ഭാരതം നിലവിലെ ആവശ്യകതകള്‍ക്കനുസൃതമായി കാര്‍ഷിക സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു. കയറ്റുമതി വര്‍ധിപ്പിച്ച് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും സ്വയംപര്യാപ്തമാക്കാനുമാണ് നയങ്ങള്‍ക്കു രൂപം നല്‍കുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തത്. ആഗോള വിപണിയില്‍ ഉയര്‍ന്ന ആവശ്യകതയുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍ കണക്കിലെടുത്ത് പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നു. ഇന്ന്, ലോകത്ത് ജൈവ ഉത്പന്നങ്ങളുടെ ആവശ്യം അതിവേഗം വര്‍ധിക്കുകയാണ്. അതിനാല്‍, പ്രകൃതിദത്തകൃഷിയും അനുബന്ധ ഉത്പന്നങ്ങളുടെ വിതരണശൃംഖലയും സര്‍ക്കാര്‍ ശക്തിപ്പെടുത്തുകയാണ്. ഈ ശ്രമങ്ങളിലൂടെ, കര്‍ഷകര്‍ക്ക് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിവരുന്ന ചെലവ് കുറയുകയും അവരുടെ വരുമാനം ഇനിയും വര്‍ധിക്കുകയും ചെയ്യും.
ഭാവി ‘ഹരിത് യുഗ്’ അഥവാ ഹരിതയുഗമായിരിക്കും. ഈ ദിശയില്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ട്. ഹരിത വ്യവസായമേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നു; ഇത് ഹരിത തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നു. ഹരിതോര്‍ജമോ ഗ്രീന്‍ മൊബിലിറ്റിയോ ഏതുമാകട്ടെ, എല്ലാ മേഖലകളിലും തീവ്ര ഉത്കര്‍ഷേച്ഛയോടെയാണ് രാജ്യം പ്രവര്‍ത്തിക്കുന്നത്.
മലിനീകരണമില്ലാത്തതും സംശുദ്ധവും എല്ലാ സൗകര്യങ്ങളുള്ളതുമായ നഗരങ്ങളില്‍ താമസിക്കുക എന്നത് ഇന്ത്യന്‍ പൗരന്മാരുടെ അവകാശമാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയാണ് ഇന്ത്യ. 2014 ഏപ്രിലില്‍ ഇന്ത്യയ്ക്ക് 209 വ്യോമപാതകള്‍ മാത്രമാണുണ്ടായിരുന്നത്. 2024 ഏപ്രിലോടെ ഇത് 605 ആയി ഉയര്‍ന്നു. വ്യോമയാനപാതകളിലെ ഈ വര്‍ധന രണ്ടാം നിര, മൂന്നാം നിര നഗരങ്ങള്‍ക്ക് നേരിട്ട് ഗുണം ചെയ്തു. 10 വര്‍ഷത്തിനിടെ 21 നഗരങ്ങളില്‍ മെട്രോ എത്തി. വന്ദേ മെട്രോ തുടങ്ങിയ നിരവധി പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
വികസിത രാജ്യങ്ങളുമായി തുല്യനിലയില്‍ നില്ക്കാന് ഇന്ത്യയെ പ്രാപ്തമാക്കുന്ന ആധുനിക മാനദണ്ഡങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഈ ദിശയില്‍, മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ പുതിയ മുഖമായി അടിസ്ഥാന സൗകര്യവികസനം ഉയര്‍ന്നുവന്നിട്ടുണ്ട്. പ്രധാനമന്ത്രി ഗ്രാം സഡക് യോജനയ്ക്ക് കീഴില്‍ 10 വര്‍ഷത്തിനിടെ 3,80,000 കി.മീറ്ററിലധികം ഗ്രാമീണ റോഡുകള്‍ നിര്‍മിച്ചു. ഇന്ന്, രാജ്യത്ത് ദേശീയ പാതകളുടെയും അതിവേഗപാതകളുടെയും വിപുലമായ ശൃംഖലയുണ്ട്.
ദേശീയപാത നിര്‍മാണത്തിന്റെ വേഗത ഇരട്ടിയിലധികമായി. അഹമ്മദാബാദിനും മുംബൈയ്ക്കുമിടയിലുള്ള അതിവേഗ റെയില്‍ ആവാസവ്യവസ്ഥയുടെ പ്രവൃത്തികളും അതിവേഗം പുരോഗമിക്കുകയാണ്.
രാജ്യത്തിന്റെ വടക്ക്, തെക്ക്, കിഴക്ക് മേഖലകളില്‍ ബുള്ളറ്റ് ട്രെയിന്‍ ഇടനാഴികളുടെ സാധ്യതാ പഠനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതാദ്യമായാണ് ഇത്രയും വലിയ തോതില്‍ ഉള്‍നാടന്‍ ജലപാതയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.
വടക്ക്-കിഴക്കന്‍ മേഖലകള്‍ക്ക് ഈ സംരംഭം പ്രയോജനം ചെയ്യും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തിനായുള്ള വിഹിതം നാലിരട്ടിയിലേറെ വര്‍ധിപ്പിച്ചു. ‘ആക്ട് ഈസ്റ്റ്’ നയപകാരം ഈ പ്രദേശത്തെ തന്ത്രപ്രധാനമായ കവാടമാക്കി മാറ്റാനുള്ള ശ്രമത്തിലുമാണ്. വടക്ക്-കിഴക്കന്‍ മേഖലകളില്‍ എല്ലാ തരത്തിലുമുള്ള സമ്പര്‍ക്കസൗകര്യങ്ങളും വികസിപ്പിക്കുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, വിനോദസഞ്ചാരം, തൊഴില്‍ തുടങ്ങി എല്ലാ മേഖലകളിലും വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. അസമില്‍ 27,000 കോടി രൂപ ചെലവില്‍ സെമി കണ്ടക്ടര്‍ പ്ലാന്റ് സ്ഥാപിക്കുകയാണ്.
വടക്ക്-കിഴക്കന്‍ മേഖല മെയ്ഡ് ഇന്‍ ഇന്ത്യ ചിപ്പുകളുടെയും കേന്ദ്രമാകും. വടക്കുകിഴക്കന്‍ മേഖലയില്‍ ശാശ്വത സമാധാനത്തിനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ, പഴക്കമുള്ള നിരവധി തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടു; നിരവധി സുപ്രധാന കരാറുകളില്‍ ഏര്‍പ്പെട്ടു. വടക്കുകിഴക്കന്‍ മേഖലകളില്‍ വികസനം ത്വരിതപ്പെടുത്തി, അസ്വസ്ഥത നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് അഫ്സ്പ പിന്‍വലിക്കാനുള്ള പ്രവര്‍ത്തനവും ഘട്ടംഘട്ടമായി നടന്നുവരികയാണ്.
സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിന് പ്രതിജ്ഞാബദ്ധമായ സര്‍ക്കാര്‍ സ്ത്രീശാക്തീകരണത്തിന്റെ പുതുയുഗത്തിന് തുടക്കമിട്ടിരിക്കുന്നു. നാരീശക്തി വന്ദന്‍ അധിനിയം എന്ന നിയമത്തിലൂടെ ഇന്ന് അവര്‍ ശാക്തീകരിക്കപ്പെടുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ, 4 കോടി പിഎം ആവാസ് വീടുകളില്‍ ഭൂരിഭാഗവും സ്ത്രീകള്‍ക്കാണ് അനുവദിച്ചിട്ടുള്ളത്. ഈ സര്‍ക്കാരിന്റെ മൂന്നാം കാലയളവിന്റെ തുടക്കത്തില്‍ തന്നെ 3 കോടി പുതിയ വീടുകള്‍ നിര്‍മിക്കാന്‍ അനുമതി ലഭ്യമാക്കി. ഇതില്‍ ഭൂരിഭാഗം വീടുകളും വനിതാ ഗുണഭോക്താക്കള്‍ക്കാകും അനുവദിക്കുക.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ 10 കോടി സ്ത്രീകളെ സ്വയംസഹായസംഘങ്ങളുടെ ഭാഗമാക്കി. മൂന്ന് കോടി സ്ത്രീകളെ ‘ലഖ്പതി ദീദി’കളാക്കാനുള്ള സമഗ്രമായ യജ്ഞത്തിന് തുടക്കം കുറിച്ചു. ഇതിനായി സ്വയംസഹായസംഘങ്ങള്‍ക്കുള്ള സാമ്പത്തിക സഹായവും വര്‍ധിപ്പിക്കുന്നു. നൈപുണ്യവും വരുമാന സ്രോതസ്സുകളും മെച്ചപ്പെടുത്താനും സ്ത്രീകളോടുള്ള ആദരം വര്‍ധിപ്പിക്കാനുമാണ് സര്‍ക്കാര്‍ ശ്രമം. നമോ ഡ്രോണ്‍ ദീദി പദ്ധതിപ്രകാരം, ആയിരക്കണക്കിന് സ്വയംസഹായസംഘങ്ങളിലെ സ്ത്രീകള്‍ക്ക് ഡ്രോണുകള്‍ നല്‍കുകയും ഡ്രോണ്‍ പൈലറ്റുമാരായി പരിശീലനം നല്‍കുകയും ചെയ്യുന്നു. കൃഷിസഖി സംരംഭത്തിനും തുടക്കംകുറിച്ചു. ഈ സംരംഭത്തിന് കീഴില്‍, നാളിതുവരെ, 30,000 സ്വയംസഹായസംഘങ്ങളിലെ സ്ത്രീകള്‍ക്ക് കൃഷിസഖി സര്‍ട്ടിഫിക്കറ്റ് നല്കി.
കര്‍ഷകരെ സഹായിക്കാന്‍ കൃഷിസഖികള്‍ക്ക് ആധുനിക കാര്‍ഷിക രീതികളില്‍ പരിശീലനവും നല്കുന്നു. സ്ത്രീകളുടെ സമ്പാദ്യം പരമാവധി വര്‍ധിപ്പിക്കുക എന്നതും ലക്ഷ്യമാണ്. സുകന്യ സമൃദ്ധി യോജന പദ്ധതിക്ക് കീഴില്‍ പെണ്‍കുട്ടികള്‍ക്ക് അവരുടെ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കില്‍ പലിശ നല്കുന്നു. സൗജന്യ റേഷനും താങ്ങാനാകുന്ന നിരക്കില്‍ ഗ്യാസ് സിലിന്‍ഡറുകളും നല്കുന്ന പദ്ധതികളിലൂടെ സ്ത്രീകള്‍ക്ക് വളരെയധികം പ്രയോജനം ലഭിക്കുന്നു.
വൈദ്യുതി ബില്‍ പൂജ്യത്തിലെത്തിക്കാനും വൈദ്യുതി വില്‍പ്പനയിലൂടെ വരുമാനം സൃഷ്ടിക്കാനുമുള്ള പദ്ധതിയും കൊണ്ടുവന്നിട്ടുണ്ട്. പിഎം സൂര്യ ഘര്‍ മുഫ്ത് ബിജ്ലി യോജന പ്രകാരം വീടുകളുടെ മേല്‍ക്കൂരയില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നു.
ഇതിനായി ഒരു കുടുംബത്തിന് 78,000 രൂപ വരെ സഹായം നല്‍കുന്നുണ്ട്. ഒരു കോടിയിലധികം കുടുംബങ്ങള്‍ ഇതിനകം ഈ പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തു. മേല്‍ക്കൂരയില്‍ സോളാര്‍ സ്ഥാപിച്ച വീടുകളുടെ വൈദ്യുതി ബില്‍ പൂജ്യമായി കുറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ സര്‍ക്കാര്‍ പദ്ധതികള്‍ പരിപൂര്‍ണതാ സമീപനത്തോടെ നടപ്പാക്കിയതുകൊണ്ടാണ് 25 കോടി ഇന്ത്യക്കാരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ കഴിഞ്ഞത്. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍, മറ്റെല്ലാ സാമൂഹിക, പ്രാദേശിക വിഭാഗങ്ങളുടെയും കുടുംബങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ, അവസാനകോണില്‍ വരെയും വിതരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ഈ വിഭാഗങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചു. വിശേഷിച്ചും, ഗോത്ര സമൂഹങ്ങളില്‍ ഈ മാറ്റം കൂടുതല്‍ പ്രകടമാണ്.
24,000 കോടി രൂപയിലധികം വകയിരുത്തിയ പിഎം ജന്മന് പോലുള്ള പദ്ധതികള്‍ ഏറ്റവും പിന്നാക്കം നില്ക്കുന്ന ഗോത്രവര്‍ഗ വിഭാഗങ്ങളുടെ വികസനത്തിനുള്ള ഉപാധിയാണെന്ന് തെളിയിക്കുകയാണ്. ഉപജീവന അവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി പിഎം-സുരാജ് പോര്‍ട്ടലിലൂടെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ കുറഞ്ഞ പലിശനിരക്കിലുള്ള വായ്പയും നല്‍കുന്നുണ്ട്.
ദിവ്യാംഗ സഹോദരങ്ങള്‍ക്കായി താങ്ങാവുന്ന നിരക്കില്‍ തദ്ദേശീയമായ പിന്തുണാ ഉപകരണങ്ങള്‍ വികസിപ്പിക്കുകയാണ്. പിഎം ദിവ്യാശ കേന്ദ്രങ്ങള്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും.
രാജ്യത്തെ തൊഴില്‍ ശക്തിയോടുള്ള ആദരസൂചകമായി, തൊഴിലാളികളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഡിജിറ്റല്‍ ഇന്ത്യയുടെയും തപാല്‍ ഓഫീസുകളുടെയും ശൃംഖലകള്‍ പ്രയോജനപ്പെടുത്തി അപകട- ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ വിപുലീകരിക്കുന്നു. പിഎം സ്വനിധിയുടെ വ്യാപ്തി വിപുലീകരിക്കുകയും ഗ്രാമീണ, അര്‍ധ നഗര പ്രദേശങ്ങളിലെ വഴിയോര കച്ചവടക്കാരെയും അതിന്റെ പരിധിയില്‍ കൊണ്ടുവരികയും ചെയ്യും.
കഴിഞ്ഞ 10 വര്‍ഷത്തെ രാഷ്ട്രത്തിന്റെ നേട്ടങ്ങളുടെയും പുരോഗതിയുടെയും അടിത്തറ പാവപ്പെട്ടവരുടെ ശാക്തീകരണമാണ്.സര്‍ക്കാര്‍ തങ്ങള്‍ക്കായി സേവനം ചെയ്യുന്നുവെന്ന് ഇതാദ്യമായി പാവപ്പെട്ടവര്‍ മനസ്സിലാക്കി.
കൊറോണ നാളുകളില്‍ 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ പിഎം ഗരീബ് കല്യാണ്‍ അന്ന യോജന ആരംഭിച്ചു. രാജ്യത്തെ കോടിക്കണക്കിന് പാവപ്പെട്ടവര്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മിച്ചുനല്‍കി. ആയുഷ്മാന്‍ ഭാരത് യോജന പ്രകാരം 55 കോടി ഗുണഭോക്താക്കള്‍ക്ക് സൗജന്യ ആരോഗ്യ സേവനങ്ങള്‍ നല്കുന്നു.
രാജ്യത്ത് 25,000 ജന്‍ ഔഷധി കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ 70 വയസ്സിനു മുകളിലുള്ള എല്ലാ വയോജനങ്ങള്‍ക്കും ആയുഷ്മാന്‍ ഭാരത് യോജനയുടെ കീഴില്‍ സൗജന്യ ചികിത്സയുടെ ആനുകൂല്യം ലഭിക്കും.
പത്ത് വര്‍ഷം മുമ്പ്, ഇന്ത്യയുടെ ബാങ്കിംഗ് മേഖലയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ ബാങ്കിംഗ് പരിഷ്കാരങ്ങള്‍ കൊണ്ടുവന്നു. ഐബിസി പോലുള്ള നിയമങ്ങള്‍ രൂപീകരിച്ചു. ഈ പരിഷ്കാരങ്ങള്‍ ഇന്ന് ഇന്ത്യയുടെ ബാങ്കിംഗ് മേഖലയെ ലോകത്തിലെ ഏറ്റവും ശക്തമായ ബാങ്കിംഗ് മേഖലകളിലൊന്നാക്കി മാറ്റി.
പൊതുമേഖലാ ബാങ്കുകള്‍ ഇന്ന് ശക്തവും ലാഭകരവുമാണ്. പൊതുമേഖലാ ബാങ്കുകളുടെ ലാഭം 2023-24ല്‍ 1.4 ലക്ഷം കോടി രൂപ കവിഞ്ഞു. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35 ശതമാനം കൂടുതലാണ്. നമ്മുടെ ബാങ്കുകളുടെ ശക്തി അവരുടെ വായ്പാ പരിധി വര്‍ധിപ്പിക്കാനും രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് സംഭാവന നല്‍കാനും അവരെ പ്രാപ്തരാക്കുന്നു. പൊതുമേഖലാ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തിയും തുടര്‍ച്ചയായി കുറഞ്ഞുവരികയാണ്. ഇന്ന് എസ്ബിഐ റെക്കോര്‍ഡ് ലാഭത്തിലാണ്. എല്‍ഐസി എന്നത്തേക്കാളും ശക്തമാണ്. എച്ച്എഎല്‍ രാജ്യത്തിന്റെ പ്രതിരോധ വ്യവസായത്തിന് കരുത്ത് പകരുന്നു. ജിഎസ്ടി ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ഔപചാരികമാക്കുന്നതിനുള്ള മാധ്യമമായി മാറി. ബിസിനസ്-വ്യാപാര നടപടികള്‍ മുമ്പത്തേക്കാള്‍ എളുപ്പമാക്കാന്‍ സഹായിക്കുന്നു. ആദ്യമായി ഏപ്രില്‍ മാസത്തില്‍ ജിഎസ്ടി സമാഹരണം 2 ലക്ഷം കോടി രൂപ കവിഞ്ഞു. ഇത് സംസ്ഥാനങ്ങളെ സാമ്പത്തികമായി ശക്തിപ്പെടുത്തി. ഇന്ന് ലോകം മുഴുവന്‍ ഡിജിറ്റല്‍ ഇന്ത്യയെയും ഡിജിറ്റല്‍ പേയ്മെന്റിനെയും കുറിച്ച് ആവേശഭരിതരാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: