കൊച്ചി: ശക്തി കുറയുമെന്ന പ്രവചനത്തിനിടെ ഇന്നലേയും സംസ്ഥാനത്ത് പരക്കെ മഴ കനത്തു. ഉച്ചയോടെ രണ്ട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് ആറ് ജില്ലകളായി ഉയര്‍ന്നു. എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. പടിഞ്ഞാറന്‍ കാറ്റ് കൂടുതല്‍ ശക്തമായതാണ് മഴ കനക്കാന്‍ കാരണം. മധ്യ – വടക്കന്‍ കേരളത്തിലാണ് മഴ കൂടുതല്‍ പെയ്തത്. പുലര്‍ച്ചെ സമയങ്ങളിലും പൊതുവെ മിക്കയിടത്തും മഴ പെയ്തു.
പകല്‍ സമയത്ത് മഴയ്ക്ക് ചെറിയ ഇടവേളകള്‍ ലഭിച്ചെങ്കിലും ഉച്ചയോടെ വീണ്ടും ശക്തമായി. മധ്യകേരളത്തിലാണ് കൂടുതല്‍ മഴ ലഭിച്ചത്. ഇടുക്കിയുടെ മലയോര മേഖലകളിലും മഴ ശക്തമായി. കല്ലാര്‍കുട്ടി (നേര്യമംഗലം), പാംബ്ല (ലോവര്‍പെരിയാര്‍), പൊരിങ്ങല്‍കുത്ത് എന്നീ അണക്കെട്ടുകള്‍ ഇന്നലെ തുറന്നു. അതേസമയം നേരത്തെ തുറന്നിരുന്ന അണക്കെട്ടുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. മലങ്കര ഡാമിന്റെ 3 ഷട്ടര്‍ 50 സെ. മീറ്ററില്‍ നിന്ന് ഒരു മീറ്ററായി ഉയര്‍ത്തി. ജലസേചന വകുപ്പിന്റെ കീഴിലുള്ള നെയ്യാര്‍, കല്ലട, മണിയാര്‍, ഭൂതത്താന്‍കെട്ട് എന്നീ ഡാമുകളും തുറന്നിരിക്കുകയാണ്.
ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ ഡാം മേഖലയിലാണ്, 17 സെ.മീ. മൂന്നാറില്‍ 15, പീരുമേട്, വടകര, വൈത്തിരി, ലോവര്‍ ഷോളയാര്‍ എന്നിവിടങ്ങളില്‍ 14 സെ.മീ. വീതവും മഴ കിട്ടി.
ഇന്ന് വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. പൊതുവെ മഴ കുറയുമെന്നാണ് പുതിയ പ്രവചനങ്ങള്‍. പുലര്‍ച്ചെ വരെ വടക്കന്‍ ജില്ലകളില്‍ മഴ ലഭിക്കുമെങ്കിലും രാവിലെയോടെ കുറയും. വിവിധയിടങ്ങളില്‍ മഴയുടെ ഇടവേളകളില്‍ വെയിലുമെത്തും. ഉച്ചയോടെ മധ്യകേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
മഹാരാഷ്ട മുതല്‍ മധ്യകേരളം വരെ നിലവില്‍ ന്യൂനമര്‍ദ പാത്തി തുടരുകയാണ്. ഇതിനൊപ്പം ഗുജറാത്തിന്റെ മധ്യമേഖലയില്‍ ചക്രവാതച്ചുഴിയുമുണ്ട്. ഇത് രണ്ടും മൂലം പടിഞ്ഞാറന്‍ കാറ്റ് ശക്തമായതാണ് മഴയ്ക്ക് മുഖ്യകാരണം. 7.9 കി.മീ. വരെ ഉയരത്തില്‍ ഇപ്പോഴും കാറ്റ് ശക്തമാണ്. അതേ സമയം കാലവര്‍ഷം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. ഗുജറാത്തിന്റെ മധ്യമേഖല, തെക്കന്‍ രാജസ്ഥാന്, തെക്കന്‍ ബംഗാള്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ഏതാണ്ട് പൂര്‍ണമായും കാലവര്‍ഷമെത്തി. കേരള തീരത്ത് 55 കി.മീ. വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകുന്നതിനുള്ള വിലക്ക് തുടരുകയാണ്. ഇതിനൊപ്പം തീരത്ത് ഉയര്‍ന്ന തിരമാല ഭീതിയും തുടരുകയാണ്.
ജലനിരപ്പ് രണ്ട് ശതമാനം കൂടി
കെഎസ്ഇബിയുടെ കീഴിലുള്ള സംഭരണികളിലെ ജലനിരപ്പ് ഒരു ദിവസത്തിനിടെ രണ്ട് ശതമാനം കൂടി. പ്രധാനപ്പെട്ട 16 സംഭരണികളിലായി ആകെ 28 ശതമാനം വെള്ളമാണ് നിലവിലുള്ളത്. 1082.146 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ വെള്ളമാണ് തിങ്കളാഴ്ച ഉണ്ടായിരുന്നത്. ഇത് ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം 1172.89 ആയി കൂടി.
അതേസമയം ഇടുക്കി സംഭരണിയില്‍ ഒരു ദിവസത്തിനിടെ 2.14 അടി വെള്ളം ഉയര്‍ന്നു. നിലവില്‍ 2331.7 അടിയാണ് ജലനിരപ്പ്, മൊത്തം സംഭരണ ശേഷിയുടെ 31.41%.
മഴക്കുറവ് 27 ശതമാനമായി താഴ്ന്നു
കനത്ത മഴയില്‍ ഒറ്റദിവസം കൊണ്ട് സംസ്ഥാനത്തെ മഴക്കുറവില്‍ 10 ശതമനത്തിന്റെ മാറ്റം. തിങ്കളാഴ്ച 37 ശതമാനമായിരുന്ന മഴക്കുറവ് ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിനിടെ 27ലേക്ക് താഴ്ന്നു. 55.54 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് കിട്ടിയത് 40.44 സെ.മീറ്ററാണ്. ശനിയാഴ്ച മഴക്കുറവ് 43 ശതമാനം ആയിരുന്നു. 25ന് സംസ്ഥാനത്ത് ശരാശരി 7 സെ.മീ. മഴ കിട്ടി. ജൂണില്‍ ആറ് ദിവസമാണ് ആകെ ശരാശരിയില്‍ കൂടുതല്‍ മഴ കിട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: