കൊച്ചി: കരുവന്നൂരില്‍ സിപിഎം നടത്തിയ സഹകരണ കൊള്ളയ്ക്ക് തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. ബിജെപി നടത്തിയ ജനകീയ പോരാട്ടങ്ങളുടെ വിജയമാണിതെന്നും സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
സഹകരണ സ്ഥാപനങ്ങളിലെ കൊള്ളയ്ക്കെതിരെ സഹകരണ അദാലത്തുകളും പ്രക്ഷോഭങ്ങളും ബിജെപി നടത്തി. കണ്ടലയില്‍ ഉള്‍പ്പെടെ അഴിമതിക്കാരെ അറസ്റ്റ് ചെയ്യിപ്പിക്കാന്‍ കഴിഞ്ഞു. കരുവന്നൂരില്‍ ഇരകള്‍ക്ക് നീതി കിട്ടാന്‍ ബിജെപി അവസാനം വരെ പോരാടും. സഹകരണ കൊള്ളയില്‍ സിപിഎമ്മിന്റെ കൂട്ടുപ്രതികളായതിനാല്‍ കോണ്‍ഗ്രസ് കുറ്റകരമായ മൗനം അവലംബിച്ചു. എആര്‍ നഗറിലും പുല്‍പ്പള്ളിയിലും മാവേലിക്കരയിലുമൊക്കെ കോണ്‍ഗ്രസും യുഡിഎഫുമാണ് പ്രതിസ്ഥാനത്തെന്നും സുരേന്ദ്രന് പറഞ്ഞു. ജനവിധി അട്ടിമറിക്കാനുള്ള നീക്കമാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ ഡി-ലിമിറ്റേഷന്‍. വാര്‍ഡ് വിഭജനത്തിനുള്ള മാനദണ്ഡങ്ങള്‍ മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി മറികടക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസ് നിയമസഭയില്‍ അതിന് വഴങ്ങിക്കൊടുത്തു. വാര്‍ഡ് വിഭജനത്തിലെ അശാസ്ത്രീയതയ്ക്കെതിരെ ബിജെപി ജാഗ്രത സമിതികളുണ്ടാക്കുമെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പോടെ ബിജെപിയുടേയും എന്‍ഡിഎയുടേയും പ്രസക്തി കേരളത്തില്‍ വര്‍ദ്ധിച്ചു.
തെരഞ്ഞെടുപ്പിനെ കുറിച്ച് സിപിഎമ്മും യുഡിഎഫും നടത്തുന്ന വിശകലനങ്ങള്‍ ശരിയല്ല. ഹിന്ദു സമുദായ സംഘടനകളും ക്രൈസ്തവ സംഘടനകളും ബിജെപിക്ക് വോട്ട് നല്‍കിയെന്നാണ് ഗോവിന്ദന് പറയുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ജനം നല്‍കിയത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ്. വികസന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണ് ബിജെപിക്കുണ്ടായ മുന്നേറ്റം. പിണറായിയുടെ ജനവിരുദ്ധ ഭരണത്തിനെതിരെയുള്ള വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. സിപിഎമ്മിന്റെ മുസ്ലിം പ്രീണനവും അവര്‍ക്ക് തിരിച്ചടിയായി.
ജൂലൈ 9 ന് ബിജെപിയുടെ വിശാല നേതൃയോഗം തിരുവനന്തപുരത്ത് ചേരും. അഖിലേന്ത്യാ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ യോഗത്തെ അഭിസംബോധന ചെയ്യുമെന്നും സുരേന്ദ്രന് പറഞ്ഞു. സംസ്ഥാന വക്താക്കളായ കെ.വി.എസ്. ഹരിദാസ്, ടി.പി. സിന്ധുമോള്‍, ജില്ലാ പ്രസിഡന്റ് കെ.എസ.് ഷൈജു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: