India

ഓം ബിര്‍ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി; ലോക്സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്

ന്യൂദല്‍ഹി: എന്‍ഡിഎയുടെ ലോക്സഭാ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി ഓം ബിര്‍ളയെ പ്രഖ്യാപിച്ചു. രാജസ്ഥാനിലെ കോട്ടയില്‍ നിന്നു തുടര്‍ച്ചയായ മൂന്നാംവട്ടവും ജയിച്ച ഓം ബിര്‍ള 17-ാം ലോക്സഭയിലെ സ്പീക്കറായിരുന്നു.

സ്പീക്കര്‍ സ്ഥാനത്തേക്കു കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ പദവി കോണ്‍ഗ്രസിനു നല്കിയില്ലെങ്കില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന കോണ്‍ഗ്രസിന്റെ സമ്മര്‍ദ തന്ത്രത്തെ കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചതോടെയാണ് തോല്‍വിയുറപ്പായ മത്സരത്തിന് കൊടിക്കുന്നിലിനെ പ്രഖ്യാപിച്ചത്. ഇരുവരും ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നു രാവിലെ 11നാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്.

543 അംഗ ലോക്സഭയില്‍ 293 അംഗങ്ങളുടെ പിന്തുണയുള്ള എന്‍ഡിഎയ്‌ക്ക് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വിജയമുറപ്പാണ്. ഇന്‍ഡി മുന്നണിക്ക് 232 എംപിമാരുടെ പിന്തുണ മാത്രമാണുള്ളത്. കഴിഞ്ഞ അഞ്ചുവര്‍ഷം ലോക്സഭാ സ്പീക്കറായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഓം ബിര്‍ളയുടെ അനുഭവ സമ്പത്ത് ഗുണകരമാകുമെന്ന് ബിജെപി നേതൃത്വം വിലയിരുത്തിയതോടെയാണ് അദ്ദേഹത്തിനു രണ്ടാമൂഴം ലഭിച്ചത്. മറുവശത്ത് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ഇന്‍ഡി മുന്നണിയില്‍ വലിയ പ്രതിഷേധമുയര്‍ന്നു. തങ്ങളോട് ആലോചിക്കാതെയാണ് പ്രഖ്യാപനമെന്നും സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി കുറ്റപ്പെടുത്തി. തങ്ങളോട് ആലോചിക്കാതെയാണ് കൊടിക്കുന്നിലിനെ സ്പീക്കര്‍ സ്ഥാനാര്‍ഥിയാക്കിയതെന്ന് എന്‍സിപി നേതൃത്വവും ആരോപിച്ചിട്ടുണ്ട്.

ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഐക്യം കാണിക്കാനുള്ള ആദ്യ അവസരമായി സ്പീക്കര്‍ തെരഞ്ഞെടുപ്പ്. എന്‍ഡിഎയിലെ ഘടകകക്ഷികളെല്ലാം ഓം ബിര്‍ളയ്‌ക്കു വേണ്ടി രംഗത്തെത്തുകയും എതിര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയും ചെയ്തു. മനപ്പൂര്‍വം പ്രശ്നങ്ങളുണ്ടാക്കാനുള്ള കോണ്‍ഗ്രസ് നീക്കമാണ് തോല്‍വിയുറപ്പായിട്ടും മത്സരിക്കുന്നതെന്ന് ടിഡിപി കുറ്റപ്പെടുത്തി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവും പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയെങ്കിലും ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്കുമെന്ന ഉറപ്പു ലഭിച്ചാലേ സ്പീക്കര്‍ തെരഞ്ഞെടുപ്പു സമവായത്തിലൂടെ നടത്തൂ എന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പു വിഷയം വരുമ്പോള്‍ അക്കാര്യത്തില്‍ തീരുമാനം അറിയിക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിപക്ഷത്തെ അറിയിച്ചെങ്കിലും അവര്‍ക്ക് സര്‍ക്കാരില്‍ നിന്നു പ്രഖ്യാപനം വേണമെന്ന കടുംപിടിത്തം തുടര്‍ന്നു. ഇതോടെയാണ് പ്രതിപക്ഷ വാശിക്കു വഴങ്ങേണ്ടെന്നും പ്രതിപക്ഷ മുന്നണിയുടെ ഐക്യം പരിശോധിക്കാനുള്ള അവസരം പാഴാക്കേണ്ടെന്നും ഭരണപക്ഷത്ത് അഭിപ്രായമുയര്‍ന്നത്.

ഇതിനിടെ ഇന്‍ഡി സഖ്യം യോഗം ചേര്‍ന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുത്തു. രാഹുലിനെ നിര്‍ദേശിച്ചുകൊണ്ടുള്ള കത്ത് സോണിയ പ്രോടെം സ്പീക്കര്‍ക്ക് കൈമാറി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക