Editorial

സഹകരണകൊള്ളയ്‌ക്ക് ആര്‍ബിഐ കുരുക്ക്

കേരളാ ബാങ്കിനെ തരംതാഴ്‌ത്തിക്കൊണ്ടുള്ള റിസര്‍വ് ബാങ്കിന്റെ നടപടി അഴിമതിക്കെതിരായ നീക്കമായി എല്ലാവരും സ്വാഗതം ചെയ്യുമെന്നുറപ്പാണ്. അതേസമയം സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും ഇതിനെതിരെ രംഗത്തുവരുമെന്നതും ഉറപ്പാണ്. നിലവില്‍ ബി ഗ്രേഡ് ഉണ്ടായിരുന്ന കേരളാ ബാങ്കിനെ സി ഗ്രേഡായാണ് തരംതാഴ്‌ത്തിയിരിക്കുന്നത്. ഇതുവഴി ഇടപാടുകള്‍ക്ക് കടുത്ത നിയന്ത്രണം വരും. ഇനി മുതല്‍ 25 ലക്ഷത്തിനുമേല്‍ വ്യക്തിഗത വായ്പ നല്‍കാനാവില്ലെന്നു മാത്രമല്ല, കൊടുത്ത വായ്പകള്‍ ഘട്ടംഘട്ടമായി തിരിച്ചുപിടിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയുമാണ്. നബാര്‍ഡിന്റെ നിര്‍ദേശമനുസരിച്ചുള്ള ആര്‍ബിഐയുടെ ഈ നടപടി കേരളാ ബാങ്കിന് കനത്ത തിരിച്ചടിയാണ്. നല്‍കിയ വായ്പകള്‍ തിരിച്ചുപിടിക്കുകയെന്നത് അത്ര എളുപ്പമാവില്ല. വേണ്ടപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുള്ള വ്യാജ വായ്പകളായിരിക്കും പലതും. യഥാര്‍ത്ഥ അക്കൗണ്ട് ഉടമ അറിയാതെ നല്‍കിയിട്ടുള്ള ഇത്തരം വായ്പകള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിച്ചാല്‍ അത് കരുവന്നൂര്‍ മോഡല്‍ പൊട്ടിത്തെറിക്ക് കാരണമാവും. ഭരണസമിതിയില്‍ വിദഗ്ധരെക്കാള്‍ രാഷ്‌ട്രീയക്കാരെ കുത്തിനിറച്ച കേരളബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി നിശ്ചിത പരിധിയായ ഏഴ് ശതമാനവും കടന്ന് പതിനൊന്ന് ശതമാനമായതാണ് ആര്‍ബിഐ നടപടി അനിവാര്യമാക്കിയതെന്നാണ് അറിയുന്നത്. സിപിഎം നേതാക്കള്‍ അടക്കിഭരിക്കുന്ന കേരളാ ബാങ്കിന്റെ വലിയ തോതിലുള്ള വായ്പകള്‍ കിട്ടാക്കടമായതും നടപടിയിലേക്ക് നയിച്ച കാരണങ്ങളിലൊന്നാണ്. സഹകരണ ബാങ്കുകളിലെ അഴിമതിക്കെതിരായ ശക്തമായ നടപടിയാണ് റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് നിസ്സംശയം പറയാം. എന്നാലിത് മഞ്ഞുമലയുടെ മേല്‍ത്തുമ്പു മാത്രമേ ആകുന്നുള്ളൂ.

2019 ല്‍ ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ച് രൂപീകരിച്ചതാണ് കേരളാ ബാങ്ക്. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മാത്രമാണ് അന്ന് ഇതിന് തയ്യാറാവാതിരുന്നത്. പിന്നീട് ഈ ബാങ്കും കേരള ബാങ്കില്‍ ലയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധനത്തെ തുടര്‍ന്ന് സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചതായാണ് അറിയാന്‍ കഴിയുന്നത്. ഇതിനെക്കുറിച്ച് അന്വേഷണവും നടപടിയും ഉണ്ടാവാനിടയുണ്ടെന്നു കണ്ടാണ് വളരെ തിടുക്കത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ കേരളാ ബാങ്കിന് രൂപംനല്‍കിയത്. ഇങ്ങനെ ചെയ്താല്‍ സഹകരണ ബാങ്കുകള്‍ അല്ലാതാവുകയും, അന്വേഷണവും നടപടിയും ചെറുക്കാനാവുമെന്നും നിയമോപദേശം ലഭിച്ചതായാണ് വിവരം. സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് എന്തൊക്കെ അഴിമതിയും ക്രമക്കേടുകളുമാണോ നടന്നിരുന്നത് അതുതന്നെയാണ് കേരളാ ബാങ്കിലും നടക്കുന്നത്. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം സഹകരണ ബാങ്കുകളും സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ്. കരുവന്നൂര്‍ മോഡല്‍ അഴിമതികളാണ് ഇവയില്‍ നടക്കുന്നത്. പുല്‍പ്പള്ളിയിലെയും മാളയിലെയും പോലെ കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലും വന്‍ അഴിമതി നടന്നിട്ടുള്ളതായ വിവരങ്ങള്‍ പുറത്തുവന്നു. ഇതോടെ ഇക്കാര്യത്തില്‍ സിപിഎമ്മുമായും ഇടതുസര്‍ക്കാരുമായും സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായി. കരുവന്നൂരിലെയും മറ്റും സഹകരണബാങ്കുകളിലെ അഴിമതിക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സമരം വെറും പ്രഹസനമായിരുന്നു. അത് പെട്ടെന്ന് കെട്ടടങ്ങുകയും ചെയ്തു.

സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് അഴിമതിയുടെ വന്‍ സാമ്രാജ്യത്വമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. ഇത് നിയന്ത്രിക്കുന്നത് സിപിഎമ്മാണ്. പാര്‍ട്ടിയും നേതാക്കളും ഇതില്‍നിന്ന് നേട്ടങ്ങള്‍ കൊയ്യുന്നു. ആദര്‍ശബോധമോ അച്ചടക്കമോ ഒന്നുമല്ല സിപിഎം എന്ന പാര്‍ട്ടിയെ നിലനിര്‍ത്തുന്നത്, അഴിമതിയാണ്. പാര്‍ട്ടിക്ക് അധികാരമുണ്ടെങ്കിലും ഇല്ലെങ്കിലും വ്യവസ്ഥാപിതമായി അഴിമതി നടത്താന്‍ നേതാക്കള്‍ക്ക് കഴിയുന്നു. 5000 കോടിയോളം രൂപയുടെ അഴിമതി സഹകരണ ബാങ്കുകളില്‍ നടന്നിട്ടുള്ളതായാണ് കണക്കാക്കപ്പെടുന്നത്. ഇതിനെതിരെയുള്ള ഏതന്വേഷണത്തെയും അട്ടിമറിക്കാന്‍ സിപിഎം നോക്കുന്നത് ഈ അഴിമതി മൂടിവയ്‌ക്കാനാണ്. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത രേഖകള്‍ തിരിച്ചുനല്‍കാന്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ പോയത് അഴിമതിക്കാരായ പാര്‍ട്ടി നേതാക്കളെ സംരക്ഷിക്കാനാണ്. ലൈഫ് പദ്ധതി അഴിമതിക്കേസ് പിണറായി വിജയനിലേക്ക് എത്തുമെന്നായപ്പോള്‍ ക്രൈംബ്രാഞ്ചിനെ ഇറക്കി രേഖകള്‍ പിടിച്ചെടുത്തതുപോലെയാണിതും. സഹകരണ ബാങ്കുകളില്‍ ആസൂത്രിതമായ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് കാണിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുള്ളതാണ്. രാജ്യത്ത് മുഴുവന്‍ ബാധകമായ പുതിയ സഹകരണനിയമം നിലവില്‍ വന്നിട്ടുള്ളതിനാല്‍ സഹകരണ ബാങ്കുകളിലെ അഴിമതിക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാവണം. കേരള ബാങ്കിനെതിരായ ആര്‍ബിഐയുടെ നടപടി കൂടുതല്‍ നടപടികളിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കാം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക