ബീജിങ്: ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് മടങ്ങിയെത്തിയ, ചൈനയുടെ ചാങ്ഇ-6 പേടകം തുറന്നു. ദൗത്യത്തിന് നേതൃത്വം നല്കിയ ചൈന അക്കാദമി ഓഫ് സ്പേസ് ടെക്നോളജിയിലെ (കാസ്റ്റ്) വിദഗ്ധരാണ് പേടകം തുറന്ന് സാമ്പിള്‍ കണ്ടെയ്നര്‍ പുറത്തെടുത്തത്.
ചന്ദ്രന്റെ മറുവശത്ത് നിന്നുള്ള പാറക്കല്ലും മണ്ണുമായാണ് ചാങ് ഇ-6 മടങ്ങിയെത്തിയത്. 1935.3 ഗ്രാം ഭാരമാണ് സാമ്പിളുകള്‍ക്കുള്ളതെന്ന് ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷന് (സിഎന്‍എസ്എ) അറിയിച്ചു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഐറ്റ്കെന്‍ ബേസിനില്‍ നിന്നാണ് ഇവ ശേഖരിച്ചത്. ചന്ദ്രനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നല്കാന് ഇവയ്ക്കാകുമെന്നാണ് കരുതുന്നത്.
പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. കൂടുതല്‍ വിശദമായ ശാസ്ത്രപഠനങ്ങള്‍ക്ക് ഇതവസരം നല്‍കും. സാമ്പിളുകള്‍ പഠിക്കുന്നതിനായി വിവിധ ലോക രാജ്യങ്ങളെ ചൈന ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ അമേരിക്കയുള്‍പ്പെടെയുള്ള ചില രാജ്യങ്ങളുമായി സഹകരണത്തിന് നിയന്ത്രണങ്ങളുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. നാസയുമായുള്ള ഉഭയകക്ഷി സഹകരണം തടയുന്ന അമേരിക്കന്‍ നിയമം നീക്കം ചെയ്താല്‍ പൂര്‍ണ സഹകരണത്തിന് തയാറെന്നാണ് ചൈനയുടെ നിലപാട്. 2011ല്‍ നിലവില്‍ വന്ന യുഎസിലെ വോള്‍ഫ് ഭേദഗതിയാണ് ചൈനയുമായി നേരിട്ടുള്ള ഉഭയകക്ഷി സഹകരണത്തില്‍ നിന്ന് യുഎസിനെ തടയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: