Business

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയര്‍മാനായി ചല്ല ശ്രീനിവാസുലു സെട്ടി എത്തും; ഇപ്പോഴത്തെ ചെയര്‍മാന്‍ ദിനേഷ് ഖാര ആഗസ്തില്‍ ഒഴിയും

Published by

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി ചല്ല ശ്രീനിവാസുലു സെട്ടിയെ തെരഞ്ഞെടുത്തു. കേന്ദ്രസര്‍ക്കാരിന്റെ നിയമനാധികാരമുള്ള ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ബ്യൂറോ (എഫ് എസ് ഐബി) ആണ് അഭിമുഖത്തിന് ശേഷം ചല്ല ശ്രീനിവാസുലു സെട്ടിയെ എസ് ബിഐ ചെയര്‍മാനായി തെരഞ്ഞെടുത്തത്.

അഭിമുഖത്തിലെ പ്രകടനവും പ്രവൃത്തിപരിചയവും ഇന്നുവരെയുള്ള മികവും കണക്കിലെടുത്താണ് എസ് ബിഐ ചെയര്‍മാന്‍ പദവിയിലേക്ക് ചെല്ലകുമാര്‍ ശ്രീനിവാസുലു സെട്ടിയെ തെരഞ്ഞെടുത്തതെന്ന് എഫ് എസ് ഐബി വിജ്ഞാപനത്തില്‍ പറയുന്നു. എഫ് എസ് ഐബിയുടെ നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭയുടെ നിയമനാധികാര സമിതിയുടെ കൂടി അന്തിമഅംഗീകാരം ലഭിയ്‌ക്കണം. എങ്കിലേ അത് ഉത്തരവായി മാറൂ. ഇപ്പോഴത്തെ ചെയര്‍മാന്‍ ദിനേഷ് കുമാര്‍ ഖാരയുടെ കാലാവധി ആഗസ്ത് 28ന് അധികാരത്തില്‍ നിന്നൊഴിയമ്പോള്‍ അതേ ദിവസം പുതിയ ചെയര്‍മാന്‍ അധികാരമേല്‍ക്കും.

പൊതുമേഖലാ ബാങ്കുകളിലെ സുപ്രധാനപദവികളിലേക്കുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ സമിതിയാണ് എഫ് എസ് ഐബി. എസ് ബിഐയുടെ ഇപ്പോഴത്തെ നാല് എംഡിമാരായ സി.എസ്. ഷെട്ടി എന്ന ചല്ല ശ്രീനിവാസുലു സെട്ടി, അശ്വിനികൂമാര്‍ തിവാരി, അലോക് കുമാര്‍ ചൗധരി, വിനയ് എം ടോന്‍സെ എന്നിവരില്‍ ഒരാളെയായിരുന്നു തെരഞ്ഞെടുക്കേണ്ടിയിരുന്നത്. ഇതില്‍ നിന്നാണ് അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ സി.എസ്. ഷെട്ടി എന്ന ചല്ല ശ്രീനിവാസുലു സെട്ടിയെ തെരഞ്ഞെടുത്തത്. എഫ് എസ് ഐബി അഭിമുഖം നടത്തിയ എസ് ബിഐയുടെ മൂന്ന് മാനേജിംഗ് ഡയറക്ടര്‍മാരില്‍ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ചല്ലകുമാര്‍ ശ്രീനിവാസുലു സെട്ടി. ഇദ്ദേഹം കഴിഞ്ഞ 36 വര്‍ഷമായി എസ് ബിഐയില്‍ പ്രവര്‍ത്തിക്കുന്നു.

ഇദ്ദേഹം കഴിഞ്ഞ 36 വര്‍ഷമായി എസ് ബിഐയില്‍ പ്രവര്‍ത്തിക്കുന്നു. എസ്ബിഐയുടെ വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്ത ചല്ലകുമാര്‍ ശ്രീനിവാസുലു സെട്ടി 2020ലാണ് എംഡിയായി സ്ഥാനമേറ്റത്. ഇപ്പോള്‍ എസ് ബിഐയില്‍ ഇന്‍റര്‍നാഷണല്‍ ബാങ്കിംഗ് (International Banking), ഗ്ലോബല്‍ മാര്‍ക്കറ്റ് (Global Market), ടെക്നോളജി(Technology) എന്നിവയുടെ ചുമതലയുള്ള എംഡിയാണ്. റീട്ടെയ്ല്‍ ആന്‍റ് ഡിജിറ്റല്‍ ബാങ്കിംഗ് (Retail and Digital banking) മേഖലയും നോക്കുന്നത് ചല്ലകുമാര്‍ ശ്രീനിവാസുലു സെട്ടിയാണ്. നേരത്തെ സ്ട്രെസ്സ്ഡ് അസറ്റ്സ് റെസലൂഷന്‍ ഗ്രൂപ്പ് (Stressed Asset Resolution Group) ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടറായും എസ് ബിഐ ന്യൂയോര്‍ക്ക് ശാഖയില്‍ വൈസ് പ്രസിഡന്‍റും മേധാവിയും ആയിട്ടുണ്ട്.

2023 ഒക്ടോബര്‍ 23ന് ഇപ്പോഴത്തെ ചെയര്‍മാനായ 63 കാരന്‍ ദിനേഷ് കുമാര്‍ ഖാരയുടെ കാലാവധി കേന്ദ്രസര്‍ക്കാര്‍ 2024 ആഗസ്ത് 28 വരെ നീട്ടിക്കൊടുത്തിരുന്നു. 2020 ഒക്ടോബര്‍ ഏഴിനാണ് ദിനേഷ് കുമാര്‍ ഖാര എസ് ബിഐ ചെയര്‍മാനായി നിയമിക്കപ്പെട്ടത്. 1984ല്‍ ഒരു സാധാരണ പ്രൊബേഷനറി ഓഫീസറായി എസ് ബിഐയിലേക്ക് കടന്നുവന്ന ആളാണ് ദിനേഷ് കുമാര്‍ ഖാര. കൊമേഴ്സില്‍ ബിരുദാനന്തരബിരുദധാരിയായ ദിനേഷ് കുമാര്‍ ഖാര ദല്‍ഹിയിലെ ഫാക്കല്‍റ്റി മാനേജ് മെന്‍റ് സ്റ്റഡീസില്‍ (എഫ് എംഎസ്) നിന്നും എംബിഎ നേടി. 22,405 ശാഖകളും 65,627 എടിഎമ്മുകളുമുള്ള ബാങ്കിംഗ് മേഖലയിലെ വടവൃക്ഷമാണ് എസ് ബിഐ.

മോദിയുടെ നേതൃത്വത്തില്‍ ബാങ്കിംഗ് മേഖല ശക്തമായി തിരിച്ചുവന്നു- ഖാര

ഇന്ത്യന്‍ സമ്പദ്ഘടനയുടെ തിരിച്ചുവരവിന് അസാധാരണമായ തീരുമാനങ്ങള്‍ എടുത്ത് ശക്തനായ നേതാവാണ് മോദിയെന്ന അഭിപ്രായക്കാരനാണ് സ്ഥാനമൊഴിയാന്‍ പോകുന്ന ദിനേഷ് കുമാര്‍ ഖാര. പൊതുമേഖലാ ബാങ്കുകളുടെ ഏകീകരണമാണ് മോദിയുടെ അടുത്ത പദ്ധതി. അതുവഴി നാലോ അഞ്ചോ വമ്പന്‍ പൊതുമേഖലാ ബാങ്കുകളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇന്ത്യ വളര്‍ച്ചയുടെ ഉന്നതശൃംഗത്തിലാണ് ഇപ്പോഴുള്ളത്. അതിന് വലിയ മൂലധനം ആവശ്യമാണ്. വലിയ പൊതുമേഖലാബാങ്കുകള്‍ക്കേ അതിന് സാധിക്കൂ എന്നും ദിനേഷ് കുമാര്‍ ഖാര പറയുന്നു. ശക്തമായ വമ്പന്‍ പൊതുമേഖലാ ബാങ്കുകള്‍ ആഗോള രംഗത്ത് ഇന്ത്യയുടെ പ്രതിച്ഛായ ഉയര്‍ത്താന്‍ സഹായകരമാകുമെന്നും ഖാര പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക