പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു നടത്തിയ പ്രസംഗം പല നിലകളിലും ചരിത്രപരമാണ്. കോണ്‍ഗ്രസിന്റെ ഭരണകൂടം ഭരണഘടന അട്ടിമറിച്ച് ജനാധിപത്യത്തെ കശാപ്പു ചെയ്തതായി ഓര്‍മിപ്പിച്ച രാഷ്ട്രപതി, അന്‍പത് വര്‍ഷം മുന്‍പ് ഇങ്ങനെ ചെയ്തവര്‍ ഇപ്പോള്‍ ഭരണഘടനയുടെ വക്താക്കളായി പ്രത്യക്ഷപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതിനെ തുറന്നുകാട്ടുകയുണ്ടായി. നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തിലെത്തിയതിന്റെ നിരാശയും അമര്‍ഷവും മറച്ചുപിടിക്കാന്‍ പ്രതിപക്ഷം ഭരണഘടനാ സംരക്ഷകര്‍ ചമയുമ്പോഴാണ് ആദ്യ സഭാസമ്മേളനത്തില്‍ തന്നെ ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ള ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞത്. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തിനുമേല്‍ അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥ ഭരണഘടനയ്ക്കെതിരായ ഏറ്റവും വലിയ ആക്രമണമായിരുന്നുവെന്ന് രാഷ്ട്രപതിയും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സര്‍ക്കാരിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള കോണ്‍ഗ്രസിന്റെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും ശ്രമങ്ങള്‍ക്കു നേരെ കയ്യുംകെട്ടി നോക്കിനില്ക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് സ്പീക്കര്‍ ഓംബിര്‍ളയും രാഷ്ട്രപതി മുര്‍മുവും നല്‍കിയിരിക്കുന്നത്. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ മൂന്നാം മോദി സര്‍ക്കാര്‍ ദുര്‍ബലമായിരിക്കുമെന്ന പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍ തെറ്റാണെന്ന് തുടക്കത്തില്‍തന്നെ തെളിഞ്ഞിരിക്കുകയാണ്.
ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിച്ചതിനാല്‍ ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കുറച്ചു സീറ്റുകള്‍ കുറഞ്ഞെങ്കിലും മോദി സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ ജനക്ഷേമ പദ്ധതികള്‍ക്ക് വലിയ ജനപിന്തുണയാണ് വോട്ടര്‍മാര്‍ നല്‍കിയത്. അധികാരത്തില്‍ തുടരാനുള്ള വ്യക്തമായ ജനവിധി ലഭിച്ചത് ഇതിനു തെളിവാണ്. പത്ത് വര്‍ഷത്തെ ഭരണത്തിലേതുപോലെ ജനക്ഷേമ പദ്ധതികളില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് കാലത്ത് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നു. ഇതുവരെ കണ്ടത് ട്രെയിലറാണെന്നും, വന്‍ കാര്യങ്ങള്‍ വരാനിരിക്കുന്നതെയുള്ളൂവെന്നും മോദി ജനങ്ങള്‍ക്ക് ഉറപ്പുകൊടുത്തിരുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലും അധികാരത്തുടര്‍ച്ച ലഭിച്ചാല്‍ മോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന പദ്ധതികളെക്കുറിച്ച് പറഞ്ഞിരുന്നു. ഇതിലൊന്നാണ് ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആയുഷ്മാന്‍ ഇന്‍ഷുറന്‍സ് പദ്ധതി. ഇതുവരെയുള്ള ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചിരുന്നവര്‍ക്ക് പുറമെ എഴുപത് വയസ്സു കഴിഞ്ഞ രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്ന പ്രഖ്യാപനമാണ് രാഷ്ട്രപതി നടത്തിയിരിക്കുന്നത്. രാജ്യത്തെ പന്ത്രണ്ട് കോടി കുടുംബങ്ങള്‍ക്ക് അതായത് 50 കോടി ആളുകള്‍ക്ക് വര്‍ഷം അഞ്ച് ലക്ഷം രൂപവരെ ആശുപത്രിച്ചെലവുകള്‍ അനുവദിക്കുന്നതാണ് ഈ പദ്ധതി. ആശുപത്രിവാസം, ചികിത്സ, ശസ്ത്രക്രിയകള്‍, മരുന്നുകള്‍ എന്നിവയടക്കം രണ്ടായിരത്തോളം മെഡിക്കല്‍ നടപടികള്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍പ്പെടുത്തി സൗജന്യ ചികിത്സ നല്‍കുന്നുണ്ട്. ലോകത്തില്‍ വച്ചുതന്നെ അതിബൃഹത്തായ സൗജന്യ ചികിത്സാ പദ്ധതിയാണിത്.
വളരെ ചുരുക്കം ചിലരെ ഒഴിച്ചുനിര്‍ത്തിയാല്‍ വയോജനങ്ങളില്‍ ഏറ്റവും അധികംപേര്‍ ജീവിതത്തില്‍ അങ്ങേയറ്റം നിസ്സഹായാവസ്ഥയില്‍ കഴിയുന്നവരാണ്. ഒറ്റപ്പെടലിന്റെ പ്രശ്നം മാത്രമല്ല ഇവര്‍ അനുഭവിക്കുന്നത്. സ്വന്തമായി വരുമാനമില്ലാത്തത് ഇവര്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നം തന്നെയാണ്. പലതരം ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്ന ഇവരില്‍ നല്ലൊരു വിഭാഗത്തിനും ശരിയായ ചികിത്സ ലഭിക്കാത്തവരാണ്. സ്വന്തം സുഖസൗകര്യങ്ങളും തിരക്കുകളുമൊക്കെ കഴിഞ്ഞിട്ട് വയോവൃദ്ധരായ മാതാപിതാക്കളെ പരിപാലിക്കാത്തവരുടെയും അതിനു താല്‍പ്പര്യമില്ലാത്തവരുടെയും എണ്ണം വര്‍ധിക്കുകയാണ്. ഇപ്പോഴത്തെ ചികിത്സാരീതിയനുസരിച്ച് ലക്ഷങ്ങള്‍ കയ്യിലില്ലാതെ ആശുപത്രികളെ ആശ്രയിക്കാനാവില്ല. വയോവൃദ്ധര്‍ അനുഭവിക്കുന്ന വല്ലാത്തൊരു നിസ്സഹായാവസ്ഥയാണിത്. ഈ സാഹചര്യത്തില്‍ എഴുപത് കഴിഞ്ഞവര്‍ക്കും സൗജന്യ ചികിത്സ ലഭിക്കുന്നതിന്റെ ആശ്വാസം വളരെ വലുതാണ്, അതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ചികിത്സാ സഹായം ഏറ്റവുമധികം ആവശ്യമുള്ളവരാണ് വയോവൃദ്ധര്‍. മക്കള്‍ക്ക് മാതാപിതാക്കളോട് സ്നേഹവും ആത്മാര്‍ത്ഥതയുമുണ്ടെങ്കില്‍ തന്നെ ഇവരെ ചികിത്സിക്കുന്നതിനു വേണ്ടിവരുന്ന സാമ്പത്തികഭാരം പലരേയും വിഷമത്തിലാക്കുന്നു. ആയുഷ്മാന്‍ ഭാരതിന്റെ പരിധി വര്‍ധിപ്പിച്ചത് ഒരേസമയം വയോവൃദ്ധരുടെ ജീവിതത്തില്‍ പ്രകാശം പരത്തുക മാത്രമല്ല, അവരുടെ മക്കള്‍ക്കും ഏറെ സഹായകരമാകുമെന്ന കാര്യം ഉറപ്പാണ്. ഈ ഒറ്റക്കാരണം കൊണ്ടുതന്നെ വയോജനങ്ങള്‍ ബിജെപിയോടും എന്‍ഡിഎയോടും മോദി സര്‍ക്കാരിനോടും കടപ്പെട്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: