ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന പ്രധാനമന്ത്രി ഗതിശക്തി പദ്ധതി ഭാരതത്തിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ മാറ്റമാണ് വരുത്തുന്നതെന്ന് പ്രമുഖ സാമ്പത്തികകാര്യ സ്ഥാപനമായ മോര്ഗന് സ്റ്റാന്‍ലി.
പത്തു വര്‍ഷം കൊണ്ട് ഭാരതത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ അതിശക്തമായി. പദ്ധതിയുടെ ഫലമായി ഈ മേഖലയില്‍ നിക്ഷേപങ്ങള്‍ കൂടി വരികയാണെന്ന് മാത്രമല്ല മികച്ച ലക്ഷ്യത്തോടെ മികച്ച ഉത്പാദന ക്ഷമതയോടെയാണ് പദ്ധതി മുന്നേറുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഭാരതം പണം ചെലവിടുന്നത് തുടരുമെന്നും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. 2024ല്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (സാമ്പത്തിക വളര്‍ച്ച) 5.3 ശതമാനം വര്‍ധനയാണ് ഈ രംഗത്തുണ്ടായതെങ്കില് 2029ല്‍ ഇത് ആറര ശതമാനമായി ഉയരും. അതിന്റെ ഫലമായി അടിസ്ഥാന സൗകര്യങ്ങള്‍ 15.3 ശതമാനം വളരും. വരുന്ന അഞ്ചു വര്‍ഷം കൊണ്ട് 1.45 ട്രില്ല്യണ്‍ ഡോളറാകും ഭാരതം ഈ രംഗത്ത് ചെലവിടുക. വിമാനത്താവളങ്ങളില്‍ നിന്നോ തുറമുഖങ്ങളില്‍ നിന്നോ ചരക്കെടുക്കാന്‍ കണ്ടെയ്നറുകള്‍ക്ക് അവിടങ്ങളില്‍ കിടക്കേണ്ട സമയം (കണ്ടെയ്നര്‍ ഡ്വല്‍ ടൈം) ഭാരതത്തില്‍ ശരാശരി മൂന്നു ദിവസം മാത്രമാണിപ്പോള്‍. ഇത് യുഎഇയിലും ദക്ഷിണാഫ്രിക്കയിലും നാലു ദിവസവും അമേരിക്കയില്‍ ഏഴ് ദിവസവും ജര്‍മ്മനിയില്‍ പത്തു ദിവസവുമാണ്. റോഡുകളും റെയില്‍വേയും തുറമുഖങ്ങളും വിമാനത്താവളങ്ങളും ജലപാതകളും യാത്രാ, ചരക്കു കടത്ത് സൗകര്യങ്ങളും വികസിപ്പിക്കാന്‍ 2021ല്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്നതാണ് പ്രധാനമന്ത്രി ഗതിശക്തി പദ്ധതി.
609 ബില്ല്യന്‍ ഡോളറിന്റെ 101 പദ്ധതികളാണ് ഗതിശക്തി വഴി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇതില്‍ 89 ബില്ല്യന്‍ ഡോളറിന്റെ 26 പദ്ധതികള്‍ പൂര്‍ത്തിയായി. 366.4 ബില്ല്യന്‍ ഡോളറിന്റെ 33 പദ്ധതികള്‍ നടപ്പാക്കിവരികയാണ്. 153.4 ബില്ല്യന്‍ ഡോളറിന്റെ 42 പദ്ധതികള്‍ വികസിപ്പിച്ചുവരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സാഗര്‍ മാല പദ്ധതി പ്രകാരം 1.12 ട്രില്ല്യന്‍ ഡോളറിന്റെ 220 പദ്ധതികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 2.21 ട്രില്ല്യണിന്റെ 231 പദ്ധതികള്‍ നടപ്പാക്കി വരികയാണ്. 2.07 ട്രില്ല്യണിന്റെ 351 പദ്ധതികള്‍ വിലയിരുത്തല്‍ ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: