ലണ്ടന്‍: സ്റ്റീല്‍ ഉല്‍പാദനം ആധുനികമാക്കാന്‍ നോക്കുന്ന ടാറ്റാ സ്റ്റീലിനെ തടഞ്ഞ് ബ്രിട്ടനിലെ ട്രേഡ് യൂണിയനുകള്‍. ബ്രിട്ടനിലെ വെയില്‍സിലുള്ള പോര്‍ട് ടാല്‍ബോടിലെ സ്റ്റീല്‍ നിര്‍മ്മാണക്കമ്പനിയെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാനാണ് ടാറ്റാ സ്റ്റീല്‍ ഏറ്റെടുത്തത്. പക്ഷെ ഇപ്പോള്‍ അവിടുത്തെ ട്രേഡ് യൂണിയനുകള്‍ ടാറ്റാ സ്റ്റീലിനെ വെള്ളം കുടിപ്പിക്കുകയാണ്.
ബ്രിട്ടനിലെ ഈ സ്റ്റീല്‍ കമ്പനികളില്‍ പഴയ കല്‍ക്കരിയില്‍ ഓടൂന്ന ചൂളകളും ബ്ലാസ്റ്റ് ഫര്‍ണസുകളുമാണ്. നിറയെ കരിപ്പുക തുപ്പുന്ന പ്ലാന്‍റുകള്‍. ഈ ഫാക്ടറി സംവിധാനത്തില്‍ സ്റ്റീല്‍ ഉല്‍പാദിപ്പിച്ച് വര്‍ഷങ്ങളായി നഷ്ടത്തില്‍ ഓടുകയാണ് ഈ കമ്പനി. ഈ കമ്പനിയിലെ തൊഴിലാളികളെ തീറ്റിപ്പോറ്റി ബ്രിട്ടീഷ് സര്‍ക്കാരും മടത്തു. കാര്‍ബണ്‍ ഡൈയോക്സൈഡ് ധാരാളമായി പുറത്തേക്ക് തുപ്പുക വഴി ഈ ഫാക്ടറി പ്രകൃതിയെ മലിനപ്പെടുത്തുകയാണ്. മാത്രമല്ല, ഇത്തരമൊരു സ്റ്റീല്‍ പ്ലാന്‍റില്‍ സ്റ്റീല്‍ ഉല്‍പാദനം നടത്തുക എന്നത് ഭാവിയുള്ള ഏര്‍പ്പാടല്ല. അതിനാല്‍ ഈ ഫര്‍ണസുകളും ബ്ലാസ്റ്റ് ഫര്‍ണസുകളും മാറ്റി പുതിയ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍ണസുകള്‍ കൊണ്ടുവരാനാണ് ടാറ്റാ സ്റ്റീലിന്റെ ശ്രമം. അങ്ങിനെയെങ്കില്‍ ഉല്‍പാദനം പല മടങ്ങ് വര്‍ധിപ്പിക്കാം. മലിനീകരണം തടയുകയും ചെയ്യാം. ഇതിനെ അനുകൂലിച്ച് യുകെ സര്‍ക്കാര്‍ 500 ലക്ഷം പൗണ്ട് ടാറ്റാ സ്റ്റീലിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷെ പുതിയ സംവിധാനം കൊണ്ടുവന്നാല്‍ 2800 തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറയുന്നത്. എന്നാല്‍ തൊഴിലാളികളെ പഠിപ്പിക്കാമെന്നും അവരെ നിലനിര്‍ത്താമെന്നും ചെറിയൊരു ശതമാനത്തിന് മാത്രമേ തൊഴില്‍ നഷ്ടപ്പെടൂ എന്നുമാണ് ടാറ്റ പറയുന്നത്.
ഇതോടെയാണ് അവിടുത്തെ ട്രേഡ് യൂണിനുകള്‍ ടാറ്റാ സ്റ്റീലിനെതിരെ കൈകോര്‍ത്ത് സമരത്തിനിറങ്ങിയത്. തൊഴിലുകള്‍ നഷ്ടപ്പെടാന്‍ സമ്മതിക്കില്ലെന്നും തൊഴിലാളികളെ നിലനിര്‍ത്താന്‍ പഴയ സംവിധാനം തുടരണമെന്നുമാണ് യൂണിയന്റെ ആവശ്യം.കേരളത്തിലെ പഴയ സിഐടിയു മൂരാച്ചികളായ നേതാക്കളെപ്പോലെ ബ്രിട്ടനെപ്പോലെ ഒരു വികസിതരാഷ്‌ട്രത്തിലെ യൂണിയന്‍ നേതാക്കള്‍ പെരുമാറുന്നത് ടാറ്റാ സ്റ്റീല്‍ ഉടമകളെ അത്ഭുതപ്പെടുത്തുന്നു. മുതലാളി നശിച്ചാലും തൊഴിലാളികള്‍ക്ക് ശമ്പളക്കൂടുതലും തൊഴിലും വേണം എന്ന സിഐടിയു മനോഭാവമാണ് ബ്രിട്ടനിലെ ടാറ്റാ സ്റ്റീലിലെ തൊഴിലാളികളും ട്രേഡ് യൂണിയന്‍ നേതാക്കളും പുലര്‍ത്തുന്നത്.
പഴയ ഫര്‍ണസുകളും കല്‍ക്കരിയിലോടുന്ന അടുപ്പുകളും നിലനിര്‍ത്തണമെങ്കില്‍ 160 കോടി പൗണ്ട് വെറുതെ കയ്യില്‍ നിന്നും കൊടുക്കണം. ഇതിന് മാത്രം മണ്ടന്മാരല്ല ടാറ്റാ സ്റ്റീല്‍. ഇത് പറ്റില്ലെന്നാണ് ടാറ്റാ സ്റ്റീല്‍ അധികൃതര്‍ പറയുന്നത്. ഇപ്പോള്‍ തൊഴിലാളി യൂണിയനുകള്‍ക്കെതിരെ നിയമനടപടികളെക്കുറിച്ച് ആലോചിക്കുകയാണ് ടാറ്റ. ഈ ഫാക്ടറി ഭാവിയിലും നിലനില്‍ക്കണമെങ്കില്‍ ഉല്‍പാദന രീതി ആധുനികവല്‍ക്കരിച്ചേ മതിയാവൂ എന്ന നിലപാടാണ് ടാറ്റയ്‌ക്ക്.
ബ്രിട്ടനിലെ പുതിയ ഫാക്ടറികള്‍ ഏറ്റെടുത്തിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ടാറ്റയ്‌ക്ക് മെച്ചമുണ്ടായിട്ടില്ല. സ്റ്റീലിന് വേണ്ടി ടാറ്റയെ ആശ്രയിക്കുന്ന വ്യവസായങ്ങള്‍ക്ക് പുറത്ത് നിന്നും സ്റ്റീല്‍ ഇറക്കുമതി ചെയ്ത് കൊടുക്കേണ്ടി വന്നു. തൊഴിലാളി യൂണിയനുകളുടെ കടുംപിടുത്തം കാരണം മിക്കവാറും ടാറ്റാ സ്റ്റീല്‍ നേരത്തെ അടച്ചുപൂട്ടേണ്ടിവരുമോ എന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: