Kerala

വിലക്കയറ്റം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; സർക്കാർ സപ്ലൈകോയുടെ അന്തകരായെന്ന് റോജി ജോൺ, കേരളത്തിൽ വിലക്കുറവെന്ന് മന്ത്രി

Published by

തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. റോജി എം ജോണ്‍ എംഎല്‍എയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയെന്ന് റോജി എം ജോണ്‍ പറഞ്ഞു. സപ്ലൈ ഇല്ലാത്ത സപ്ലൈകോയാണ്. സപ്ലൈകോയിലെ സബ്‌സിഡി വെട്ടിക്കുറച്ച് അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന സർക്കാർ അതിന്റെ അന്തകരായെന്നും റോജി എം ജോണ്‍ കുറ്റപ്പെടുത്തി.

എന്നാൽ പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. സാധാരണക്കാരന് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സപ്ലൈകോയില്‍ റാക്കുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 600 കോടി കുടിശ്ശികയാണ്. പച്ചക്കറിക്ക് തീവിലയാണ്. കാളാഞ്ചിയും കരിമീനും സാധാരണക്കാരന്റെ തീന്‍മീശയില്‍ സ്വപ്‌നം കാണാന്‍ കഴിയില്ല. 85 രൂപയ്‌ക്ക് ചിക്കന്‍ നല്‍കുമെന്ന് പറഞ്ഞ മന്ത്രിയുണ്ടിവിടെ. 85 രൂപയ്‌ക്ക് ചിക്കന്‍ കാല് പോലും ലഭിക്കാത്ത അവസ്ഥയാണ്. വിപണി ഇടപെടലിന് ഒരു തുക പോലും വിനിയോഗിച്ചിട്ടില്ല. ഹെലികോപ്റ്ററിന് കൊടുക്കുന്ന വാടക സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ചെലവഴിച്ചുകൂടേയെന്ന് ചോദിച്ച റോജി എം ജോണ്‍ വിലക്കയറ്റം ബാധിക്കുന്നത് സാധാരണക്കാരെയാണെന്നും ചൂണ്ടിക്കാട്ടി.

അതേസമയം വിലക്കയറ്റം ദേശീയ വിഷയമാണെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു. കൂടുതല്‍ വിലക്കയറ്റം ഉണ്ടാകാന്‍ സാധ്യതയുള്ള സംസ്ഥാനമാണ് കേരളമെന്നും വിലക്കയറ്റം നിയന്ത്രിക്കാനാകുന്നത് സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ കാരണമാണെന്നും അനില്‍ മറുപടി നല്‍കവെ പറഞ്ഞു. ഉത്പാദന സംസ്ഥാനങ്ങളേക്കാള്‍ കേരളത്തില്‍ സാധനങ്ങള്‍ക്ക് വിലക്കുറവാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ ജില്ലാതലത്തില്‍ സമിതി പ്രവര്‍ത്തിക്കുന്നുണ്ട്.

കാലാവസ്ഥ വ്യതിയാനം പച്ചക്കറി ലഭ്യതയെ ബാധിച്ചു. ഇത് ചില ഇനങ്ങൾക്ക് വില കയറാൻ കാരണമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വിലക്കയറ്റത്തിന് കാരണവും വിപണി ഇടപെടലിന് തടസവും കേന്ദ്രമാണെന്നും മന്ത്രി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by