തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത മൂന്ന് ദിവസം വരെ അതിശക്തമായതോ അതിതീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ ബുധനാഴ്ച ഓറഞ്ച് ജാഗ്രതയാണ്.
കേരളതീരത്ത് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മത്സ്യബന്ധനം പാടില്ല.
കേന്ദ്ര ജല കമ്മീഷന് പത്തനംതിട്ട ജില്ലയിലെ മാടമണ്‍ സ്റ്റേഷന് (പമ്പ നദി), കല്ലൂപ്പാറ സ്റ്റേഷന് (മണിമല നദി) എന്നിവിടങ്ങളില്‍ ബുധനാഴ്ച ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ സ്റ്റേഷന് (അച്ചന്‍കോവില്‍ നദി), കോട്ടയം ജില്ലയിലെ പുല്ലാക്കയര്‍ സ്റ്റേഷന് (മണിമല നദി) , ഇടുക്കി ജില്ലയിലെ മണക്കാട് സ്റ്റേഷന് (തൊടുപുഴ നദി) ബുധനാഴ്ച മഞ്ഞ ജാഗ്രതയാണ്. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.
അരുവിക്കര, കല്ലാര്‍കുട്ടി , ലോവര്‍ പെരിയാര്‍ ,പാംബ്ലാ, പെരിങ്ങല്‍കൂത്ത് എന്നീ ഡാമുകളില്‍ നിന്നും നിയന്ത്രിത അളവില്‍ ജലം പുറത്തേക്കൊഴുക്കുന്നുണ്ട്. മറ്റു ഡാമുകളിലെ ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.
ആരക്കോണം നാലാം ബറ്റാലിയന്റെ നേതൃത്വത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒമ്പത് സംഘങ്ങളെ കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കൊല്ലം, കോഴിക്കോട്, തൃശൂര്‍, വയനാട് ജില്ലകളിലാണ് ഇവരെ വിന്യസിച്ചിട്ടുളളത്.
മലയോരമേഖലകളില്‍ ശക്തമായ മഴ പെയ്യുന്നതിനാല്‍ മണ്ണിടിച്ചിലിനു സാധ്യതയുണ്ട്. ഇത്തരം മേഖലകളിലേക്കുള്ള രാത്രി യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: