ന്യൂദല്‍ഹി: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി വി ആനന്ദ ബോസ് ശനിയാഴ്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി ചര്‍ച്ച നടത്തി.
മത്സ്യമേഖയുടെ വികസനത്തിനായുള്ള സമഗ്ര പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതിനും ഉചിതമായ നടപടികള്‍ക്കുമായി അദ്ദേഹം കേന്ദ്ര ധനമന്ത്രിക്ക് കൈമാറി.
മുന്‍പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ വിവിധ ചുമതലകള്‍ വഹിച്ചിരുന്ന ഘട്ടത്തിലും അതിനുശേഷവും മത്സ്യമേഖലയില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്താന്‍ അവസരം കിട്ടിയ വ്യക്തി എന്ന നിലയിലും മേഖലയില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരും വ്യക്തികളും സംഘടനകളുമായി പലപ്പോഴായി അദ്ദേഹം നടത്തിയ കൂടിയാലോചനകളില്‍ ഉയര്‍ന്നുവന്ന ചില സുപ്രധാന ആശയങ്ങളും അഭിപ്രായങ്ങളും ശുപാര്‍ശകളും ഉള്‍പ്പെട്ട രേഖയാണ് കൈമാറിയത്. ഇന്ത്യാ ഗവണ്മെന്റ് ലേബര്‍ അഡൈ്വസറി ബോര്‍ഡിന്റെ ‘ഒണ്‍ മാന്‍ കമ്മീഷന്’ എന്ന നിലയിലാണ് ഡോ ആനന്ദബോസ് ഈ റിപ്പോര്‍ട്ട് നേരത്തെ സമാഹരിച്ചത്
കേരളത്തിലെ മത്സ്യമേഖലയുടെയും അതുകൊണ്ട് ഉപജീവനം നടത്തുന്നവരുടെയും പ്രശ്നങ്ങള്‍ക്കും സാധ്യതകള്‍ക്കും ഊന്നല്‍ നല്കുന്ന ഒരു റിപ്പോര്‍ട്ട് കേന്ദ്ര ഫിഷറീസ് സഹ മന്ത്രി ജോര്‍ജ് കുര്യന്, അദ്ദേഹം ചുമതലയേറ്റതിന് പിന്നാലെ ഗവര്‍ണര്‍ ആനന്ദബോസ് കൈമാറിയിയിരുന്നു.
ഈ മേഖലയില്‍ ഉപജീവനം നടത്തുന്നവര്‍ക്ക് മികച്ച വരുമാനം ഉപറപ്പുവരുത്തുന്നതിനുതകുന്ന സാമ്പത്തിക വികസന പരിപാടികള്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞു.
ഫെഡറല്‍ സംവിധാനത്തില്‍ ഗവര്‍ണറുടെ വര്‍ധിച്ചുവരുന്ന പങ്കിനെകുറിച്ച് ഇരുവരും ദീര്‍ഘമായി ചര്‍ച്ച ചെയ്തു. ‘രാജ്യപാല്‍ വികാസ് കെ രാജ് ദൂത്’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ വികസന പദ്ധതികളുടെ, പ്രത്യേകിച്ച് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിര്‍വഹണവും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 167 അനുശാസിക്കുന്നതുപ്രകാരം സംസ്ഥാന ഭരണത്തിന്റെ ധനസ്ഥിതിയും സസൂക്ഷ്മം വിലയിരുത്തുമെന്ന് ഗവര്‍ണര്‍ ആനന്ദബോസ് പറഞ്ഞു.
സംസ്ഥാനത്തിന്റെ ധനമാനേജ്മെന്റ് സംബന്ധിച്ച വിമര്‍ശനാത്മകമായ ഒരു റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് അയച്ചുകൊടുക്കാനും അത് മന്ത്രിസഭയില്‍ വിശദമായി ചര്‍ച്ച ചെയ്യണമെന്ന് നിര്‍ദ്ദേശിക്കാനും ഉദ്ദേശിക്കുന്നതായി ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ധനസ്ഥിതിയെപ്പറ്റി ഒരു ധവളപത്രം പുറപ്പെടുവിക്കണമെന്ന് സര്‍ക്കാറിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: