Kerala

നിയമസഭാ നടപടിക്രമത്തില്‍ അനൗചിത്യം; സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

Published by

തിരുവനന്തപുരം: അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച് സ്പീക്കര്‍ നടത്തിയ പരാമര്‍ശത്തിലെ അനൗചിത്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കത്ത് നല്‍കി.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി വിധി ലംഘിച്ച് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നടപടി സംബന്ധിച്ച് കഴിഞ്ഞ ദിവസം കെ.കെ. രമ നല്‍കിയ അടിയന്തര പ്രമേയം തള്ളിക്കൊണ്ടുള്ള സ്പീക്കറുടെ മറുപടിയിലാണ് പ്രതിപക്ഷം കത്ത് നല്‍കിയത്.

പ്രതിപക്ഷം ഉന്നയിച്ച വിഷയത്തെ കുറിച്ച് മറുപടി പറയേണ്ടത് ആഭ്യന്തര, ജയില്‍ വകുപ്പുകളുടെ ചുമതലയുള്ള മുഖ്യമന്ത്രിയാണ്. ഇത് സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുന്നതും ആഭ്യന്തര വകുപ്പാണ്. സര്‍ക്കാര്‍ ഫയലുകള്‍ സംബന്ധിച്ച് ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റിന് യാതൊരു ബന്ധവും ഇല്ലെന്നിരിക്കെ, മുഖ്യമന്ത്രി പറയേണ്ട മറുപടി സ്പീ
ക്കര്‍ പറഞ്ഞതിലെ അനൗചിത്യം പ്രതിപക്ഷം സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്. സര്‍ക്കാരിന്റെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിക്കാം എന്നല്ലാതെ സര്‍ക്കാര്‍ പറയേണ്ട മറുപടി സ്പീക്കര്‍ പറഞ്ഞത് ഉചിതമായില്ലെന്നും പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി.

വിഷയത്തില്‍ ഇടപെട്ട് സംസാരിച്ച പ്രതിപക്ഷ നേതാവിന്റെ പ്രസംഗം സ്പീക്കര്‍ തടസപ്പെടുത്തിയതോടെ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്‌പോരുമുണ്ടായി. ഇന്നലെയും ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ നേതാവും സ്പീക്കറും തമ്മില്‍ വീണ്ടും കൊമ്പ് കോര്‍ത്തു. ടി. സിദ്ദിഖ് എംഎല്‍എയുടെ ചോദ്യം ആര്‍ക്കും മനസിലായില്ലെന്ന സ്പീക്കറുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തി. സ്പീക്കറുടെ കമന്റ് പ്രതിപക്ഷ അംഗത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും പ്രതിപക്ഷ അംഗങ്ങളോട് മാത്രമാണ് ഈ സമീപനമെന്നും സതീശന്‍ ആരോപിച്ചു. പ്രതിപക്ഷത്തെ മാത്രമല്ല, ഭരണപക്ഷത്തെയും താന്‍ ഇക്കാര്യം ഓര്‍മിപ്പിക്കാറുണ്ടെന്നും ചോദ്യം ചോദിക്കുമ്പോള്‍ സമയം എല്ലാവര്‍ക്കും ബാധകമാണെന്നും സ്പീക്കര്‍ പറഞ്ഞതോടെ തര്‍ക്കം അവസാനിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by