തിരുവനന്തപുരം: തൃശൂർ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ്ഗോപിക്ക് ഇന്ന് 66- ാം പിറന്നാൾ. ആരാധകരും പാർട്ടിപ്രവർത്തകരും ഉൾപ്പടെ നൂറുകണക്കിനുപേർ അദ്ദേഹത്തിന് ആശംസകൾ നേർന്നു. ഇന്ന് സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പാർലമെന്റിലായിരിക്കും പിറന്നാൾ ദിനത്തിലും അദ്ദേഹം.
പിറന്നാൾ പ്രമാണിച്ച് പ്രത്യേക ആഘോഷങ്ങൾ ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘മന്ത്രിയുടെ പിറന്നാൾ ആഘോഷമല്ലിത്. അച്ഛന്റെയും അമ്മയുടെയും മകന്റെ, ഭാര്യയുടെ ഭർത്താവിന്റെ, മക്കളുടെ അച്ഛന്റെ, ബന്ധുക്കളുടെ, കലാകാരൻ എന്ന നിലയിൽ ലോകത്തിലെ എല്ലാം ഇഷ്ടക്കാരുടെ ആഘോഷമാണിത്. അത്രേയുള്ളൂ’ എന്നാണ് അദ്ദേഹം തന്റെ പിറന്നാൾ ആഘോഷത്തെക്കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
ഇടതു, വലതുമുന്നണികളിലെ രാഷ്ട്രീയ അതികായന്മാരായ വി എസ് സുനിൽകുമാറിനെയും കെ മുരളീധരനെയും അട്ടിമറിച്ചാണ് കേരളത്തിൽ നിന്നുള്ള ആദ്യത്തെ ബിജെപി എംപിയായി അദ്ദേഹം ലോക് സഭയിലെത്തിയത്. 74686 വോട്ടുകൾക്കായിരുന്നു വിജയം.
കൊല്ലത്ത് ലക്ഷ്മി ഫിലിംസ് എന്ന സിനിമാ വിതരണ കമ്പനി നടത്തിയിരുന്ന കെ ഗോപിനാഥൻ പിള്ളയുടെയും ജ്ഞാനലക്ഷ്മിയുടെയും നാലുമക്കളിൽ മൂത്തയാളാണ് സുരേഷ്ഗോപി. 1958 ജൂൺ 26നായിരുന്നു ജനനം. ആറാം വയസിൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: