തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് കേരളത്തിലെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകൾക്കും കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. അവധി നിർദേശം മറികടന്ന് പ്രവർത്തിച്ചാൽ ശക്തമായ നടപടിയെടുക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ വ്യക്തമക്കി. ചില ട്യൂഷൻ സെന്ററുകൾ ക്ലാസുകൾ നടത്താൻ തീരുമാനിച്ച വിവരം ശ്രദ്ധയിൽപെട്ടതോടെയാണ് കളക്ടറുടെ മുന്നറിയിപ്പ്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ്സി പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല. ഇടുക്കിയിലും വയനാട്ടിലും കോട്ടയത്തും വിനോദ സഞ്ചാരത്തിന് വിലക്കുണ്ട്.
ഇടുക്കിയിൽ മുന്നാർ ഉൾപ്പെടെയുള്ള മേഖലയിൽ ഇടവിട്ട് മഴ തുടരുകയാണ്. പ്രശ്‌ന സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. രാത്രി യാത്ര നിരോധനവും തുടരുന്നുണ്ട്. തമിഴ്‌നാട്ടിലേക്ക് ദേവികുളം വഴിയുള്ള പാത മാറ്റി നിർത്തി ആനച്ചാൽ വഴി പോകാൻ നിർദേശമുണ്ട്. കല്ലാർ കുട്ടി, പാംബ്ല, മൂന്നാർ ഹെഡ് വർക്ക് ഡാം എന്നിവയുടെ ഷട്ടറുകൾ തുറന്നതിനാൽ പെരിയാർ, മുതിരപ്പുഴയാർ എന്നിവയുടെ തീരങ്ങളിൽ ജാഗ്രത നിർദ്ദേശമുണ്ട്.
വയനാട് ജില്ലയിൽ ഖനനത്തിന് കലക്ടർ താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. ഇന്നും നാളെയും ഖനനവോ മണ്ണെടുപ്പോ പാടില്ല. വിനോ ദസഞ്ചാര കേന്ദ്രങ്ങളും ഇന്ന് അടച്ചിടും. പുഴയിലോ വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും പുഴയിൽ മീൻ പിടിക്കാൻ ഇറങ്ങരുതെന്നും കലക്ടർ മുന്നറിയിപ്പ് നൽകി. ഇന്നലെ വൈകുന്നേരത്തെ കനത്ത മഴയെ തുടർന്ന് മലപ്പുറം പെരുമ്പടപ്പ് വില്ലേജിൽ ഒരു ഭുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. ഒരു കുടുംബത്തെ ക്യാമ്പിലേക്ക് മാറ്റി. വെളിയങ്കോട്, പൊന്നാനി വില്ലേജുകളിൽ 22 ആളുകളെ ബന്ധുവീടുകളിലേക്ക് താമസം മാറ്റി.
എറണാകുളം എടവനക്കാട് തീരപ്രദേശ മേഖലയോട് കളക്ടർ അവഗണന കാണിക്കുന്നു എന്നാരോപിച്ച് വൈപ്പിൻ ചെറായി സംസ്ഥാന പാത ഉപരോധിക്കാൻ തീരദേശവാസികൾ.നിലവിൽ പുലിമുട്ട് വരുന്നതിനും ടെട്രോ മോഡലിൽ കടൽ ഭിത്തി നിർമിക്കുന്നതിനും ഫണ്ട് ഇല്ലെന്ന് കളക്ടറേറ്റിൽ വിളിച്ചു ചേർത്ത യോഗത്തിൽ കളക്ടർ നിലപാടെടുത്തു. ഇതിനെതിരെയാണ് ഇന്ന് രാവിലെ 8 മണി മുതൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാനുള്ള തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: