക്കണം)യയാ കയാച വിധയാ ബഹ്വന്നം പ്രാപ്‌നുയാത് (ഏതെങ്കിലും വിധത്തില്‍ ധാരാളം അന്നം സംഭരിക്കണം) ന കഞ്ചന വസതൗ പ്രത്യാചക്ഷീത തത് വ്രതം (വീട്ടിലേക്കു വരുന്ന ആരെയും അന്നം നല്‍കാതെ, നിരാകരിച്ചു മടക്കി അയയ്‌ക്കരുത്)
തൈത്തിരീയോപനിഷത്ത് ഇങ്ങനെ സവിസ്തരം പ്രതിപാദിച്ചിട്ടുള്ളതില്‍നിന്നു ഭക്ഷ്യോല്‍പ്പാദനവും ഭക്ഷണവും എത്ര അമൂല്യമായ വസ്തുക്കളായി കൈകാര്യം ചെയ്തിരുന്നുവെന്ന് നമുക്ക് അനുമാനിക്കാം.
അന്നാദ് ഭവന്തി ഭൂതാനി
പര്‍ജ്ജന്യാദന്ന സംഭവഃ
യജ്ഞാദ് ഭവതി പര്‍ജ്ജന്യോ
യജ്ഞകര്‍മ്മ സമുദ്ഭവഃ
(അന്നത്താല്‍ ജീവിയുണ്ടാവും
വര്‍ഷത്താല്‍ അന്നവും തഥാ
യജ്ഞത്താല്‍ മഴയുണ്ടാവും
കര്‍മ്മത്തില്‍നിന്നു യജ്ഞവും)
എന്നാണ് ഭഗവദ്ഗീതയും ഉദ്‌ഘോഷിച്ചിരിക്കുന്നത്.
അന്നം ചേര്‍ത്ത് നിഷേധവചനങ്ങളരുതെന്ന് പണ്ടുകാലത്ത് അച്ഛനമ്മമാര്‍ പറഞ്ഞുപഠിപ്പിക്കുമായിരുന്നു. അന്നം അതു കേള്‍ക്കുകയും കാണുകയും ചെയ്യുമെന്നുകൂടി അവര്‍ പറഞ്ഞിരുന്നു. അന്നമാണ് ആയുസ്സായും ആരോഗ്യമായും നിറമായും മനസ്സമാധാനമായും വികസിച്ചുവരുന്നത്. എല്ലാ പഠനങ്ങളും അന്വേഷണങ്ങളും അന്നത്തെ അടിസ്ഥാനമാക്കി, അതിനു കേടുകൂടാതെ കൊണ്ടുപോവുകയെന്നുള്ളതാണ് ശരിയായ ആരോഗ്യമാഗ്രഹിക്കുന്ന ഒരു സമൂഹത്തിന്റെ മൗലികധര്‍മ്മം, കര്‍മ്മം. പൗരാണിക ഭാരതീയകുടുംബങ്ങളില്‍-കൂട്ടുകുടുംബസമ്പ്രദായം-ഗുരുകുലസമ്പ്രദായം നിലനിന്നിരുന്നകാലത്ത് ഭക്ഷണസമയത്തെല്ലാം ഇങ്ങനെ ഉരുവിട്ടിരുന്നു. സഹനൗ ഭുനക്തു (നമുക്കൊരുമിച്ചിരുന്നു ഭക്ഷിക്കാം) പക്ഷേ ദൗര്‍ഭാഗ്യമെന്നു പറയട്ടെ, ഇതിനെയെല്ലാം കാറ്റില്‍പ്പറത്തി മാറ്റിനിറുത്തിക്കൊണ്ടാണ് ലോകം വികസനം നടത്തുന്നത്. അനന്തരഫലമോ? മാരകരോഗങ്ങളുടെ പറുദീസയില്‍ വിഹരിക്കാന്‍ വിധിക്കപ്പെടുന്നു. നാം ശ്രദ്ധിക്കാതെപോയവ ഇതിലും എത്രയോ അധികമാണ്. അതിവിശാലവും അതിനേക്കാള്‍ ആഴവുമുള്ള ഒരു ലോകത്തെയാണ് അന്നം നമുക്കു തുറന്നുതരുന്നത്.
രണ്ടായിരംവര്‍ഷം മുന്‍പ് ഭാരതത്തില്‍ ജീവിച്ചിരുന്ന പണ്ഡിതശ്രേഷ്ഠനും നിയമജ്ഞനും അര്‍ത്ഥശാസ്ത്രത്തിന്റെ പിതാവുമായ ചാണക്യന്‍ ചാണക്യസൂത്രത്തില്‍ കാര്‍ഷികോല്‍പ്പാദനത്തിനുവേണ്ട കൃഷിരീതിയെക്കുറിച്ച് ആഴത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. കാര്‍ഷികവൃത്തിയുടെ അടിസ്ഥാനപരവും സാമൂഹികവുമായ സ്വഭാവവും ആചാര്യന്‍ വിവരിച്ചിട്ടുണ്ട്. രാജഭരണത്തിന്‍ കീഴിലായിരുന്നെങ്കിലും അന്നു ജനപഥങ്ങളുടെ സ്വതന്ത്രഭരണം നിലനിന്നിരുന്നു. കൃതക്ഷേത്രങ്ങള്‍ (തെളിച്ചെടുത്ത വിളനിലം) അകൃതക്ഷേത്രങ്ങള്‍ (തെളിച്ചെടുക്കാത്ത ഭൂമി) എന്നു രണ്ടായി വിഭജിച്ചിരുന്നു. അകൃതക്ഷേത്രങ്ങളെ കൃതക്ഷേത്രങ്ങളാക്കി മാറ്റുന്നവര്‍ക്ക് അവയുടെ അവകാശം നിയമപ്രകാരം സിദ്ധിക്കും. കൃഷിചെയ്യാത്തവരുടെ കൃഷിഭൂമി പിടിച്ചെടുത്ത് കൃഷിചെയ്യുന്നവര്‍ക്കു കൊടുക്കണമെന്നാണു വ്യവസ്ഥ. കൃഷിക്കായി ഭൂമി ഏറ്റെടുത്തിട്ട് കൃഷി ചെയ്യാതിരുന്നാല്‍ നഷ്ടം കൊടുക്കണം. ഈ നഷ്ടത്തിനു അപഹീനമെന്നാണു പേര്.
വിള വര്‍ദ്ധിപ്പിക്കാനുള്ള സഹായധനത്തിന് അനുഗ്രഹമെന്നും കേടുതീര്‍ക്കാനുള്ളതിന് പരിഹാരമെന്നും പറഞ്ഞിരുന്നു. കൃഷിക്കുവേണ്ടി ഭൂമി വിട്ടുകൊടുക്കാത്ത ഭൂസ്വാമി (ക്ഷേത്രികന്‍) ശിക്ഷയര്‍ഹിക്കുന്നു. കാര്‍ഷികവൃത്തി ചെയ്തുകൊണ്ടിരിക്കുന്ന അവസരത്തില്‍ കര്‍ഷകനെ അറസ്റ്റുചെയ്തുകൂടാ. വെള്ളം കെട്ടിനില്‍ക്കുന്ന പൊതുച്ചിറ വെട്ടിത്തുറക്കുന്ന ഗ്രാമദ്രോഹിയെ വെള്ളത്തിലിട്ടു മുക്കിക്കൊല്ലണം. മേച്ചില്‍സ്ഥലം തീയിട്ടുനശിപ്പിക്കുന്നവനെ തീയിലിട്ടുകൊല്ലണം തുടങ്ങിയ കര്‍ശനനിയമം അന്നു നിലവിലുണ്ടായിരുന്നു.
കൃഷി – കലയും സംസ്‌കാരവും
ലോകത്തെ എല്ലാ സംസ്‌കാരവും ഉടലെടുത്തത്കൃഷിയില്‍നിന്നാണെന്നാണ് ചരിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. നൈല്‍നദീതട സംസ്‌കാരം, നമ്മുടെ സിന്ധൂനദീതടസംസ്‌കാരം ഉദാഹരണങ്ങള്‍. ഈ പ്രപഞ്ചത്തില്‍ ഇല്ലാത്തതായി ഒന്നുമില്ല. ഇന്നുള്ള സകലകണ്ടുപിടിത്തങ്ങളും പ്രകൃതിയില്‍നിന്നു കണ്ടെടുത്തിട്ടുള്ളതാണെന്നതില്‍ തര്‍ക്കമില്ല. കാര്‍ഷികവൃത്തിയും പ്രകൃതിയില്‍നിന്ന് നേരിട്ടു പഠിച്ചെടുത്തതാണെന്നതിന് സംശയമേതുമില്ല. വേദകാലകൃഷി ഏറ്റവും മാഹാത്മ്യമേറിയതും അത്യന്തം സുന്ദരവുമായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
ആത്മജ്ഞാനിയും തത്ത്വചിന്തകനുമായിരുന്ന ഋഷിശ്രേഷ്ഠന്‍ കപിലമുനിയാല്‍ വിരചിതമായ കൃഷിസൂക്തിയെന്ന ഗ്രന്ഥം ലോകരാജ്യങ്ങള്‍ പില്‍ക്കാലത്തു മാതൃകയാക്കിയിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് ഇന്നത്തെ മിക്ക കാര്‍ഷികവിജ്ഞാനവും ഗ്രന്ഥങ്ങളും തയ്യാറാക്കിയിട്ടുള്ളതെന്നു സസ്യശാസ്തജ്ഞന്മാര്‍ പറഞ്ഞുവയ്‌ക്കുന്നു. വരാഹമിഹിരനും ശുശ്രുതനും ചരകമഹര്‍ഷിയും (ചരകസംഹിത) സസ്യങ്ങളുടേയും ധാന്യങ്ങളുടെയും ഔഷധഗുണങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന നിരവധി ഗ്രന്ഥങ്ങളുണ്ടല്ലോ. വൃക്ഷായുര്‍വ്വേദം അതിലൊന്നു മാത്രമാണ്. 500 വര്‍ഷം മുന്‍പുവരെ വലിയ മാറ്റങ്ങളില്ലാതെ ഇത് തുടര്‍ന്നുവെന്നു അനുമാനിക്കേണ്ടിയിരിക്കുന്നു. പിന്നീടുള്ള അധിനിവേശശക്തികളും അവരുടെ കൃഷിരീതികളും നമ്മുടെ മണ്ണിനെ മുച്ചൂടും മുടിച്ചു. കേരളീയസംസ്‌കാരം രൂപപ്പെട്ടതും അതില്‍ സമ്പന്നരായതും കേരളീയകാലാവസ്ഥ സമ്പന്നവും ഏതുകൃഷിക്കും അനുകുലമായതുകൊണ്ടുമാണ്. ഏറ്റവും മഹത്തായ രണ്ടു മണ്‍സൂണുകള്‍ കേരളത്തെ പുഷ്ടിപ്പെടുത്തിയിരുന്നു.
നെല്‍കൃഷിയും നാളികേരവും പ്രധാന കൃഷിയിനങ്ങളായ കേരളത്തിന് ഇന്ത്യയുടെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയില്‍ ഒഴിവാക്കാനാവാത്ത സ്ഥാനമുണ്ട്. നമുക്കു സ്വന്തമായ കൃഷിയറിവുകളുണ്ടായിരുന്നു. അത് പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് കൃഷിഗീത. കേരളത്തിലെ കര്‍ഷകരുടെ നാട്ടറിവുകള്‍ രേഖപ്പെടുത്തിയിട്ടുള്ള ഈ കൃതി കാര്‍ഷികമേഖലയില്‍ കേരളത്തിന്റെ മഹത്തായ സംഭാവനയാണ്. വിഷു മുതല്‍ ആരംഭിക്കുന്നു നമ്മുടെ കാര്‍ഷിക വര്‍ഷം. ഞാറ്റുവേല കലണ്ടര്‍ അനുസരിച്ചാണ് കൃഷി ചെയ്തിരുന്നത്. 27 നക്ഷത്രങ്ങളുടെ പേരിലറിയപ്പെടുന്ന 27 ഞാറ്റുവേലകളാണ് നമുക്കുള്ളത്. സൂര്യന്‍ ഒരു നക്ഷത്രത്തില്‍ നില്‍ക്കുന്ന കാലമാണ് ഞാറ്റുവേല, പതിമൂന്നര ദിവസമാണ് ഒരു ഞാറ്റുവേലക്കാലം. ഓരോ ഞാറ്റുവേലക്കാലത്തിനും അനുസരിച്ചാണ് വിളവിറക്കിയിരുന്നത്. രോഹിണിയില്‍ പയര്‍, തിരുവാതിരയില്‍ കുരുമുളക്, അത്തത്തില്‍ വാഴ ഇങ്ങനെയായിരുന്നു അത്. ആധുനിക കാലാവസ്ഥാ പഠനശാഖയായ മീറ്റിയൊറൊളജിയുടെ ആദ്യരൂപമായിരുന്നു ഞാറ്റുവേലകള്‍. മനുഷ്യന്റെ അമിതഭോഗാസക്തിയുടെ ഫലമായി ഇന്ന് കാലാവസ്ഥ തകിടംമറിഞ്ഞതോടെ ഞാറ്റുവേല താളംതെറ്റുകയും കൃത്യത നഷ്ടമാവുകയും ചെയ്തു.
നമ്മുടെ കാര്‍ഷികപൈതൃകം കണ്ടിട്ടാണല്ലോ വിദേശികള്‍ ഏഴുകടലുംകടന്നെത്തി ആധിപത്യം സ്ഥാപിച്ച് വിലപ്പെട്ടതെല്ലാം നാടുകടത്തിയത്. അന്നും നമ്മള്‍ വിശ്വസിച്ചു, ഞാറ്റുവേല കടത്തിക്കൊണ്ടുപോകാനൊക്കില്ലല്ലോയെന്ന്. അനേകം കൊയ്‌ത്തുകാലങ്ങളുടെ ഗൃഹാതുരത്വം പേറുന്നവയാണ് ഓരോ കൃഷികാലവും. നമ്മുടെ കാര്‍ഷികവൃത്തിയുടെ അടിത്തറ നെല്‍കൃഷിയായിരുന്നു. നെല്‍വയലുകളുടെ നാടാണ് കേരളം. വിശാലമായ പാടശേഖരങ്ങള്‍ ജലസംഭരണികളായിരുന്നു. നോക്കെത്താദൂരത്തോളം നീണ്ടു നിവര്‍ന്നു കിടന്നിരുന്ന വയലേലകളുടെ അഭൗമഭംഗി തേജസ്സറ്റ വെറും പാഴ്ഭൂമിയോ കോണ്‍ക്രീറ്റ് പ്രേതങ്ങളുടെ വിഹാരഭൂമിയോ ആയിത്തീര്‍ന്നു. നഷ്ടമാകുന്നത് നെല്ലും വയലും കൃഷിയും മാത്രമല്ല, മലയാളിയുടെ സമൃദ്ധമായ സംസ്‌കാരംകൂടിയാണ്.
നെല്‍കൃഷിയുമായി ബന്ധപ്പെട്ടാണ് നമ്മുടെ സംസ്‌കാരം വികസിച്ചത്. കൊയ്‌ത്തുല്‍ത്സവങ്ങണ്ടളായിരുന്നു പിന്നീട് ദേശീയോത്സവങ്ങളായി മാറിയത്. ഓണവും വിഷുവുമൊക്കെ നമ്മുടെ കൊയ്‌ത്തുത്സവങ്ങളും ഉത്സവച്ചന്തകളും നാട്ടുകൂട്ടായമകളുടെ ഓര്‍മ്മകള്‍ പേറുന്ന ഞാറ്റുപാട്ടും തേക്കുപാട്ടുമെല്ലാം വിസ്മൃതിയുടെ കയങ്ങളിലാഴ്ന്നു ശ്വാസംമുട്ടി മരിച്ചു.
കുട്ടനാടന്‍ പൈതൃക മുദ്ര
നമ്മുടെ നെല്‍പ്പാടങ്ങളും നെല്ലിനങ്ങളും രാഷ്‌ട്രാന്തരീയാംഗീകാരം പിടിച്ചുപറ്റിയവയാണ്. ഐക്യരാഷ്‌ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ അംഗീകാരം നേടിയവയാണ്. ഐക്യരാഷ്‌ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ നല്‍കുന്ന ലോകപൈതൃകമുദ്ര നേടിയിട്ടുള്ള പ്രദേശമാണ് നെല്‍കൃഷിയുടെ ഈറ്റില്ലമായ കുട്ടനാട്. സമുദ്രനിരപ്പില്‍നിന്നു 2-3 മീറ്റര്‍ വരെ താഴ്ചയുള്ള പാടത്തു വിള കൊയ്യുന്ന രീതിക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ലോകവ്യാപാരസംഘടന നല്‍കുന്ന ഗുണമേന്മയുള്ള ജോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ അംഗീകാരം നല്‍കിയിട്ടുള്ള കേരളത്തിലെ 20 ഉത്പ്പന്നങ്ങളില്‍ നാല് എണ്ണം നെല്ലുമായി ബന്ധപ്പെട്ടതാണ്. ഔഷധമൂല്യമേറിയ ഞവരയരി, ഭാരവും ഗുണവും കൂടിയ പാലക്കാടന്‍ മട്ട, വയനാട്ടില്‍ കൃഷിചെയ്യുന്ന സുഗന്ധനെല്ലിനമായ ജീരകശാല, പൊക്കാളിയരി ഇവയാണ് ലോകവ്യാപാരസംഘടനയുടെ അംഗീകാരം നേടിയവ. കര്‍ഷകരുടെ എണ്ണവും കൃഷിഭൂമിയുടെ വിസ്തൃതിയും കുറഞ്ഞുവരുകയാണ്. ആളോഹരി വീതംവയ്പിലൂടെ കുടുംബകൃഷിത്തോട്ടങ്ങള്‍ക്കാണ് ഏറ്റവും കുറവു സംഭവിച്ചിരിക്കുന്നത്.
നമ്മുടെ കാര്‍ഷികമേഖലയിലെ തകര്‍ച്ച ഭയപ്പെടുത്തുന്നതാണ്. 1974-75 ല്‍ 8.82 ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് നാം നെല്ലുല്‍പ്പാദിപ്പിച്ചുകൊണ്ടിരുന്നത്. 2015 -16 ആയപ്പോള്‍ വിസ്തൃതി 1.96 ലക്ഷം ഹെക്ടറായി ചുരുങ്ങി. ഉത്പാദനം 72 -73 -ല്‍ 13.76 ലക്ഷം (ഏറ്റവും കൂടിയ ഉല്‍പ്പാദനം) മെട്രിക് ടണ്‍ ആയിരുന്നത് 2015 -16 -ല്‍ 5.49 ലക്ഷം മെട്രിക് ടണ്‍ ആയി. ഇപ്പോഴത് 3.5 ലക്ഷം ടണ്‍ ആയിട്ടുണ്ടാകുമെന്ന് വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. തെങ്ങുകൃഷിയുടെ കാര്യവും തഥൈവ.
കേരത്തിനു പേരുകേട്ട കേരളത്തിന്റെ ഉല്‍പ്പാദനം ഒരു ഹെക്ടറില്‍ 7535 തേങ്ങ. തമിഴ്‌നാട്ടില്‍ അത് 14873 – ഉം ആന്ധ്രയില്‍ 13803 – ഉം തേങ്ങയാണ്. എല്ലാ വിളകളുടെയും നില പരിതാപകരംതന്നെ.
ആധുനികവും അത്യന്താധുനികവുമായ ജീവിതസാഹചര്യങ്ങളുടെ വേലിയേറ്റത്തില്‍പ്പെട്ട് നമുക്കു കൈമോശംവന്ന നമ്മുടെ തനതു കൃഷി അഥവാ പൈതൃകകൃഷിശൈലിയും പുനരുജ്ജീവിപ്പിച്ചാലേ കേരളത്തിന്റെ തനതായ കാര്‍ഷികവിഭവങ്ങളും ഭക്ഷ്യസുരക്ഷയും നിലനിറുത്താനാവുകയുള്ളൂ.
നമ്മുടേതു മാത്രമായ നിരവധി കൃഷിച്ചൊല്ലുകളും പഴഞ്ചൊല്ലുകളും നിലവിലുണ്ടായിരുന്നു. അന്യംനിന്നുപോയവയെ ഒന്നോര്‍ത്തെടുത്താല്‍ ഇളംതലമുറകള്‍ക്ക് അതൊരു മുതല്‍ക്കൂട്ടാവും.
(തുടരും)
(റിട്ട. കൃഷി ഫീല്‍ഡ് ഓഫീസറാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: