ചെന്നൈ: ദക്ഷിണേന്ത്യയിലെ മികച്ച ക്രിക്കറ്റ് പിച്ചുകളിലൊന്നായ ചെപ്പോക്കില്‍ ഇന്നലെ കണ്ടത് റിക്കാര്‍ഡുകളുടെ പെരുമഴ.
ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം ദിനത്തിലെ ഏറ്റവും വലിയ സ്കോര്‍. വനിതാ ടെസ്റ്റില്‍ ഓപ്പണിങ് വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തിലുള്ള ഇരട്ട സെഞ്ചുറി. ഇങ്ങനെ നീളുന്നു കണക്കുകള്‍.
ഭാരത പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ വനിതകളുടെ ഏകമത്സര ടെസ്റ്റില്‍ ഭാരതത്തിന്റെ ബാറ്റിങ്ങിലാണ് ഈ മാസ്മരിക ബാറ്റിങ് അരങ്ങുവാണത്. ആദ്യദിനത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഭാരതം നേടിയത് 525 റണ്‍സ്.
ടോസ് നേടിയ ഭാരത നായിക ഹര്‍മന്‍പ്രീത് കൗര്‍ ബാറ്റിങ് തെരഞ്ഞെടുത്തു. നന്നായി വരണ്ട് പരന്നു കിടന്ന ചെന്നൈയിലെ പിച്ച് ബാറ്റര്‍മാരുടെ പറുദീസയായ ദിവസമായിരുന്നു ഇന്നലെ. കളി തുടങ്ങി ഷെഫാലി വര്‍മയും സ്മൃതി മന്ഥാനയും ക്രീസിലേക്കെത്തി. ആദ്യ പത്ത് ഓവറുകളില്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ പതിവുശൈലിയില്‍ തന്നെ കാര്യങ്ങള്‍ നീങ്ങി. വിക്കറ്റ് നഷ്ടം കൂടാതെ ഓപ്പണിങ്ങിനിറങ്ങിയ സ്മൃതിയും ഷെഫാലിയും ചേര്‍ന്നെടുത്തത് 27 റണ്‍സ്. പിന്നെ ഇരുവരും ഗിയര്‍ മാറ്റി. ഏകദിനത്തെയും കവച്ചുവയ്ക്കുന്ന തട്ടുപൊളിപ്പന്‍ ബാറ്റിങ് പ്രകടനമാണ് കണ്ടത്.
ദക്ഷിണാഫ്രിക്കന്‍ ബൗളിങ് നിരയ്ക്ക് ആദ്യ വിക്കറ്റ് നേടാനായത് 50 ഓവറുകളും പിന്നിട്ട ശേഷം.
161 പന്തുകള്‍ നേരിട്ട് 149 റണ്‍സെടുത്ത സ്മൃതി മന്ഥാനയാണ് ആദ്യം പുറത്തായത്. ഒന്നാം വിക്കറ്റിലെടുത്ത 292 റണ്‍സ് റിക്കാര്‍ഡായി. 27 ബൗണ്ടറികളും ഒരു സിക്സറും ഉള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ആദ്യ വിക്കറ്റ് നഷ്ടപ്പെട്ട ശേഷവും ഷെഫാലി തകര്ത്തുകളിച്ചുകൊണ്ടിരുന്നു. ഇതിനിടെ മൂന്നാം നമ്പറില്‍ ഇറങ്ങിയ ശുഭ സതീഷ്(15) വളരെ വേഗം പുറത്തായി. ജെമീമ റോഡ്രിഗസ് ഒപ്പം ചേര്‍ന്നതോടെ ഷെഫാലിയുടെ ബാറ്റിങ് കരുത്ത് വീണ്ടും താളത്തിലായി. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഡെല്‍മി ടക്കര്‍ എറിഞ്ഞ 73-ാം ഓവറില്‍ തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ സിക്സര്‍ പറത്തിയ ഷെഫാലി തൊട്ടടുത്ത പന്തില്‍ സിംഗിളെടുത്ത് 200 റണ്‍സെടുത്തു. നേരിട്ട 194-ാം പന്തിലാണ് താരം വേഗത്തിലുള്ള ഈ റിക്കാര്‍ഡ് നേട്ടം കൈവരിച്ചത്. അധികം വൈകാതെ ഷെഫാലി പുറത്തായി. 197 പന്തുകളില്‍ 23 ബൗണ്ടറികളും എട്ട് സിക്സറും സഹിതം 205 റണ്‍സെടുത്താണ് ക്രീസ് വിട്ടത്. ഈ സമയം ഭാരത സ്കോര്‍ 411ലെത്തിയിരുന്നു.
ഭാരത സ്കോര്‍ 450ലെത്തിയപ്പോള്‍ അര്‍ദ്ധസെഞ്ചുറി പ്രകടനവുമായി നിന്ന ജെമീമ(55) പുറത്തായി. പിന്നീട് നായിക ഹര്‍മന്‍പ്രീത് കൗറും(42) റിച്ച ഘോഷും(43) ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 75 റണ്‍സ് കൂട്ടിചേര്‍ത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡെല്‍മി ടക്കര്‍ രണ്ട് വിക്കറ്റും നാദിന്‍ കെ ക്ലെര്‍ക് ഒരു വിക്കറ്റും നേടി. ഷെഫാലി വര്‍മ റണ്ണൗട്ടാകുകയായിരുന്നു.
വനിതാ ടെസ്റ്റിലെ ഒന്നാം ദിവസം ഇതിന് മുമ്പ് നേടിയ ഏറ്റവും വലിയ സ്കോര്‍ 431 റണ്‍സാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: