തിരുവനന്തപുരം : മെട്രോമാര്‍ട്ടും തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രിയും സംയുക്തമായി കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ ബിപ്), സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്പ്മെന്‍റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി) എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്‌ട്ര എം.എസ്.എം.ഇ. ദിനാഘോഷങ്ങളുടെ ഭാഗമായി മെട്രോ എം.എസ്.എം.ഇ. കോണ്‍ക്ലവ് സംഘടിപ്പിച്ചു. തിരുവനന്തപുരം കേരള ആര്‍ട്സ് ആന്‍റ് ക്രാഫ്റ്റ് വില്ലേജില്‍ നടന്ന കോണ്‍ക്ലവ് പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്തു. വിന്‍സെന്‍റ് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു.
നിക്ഷേപകരെ രാജ്യത്തിന്റെ മിത്രങ്ങളായി കാണണം. അവർ ശത്രുക്കളല്ല. നമ്മുടെ രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സാമ്പത്തിക വളര്‍ച്ചയ്‌ക്ക് എം.എസ്.എം.ഇ. കളുടെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണെന്നും നഗര ഗ്രാമ വ്യത്യാസമില്ലാതെ വ്യാവസായിക വളര്‍ച്ച സാധ്യമാകണമെങ്കില്‍ കൂടുതല്‍ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ നാട്ടില്‍ ഉയര്‍ന്നു വരണമെന്നും വി.ഡി.സതീശന്‍ പറഞ്ഞു. ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയണം.
മെട്രോ എം.എസ്.എം.ഇ.ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകള്‍ സംഘടിപ്പിച്ചു. വിഴിഞ്ഞം തുറമുഖവും സാധ്യതകളും എന്ന വിഷയത്തെ ആസ്പദമാക്കി പ്രസിദ്ധ മാരിടൈം വിദഗ്ധന്‍ ശ്രീ.നാണു വിശ്വനാഥന്‍ സംസാരിച്ചു. എം.എസ്.എം.ഇ. സംരംഭങ്ങള്‍ക്കുള്ള വിവിധ പദ്ധതികള്‍ സംബന്ധിച്ച് സിഡ്ബി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശ്രീ.പി.ആര്‍.സവിശേഷ്, മാനേജര്‍ ജിയോ പയസ് എന്നിവര്‍ സംസാരിച്ചു.
കാനറ ബാങ്ക് സര്‍ക്കിള്‍ ഹെഡ് ശ്രീ പ്രദീപ് കെ.എസ്, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രീസ് പ്രസിഡന്‍റ് ശ്രീ.എസ്.എന്‍.രഘുചന്ദ്രന്‍ നായര്‍,തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രീസ് സെക്രട്ടറി എബ്രഹാം തോമസ്,കെ.റ്റി.ഡി.എ. ജനറല്‍ സെക്രട്ടറി ശ്രീ കോട്ടുകാല്‍ കൃഷ്ണകുമാര്‍, മെട്രോ മാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ സിജി നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: