എ. ദമോദരന്‍
1975 ജൂണ്‍ 25, ജനാധിപത്യവിശ്വാസികളുടെ നെഞ്ചകങ്ങളില്‍ നെരിപ്പോടായി ഇന്നും പുകഞ്ഞുകൊണ്ടിരിക്കുന്ന ദുര്‍ദിനം. ഭാരതത്തെയാകെ തടവറയാക്കി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 49ാം വാര്‍ഷികം ഇന്ന് രാജ്യമാസലമുള്ള അടിയന്തരാവസ്ഥ പീഡിതര്‍ ജനാധിപത്യ ധ്വംസനത്തിന്റെ കറുത്തദിനമായി ഓര്‍മ്മ പുതുക്കുന്നു. കോണ്‍ഗ്രസിന്റെ അഴിമതിഭരണത്തിനെതിരെ ലോകനായക് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലാരംഭിച്ച സമ്പൂര്‍ണ്ണ വിപ്ലവ പ്രസ്ഥാനം ഭാരതത്തിന്റെ ഗ്രാമഗ്രാമന്തരങ്ങളില്‍ രാഷ്‌ട്രീയമാറ്റത്തിന്റെ അഗ്നിജ്വാലകള്‍ പടര്‍ത്തി കൊണ്ടിരുന്ന നാളുകള്‍. അശനിപാതംപോലെ അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുന്നു.
നില്‍കക്കള്ളിയില്ലാതായ ഇന്ദിരയും വൈതാളികവൃന്ദവും കൂടിയാലോചനനടത്തി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു. രാജ്യത്തെയാകെ തടവറയാക്കിമാറ്റിക്കൊണ്ട് ജയപ്രകാശ് നാരായണന്‍, അടല്‍ബിഹാരി വാജ്‌പേയ്. എല്‍.കെ. അദ്വാനി, മൊറാര്‍ജിദേശാായി തുടങ്ങിയ പ്രതിപക്ഷ നേതാക്കളടക്കം ആയിരങ്ങളെ കാരാഗൃഹങ്ങളിലടക്കുന്നു. രാഷ്‌ട്രീയ സ്വയംസേവക സംഘത്തെ നിരോധിക്കുന്നു. രാജ്യമാസകലം പത്രമാരണ നിയമം നടപ്പിലാക്കി ജനങ്ങളുടെ അറിയുവാനുള്ള അവകാശത്തെപ്പോലും നിഹനിക്കുന്നു. ഇന്ദിരയാണ് ജന്ത്യ, ഇന്ത്യയാണ് ഇന്ദിര എന്നുദ്‌ഘോഷിച്ച് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ഡി.കെ. ബറുവയടക്കമുള്ള വൈതാളി വൃന്ദം കുഴലൂത്ത് നടത്തുന്നു.
നാവടക്കി പണിയെടുക്കാനാഹ്വാനം നല്‍കികൊണ്ടു ഇന്ദിരാഗാന്ധിയുടെ തിട്ടൂരവാഹകരായ പോലീസുക്കാരടക്കമുള്ള ഉദ്യോഗസ്ഥവൃന്ദം അഴിഞ്ഞാടുന്നു. ശ്മശാനത്തിലെ ശാന്തത അല്‍പ്പക്കാലം നീണ്ടുനിന്നെങ്കിലും ജനഹൃദയങ്ങളില്‍ അസ്വാതന്ത്ര്യത്തിനെതിരെയുള്ള രോഷാഗ്നി നീറിപുകയാനാരംഭിച്ചിരുന്നു. അണിയറയില്‍ പ്രതിപക്ഷകക്ഷികള്‍ ലോകനായക് ജയപ്രകാശ് നാരായണനെ നേതൃത്വത്തിലവരോധിച്ചുകൊണ്ടാരംഭിച്ച ലോകസംഘര്‍ഷ സമിതി രാജ്യവ്യാപക പ്രക്ഷോഭത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു.
ആര്‍എസ്എസ്സിന്റെയും എല്‍എസ്എസ്സിന്റെയും നോതാക്കള്‍ രാജ്യമെമ്പാടും സഞ്ചരിച്ച് രഹസ്യ യോഗങ്ങള്‍ സംഘടിപ്പിച്ചും ലഘുലേഖകള്‍ അച്ചടിച്ച് പ്രചരിപ്പിച്ചും ജനങ്ങളെ സമരസജ്ജരാക്കി മാറ്റിക്കൊണ്ടിരുന്നു. ജയിലിലടക്കപ്പെട്ട ജയപ്രകാശ് നാരായണന്റെ അഭാവത്തില്‍ ലോകസംഘര്‍ഷസമിതിയുടെ സെക്രട്ടറിയായ നാനാജി ദേശ് മുഖും അറസ്റ്റ് ചെയ്യപ്പെട്ടതോടെ സെക്രട്ടറിയായി ചുമതലയേറ്റ രവീന്ദ്രവര്‍മ്മ അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് പ്രാധാനമന്ത്രിക്ക് കത്തെഴുതിയെങ്കിലും അതെല്ലാം വനരോദനമായി കലാശിച്ചു. ഒടുവില്‍ 1975 നവംമ്പര്‍ 14 മുതല്‍ 1976 ജനുവരി 14 വരെ രണ്ടുമാസക്കാലം രാജ്യമാസകലം നീണ്ടുനിന്ന ഗാന്ധിയന്‍ മാതൃകയിലുള്ള സത്യാഗ്രഹ സമരത്തെത്തുടര്‍ന്ന് ജനലക്ഷങ്ങള്‍ അറസ്റ്റ് ചെയ്യപ്പെട്ടു.
ഭരണകൂടഭീകരത മറനീക്കിപുറത്തുവന്നനാളുകള്‍. പോലീസിന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്കിരയായി നിരവധിപേര്‍ ബലിദാനികളായി. ആയിരങ്ങള്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടു. സ്വാതന്ത്രേച്ഛുക്കളായ യുവാക്കളും മഹിളകളും കുട്ടികളുമൊക്കെ ചരിത്രപ്രസിദ്ധമായ സത്യാഗ്രഹസമരത്തില്‍ അണിചേര്‍ന്നു. കൈക്കുഞ്ഞുങ്ങളുമായി അമ്മമാര്‍പോലും പ്രക്ഷേഭത്തിന്റെ തീച്ചുളയിലേക്കെടുത്തുചാടി ജയിലിലടക്കപ്പെട്ടു. മിസയനുസരിച്ചും ആയിരക്കണക്കിനുനേതാക്കള്‍ തുറങ്കിലടക്കപ്പെട്ടു. ഇത്തരത്തില്‍ കേരളത്തില്‍ മാത്രം മുന്നൂറിലേറെപ്പേര്‍ 21 മാസക്കാലം ജയിലറകളില്‍ നരകയാതനയനുഭവിക്കേണ്ടിവന്നു. ഭാരതമാകെ ഒന്നേമുക്കാല്‍ ലക്ഷംപേരും കേരളത്തില്‍ എഴായിരത്തിഅഞ്ഞൂറോളംപേരും മിസഡിഐആര്‍ വകുപ്പ് പ്രകാരം ജയിലറകളില്‍ കഴിയേണ്ടിവന്നു.
കേരളത്തില്‍ നടന്ന ചില സത്യാഗ്രഹസമരങ്ങളെ പോലീസ് നേരിട്ടരീതി തികച്ചും പൈശാചികമായിരുന്നു. 1975 നവംമ്പര്‍ 14ന് കണ്ണൂര്‍ മുനീശ്വരന്‍ കോവിലിനു മുന്നില്‍ നടന്ന പ്രഥമ സത്യാഗ്രഹവും ഡിസംബര്‍ 24ന് ഇരിക്കൂറില്‍ നടന്ന സത്യാഗ്രഹവുമൊക്കെ ജീവിച്ചിരിക്കുന്ന സത്യാഗ്രഹികളില്‍ ഇപ്പോഴും നടുക്കമുളവാക്കുന്നതാണ്. കണ്ണൂരില്‍ എസ്‌ഐ പുലിക്കോടന്‍ നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എം. കൃഷ്ണന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 12 അംഗ സത്യാഗ്രഹികളെ ജനങ്ങളുടെ മുന്നിലിട്ട് ക്രൂരമായി തല്ലിച്ചതച്ചു മരണാസന്നരാക്കി പോലീസ് മൈതാനിയിലുപേക്ഷിച്ച് കടന്നുകളഞ്ഞപ്പോള്‍ സംഘടനാ കോണ്‍ഗ്രസ്സ് നേതാവായിരുന്ന അഡ്വ. എന്‍. രാഘവനാണ് അവരെ സ്വന്തം കാറില്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സക്ക് വിധേയമാക്കിയത്. ഇരിക്കൂറില്‍ 9 അംഗ സത്യാഗ്രഹികളെ തല്ലിച്ചതച്ച് മൃതപ്രായരാക്കിയ പോലീസുകാര്‍ തങ്ങളുടെ ലാത്തികളെല്ലാം പൊട്ടിച്ചിതറിയപ്പോള്‍ സമീപത്തെ കടകളില്‍ വില്‍ക്കാന്‍വെച്ചിരുന്ന മഴുത്തായയെടുത്താണ് സത്യാഗ്രഹികളെ കണ്ടുനിന്നവരെപ്പോലും ബോധരഹിതരാക്കുംവിധം ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്. ഇത്തരത്തില്‍ എത്രയെത്ര സംഭവങ്ങളാണ് ആ നാളുകളില്‍ രാജ്യമാസകലം അരങ്ങേറിയത്.
ഫാസിസത്തിനെതിരായും ജനാധിപത്യ പുനഃസ്ഥാപനത്തിനും സംഘടനാ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുംവേണ്ടി ഇന്ത്യക്കകത്തും പുറത്തും നടന്ന സത്യാഗ്രഹങ്ങള്‍ തന്റെ ഭരണകൂടത്തിന്റെ അടിത്തറയിളക്കുന്ന രീതിയിലേക്ക് മാറുകയാണെന്നും ജനമനസ്സുകളില്‍ തനിക്കെതിരെ ഉണരുകയാണെന്നും രഹസ്യാന്വേഷണവിഭാഗങ്ങളില്‍ നിന്നും മനസ്സിലാക്കിയ ഇന്ദിരാഗാന്ധി മനസ്സില്ലാമനസ്സോടെയാണെങ്കിലും ഒടുവില്‍ 1977 മാര്‍ച്ച് 21ന് അടിയന്തരാവസ്ഥ പിന്‍വലിക്കേണ്ടി വന്നു.
തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷകക്ഷികളുടെ നേതൃത്വത്തില്‍ രൂപീകൃതമായ ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നെങ്കിലും അടിയന്തരാവസ്ഥ വിരുദ്ധ സമരത്തോട് കേരളത്തിലെ പ്രധാന പ്രതിപക്ഷകക്ഷിയായ സിപിഎം കാണിച്ച ലജ്ജാകരമായ നിഷ്‌ക്രിയ നിലപാട്മൂലം കേരളജനത അവരെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുകയായിരുന്നു. അടിയന്തരാവസ്ഥയും അതിനെതിരായി നടന്ന ധീരോധാത്തമായ സമരമുറകളും പില്‍ക്കാലത്ത് ഭാരതത്തിന്റെ രാഷ്‌ട്രീയ വിഹായസ്സിലുണ്ടാക്കിയ പരിവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. മൂന്നുതവണ (2 തവണ ഹ്രസ്വകാലവധിയിലെങ്കിലും) അടല്‍ ബിഹാരി വാജ്‌പേയിയും 2014 മുതല്‍ തുടര്‍ച്ചയായി മൂന്നുതവണ നരേന്ദ്ര ദാമോദര്‍ദാസ് മോദിയും ഭാരതത്തിന്റെ പ്രധാനമന്ത്രിയായതിന്റെ പ്രഭവകേന്ദ്രം അടിയന്തരാവസ്ഥയെത്തുടര്‍ന്നുള്ള രാഷ്‌ട്രീയ പരിവര്‍ത്തനത്തിന്റെ തുടര്‍ച്ച തന്നെയാണ്.
അടിയന്തരാവസ്ഥയിലെ കരാള നാളുകള്‍ 49 വര്‍ഷം പിന്നിട്ടെങ്കിലും ആ ഓര്‍മ്മകള്‍ സജീവമായി നിലനില്‍ക്കുകയാണ്. അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് ഓഫ് കേരള എന്ന സംഘടന. അടിയന്തരാവസ്ഥക്കെതിരെ നടന്ന ധീരോധാത്തമായ ചെറുത്ത് നില്‍പ്പ് രണ്ടാം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സ്വാതന്ത്ര സമരസേനാനികള്‍ക്കുള്ള ആനൂകൂല്യങ്ങള്‍ നല്‍കുക, അടിയന്തരാവസ്ഥക്കെതിരെ നടന്ന പോരാട്ടം പാഠ്യവിഷയമാക്കുക, അടിയന്തരാവസ്ഥ പീഡിതര്‍ക്ക് വൈദ്യസഹായം നല്‍കുക, അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടത്തിന്റെ ആധികാരിക രേഖയുണ്ടാക്കുക തുടങ്ങിയ ആവിശ്യങ്ങളുമായി സംഘടന കഴിഞ്ഞ 9 വര്‍ഷമായി സക്രിയപാതയിലാണ്.
ഈ വര്‍ഷവും ജൂണ്‍ 26ന് കണ്ണൂര്‍, എറണാകുളം, തുരുവന്തപുരം എന്നീ മൂന്നുകേന്ദ്രങ്ങളില്‍ അടിയന്തരാവസ്ഥയും ജനാധിപത്യവും എന്ന വിഷയത്തില്‍ പ്രമുഖവ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച്‌കൊണ്ട് സെമിനാറുകള്‍ സംഘടിപ്പിക്കുന്നു. അടിയന്തരാവസ്ഥ പീഡിതരോടൊപ്പം ദേശീയബോധമുള്ള ചരിത്ര കൗതുകികളായ പുതുതലമുറയും സെമിനാറുകളില്‍ അണിചേരും.
ജനാധിപത്യത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമൊക്കെയുള്ള കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള കപടമുന്നണികള്‍ നടത്തുന്ന വായ്‌ത്താരികള്‍ക്കെതിരെ ഉണര്‍ത്തുപാട്ടാവട്ടെ ജൂണ്‍ 26ന്റെ സെമിനാറുകളും മറ്റു പരിപാടികളും.
(ജന്മഭൂമി കണ്ണൂര്‍ എഡിഷന്‍, മുന്‍ റസിഡന്റ് എഡിറ്ററാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: