Sports

പരിക്ക്: എലെയ്ന്‍ തോംപ്‌സണ്‍ ഒളിംപിക്‌സിനില്ല

Published by

ന്യൂയോര്‍ക്ക്: ട്രാക്കിലെ വേഗറാണി എലെയ്ന്‍ തോംപ്സണ്‍ പാരിസ് ഒളിംപിക്‌സില്‍ മത്സരിക്കില്ല. പരിശീലനത്തിനിടെ പരിക്കേറ്റതിനാല്‍ താരം പിന്‍മാറുകയാണെന്ന് പ്രഖ്യാപിച്ചു. ജൂണ്‍ ഒമ്പതിന് ന്യൂയോര്‍ക്ക് സിറ്റി ഗ്രാന്‍ഡ് പ്രിക്‌സിനിടെയാണ് താരത്തിന്റെ കാല്‍ വണ്ണയില്‍ പരിക്ക് പറ്റിയത്. ഇതേ തുടര്‍ന്ന് ചികിത്സ തേടിയ താരം ഇന്നലെയാണ് പാരിസില്‍ താന്‍ പങ്കെടുക്കില്ലെന്ന് ലോകത്തെ അറിയിച്ചത്.

31കാരിയായ ഈ ജമൈക്കന്‍ പെണ്‍താരമാണ് കഴിഞ്ഞ രണ്ട് ഒളിംപിക്‌സിലും വനിതകളുടെ 100, 200 മീറ്ററുകളില്‍ സ്വര്‍ണം നേടിയത്. ഒന്നിലധികം ഒളിംപിക്‌സില്‍ ഈ രണ്ട് ഇനങ്ങളിലും സ്വര്‍ണം നേടുന്ന ഒരേയൊരു വനിതാ താരമാണ് എലെയ്ന്‍ തോംപ്‌സണ്‍. പുരുഷ താരങ്ങളില്‍ ഈ നേട്ടം കൈവരിച്ചിട്ടുള്ള ഒരേയൊരാള്‍ ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് ആണ്.

പാരിസില്‍ നൂറ് മിറ്ററിലെ തന്റെ സ്വര്‍ണം നിലനിര്‍ത്താന്‍ എലെയ്ന്‍ തോംപ്‌സണ്‍ 200 മീറ്ററില്‍ ഇത്തവണ പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. 100 മീറ്ററില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കെയാണ് പരിക്ക് വില്ലനായെത്തിയത്. 2016 റയോ ഡി ജനീറോ ഒളിംപിക്‌സില്‍ 100ലും 200ലും സ്വര്‍ണം നേടിയ എലെയ്ന്‍ കഴിഞ്ഞ തവണ ടോക്കിയോയില്‍ മെഡല്‍ നേട്ടം നിലനിര്‍ത്തി. ഒപ്പം വനിതകളുടെ 4-100 റിലേയില്‍ സ്വര്‍ണം നേടി കരിയറില്‍ അഞ്ച് ഒളിംപിക് സ്വര്‍ണം തികച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by