ന്യൂദല്‍ഹി: കൊച്ചി-െബംഗളൂരു വ്യവസായ ഇടനാഴിക്ക് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി അനുമതി നല്‍കണമെന്ന് സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കേന്ദ്ര വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രി പിയുഷ് ഗോയലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ആവശ്യപ്പെട്ടതായും കേരള ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു.
നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവല്പ്മെന്റ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റിന്റെ (എന്‍ഐസിഡിഐടി) ബോര്‍ഡ് 2022 ഡിസം. 14ന് 3815 കോടിയുടെ ഈ പദ്ധതി അംഗീകരിച്ചതാണ്. പദ്ധതിക്കായി കേരളം 1194 കോടി രൂപ ചെലവഴിച്ച് 1152.23 ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും രാജീവ് കൂട്ടിച്ചേര്‍ത്തു.
കേന്ദ്രത്തിനായി നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവല്പ്മെന്റ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റും സംസ്ഥാനത്തിനായി കിന്‍ഫ്രയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക.
ഇന്റര്‍നാഷണല്‍ ജനറേറ്റിവ് എഐ കോണ്‍ക്ലേവ് ജൂലൈ 11, 12 തീയതികളില്‍ ഐബിഎമ്മുമായി ചേര്‍ന്ന് കൊച്ചിയില്‍ സംഘടിപ്പിക്കും. ആഗസ്തില്‍ ഇന്റര്‍നാഷണല്‍ റോബോട്ടിക്സ് റൗണ്ട് ടേബിളും കൊച്ചിയില്‍ സംഘടിപ്പിക്കും. ജനുവരിയില്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റര്‍ മീറ്റ് സംഘടിപ്പിക്കുമെന്നും മന്ത്രി രാജീവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: