കളിയിക്കാവിള: ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ കൊലപാതകം നടത്തിയ ഗുണ്ടാ നേതാവ് അമ്പിളിയുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെടുത്ത 7.5 ലക്ഷം രൂപ ഭര്‍ത്താവ് അമ്പിളി തന്നതാണെന്ന് ഭാര്യ മൊഴി നല്കി.
രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ കത്തിച്ച ശേഷം ബാഗ് പുഴയില്‍ കളഞ്ഞെന്ന് അമ്പിളിയുടെ ഭാര്യ പൊലീസിനോട് പറഞ്ഞു. അമ്പിളിയുടെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തി. കൊലപാതകം നടക്കുന്ന സമയം അമ്പിളി വീട്ടില്‍ ഉണ്ടായിരുന്നു എന്നാണ് ഇവര്‍ ആദ്യം മൊഴി നല്‍കിയത്. അമ്പിളിയുടെ ഫോണും വീട്ടിലായിരുന്നു.
അതേസമയം കൊലപാതകവും പിടികൊടുത്തതും ആസൂത്രിതമെന്നാണ് പൊലീസിന്റെ സംശയം.ക്ലോറോഫോം മണപ്പിച്ച ശേഷമാണ് കൊലപാതകം നടത്തിയതെന്ന് അമ്പിളി പൊലീസിന് മൊഴി നല്കി. ആശുപത്രി ഉപകരണങ്ങളുടെ ഡീലര്‍ സുനിലാണ് ക്ലോറോഫോം നല്‍കിയത്.
അതിനിടെ , കൊലപാതക ശേഷം അമ്പിളി തൊട്ടടുത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍ എത്തുന്നതിന്റെ സിസിടിവിദൃശ്യങ്ങള്‍ പുറത്തുവന്നു.തന്റെ കൈയില്‍ നിന്ന് ഫോണ്‍ വാങ്ങി ആരെയോ വിളിച്ചെന്ന് ജീവനക്കാരന് മൊഴി നല്കി.എന്നാല്‍ വിളിച്ച നമ്പര്‍ സ്വിച്ച് ഓഫാണെന്ന് അമ്പിളി പറഞ്ഞുവെന്നും ജീവനക്കാരന് പറഞ്ഞു.
പ്രതിയെ കുഴിത്തുറ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രണ്ടു ദിവസത്തിന് ശേഷം കസ്റ്റഡിയില്‍ വാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: