കോഴിക്കോട്: പി.വി.കെ. നെടുങ്ങാടിയുടെ സ്മരണാര്‍ത്ഥം വിശ്വ സംവാദ കേന്ദ്രം കോഴിക്കോട് നല്കുന്ന യുവ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡിന് ജനം ടിവി തൃശ്ശൂര്‍ ബ്യൂറോ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ എം. മനോജ് അര്‍ഹനായി.
വന്യമൃഗ ശല്യത്തെ ആസ്പദമാക്കി ജനം ടിവിയില്‍ മനോജ് ചെയ്ത ഫീച്ചറാണ് അവാര്‍ഡിന് അര്‍ഹത നേടിയത്. 11,111 (പതിനൊന്നായിരത്തി നൂറ്റിപ്പതിനൊന്ന്) രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പ്രമുഖ മാധ്യമപ്രവര്‍ത്തകരായ ഹരീഷ് കടയപ്രത്ത്, അനു നാരായണന്, വിനോദ് കുമാര്‍ പി.വി. എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
ജൂലൈ ഒന്നിന് രാവിലെ 10.30 ന് ചാലപ്പുറം കേസരി ഭവനില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ നോവലിസ്റ്റും മലയാള മനോരമ സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററുമായ രവിവര്‍മ്മ തമ്പുരാന് അവാര്‍ഡ് സമ്മാനിക്കും. മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ തറമ്മല്‍ ബാലകൃഷ്ണന് അധ്യക്ഷത വഹിക്കും. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം. സതീശന് പ്രഭാഷണം നടത്തും.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എം. ബാലഗോപാല്‍, സി.എം. കൃഷ്ണപ്പണിക്കര്‍ എന്നിവരെ ആദരിക്കും. കോഴിക്കോട് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗമായി തെരഞ്ഞെടുത്ത മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ (മാഗ് കോം) ഡയറക്ടര്‍ എ.കെ. അനുരാജ്, വ്യത്യസ്ത മേഖലകളില്‍ അവാര്‍ഡ് ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ ചടങ്ങില്‍ അനുമോദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: