കൊല്ലം: കേരളം വിഭജിക്കണമെന്ന സമസ്തയുടെ ആവശ്യം വിഘടനവാദത്തിന്റെ ശബ്ദമാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്. കൊല്ലത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാര്‍ കേന്ദ്രീകരിച്ച് പ്രത്യേക സംസ്ഥാനം വേണമെന്ന സമസ്ത നേതാവിന്റെ ആവശ്യത്തിനു പിന്നില്‍ വികസനമല്ല ലക്ഷ്യം, വിഘടന- വിഭജന- തീവ്രവാദ അജണ്ടയാണ്.
സമസ്തയുമായുള്ളത് പൊക്കിള്‍ക്കൊടി ബന്ധമെന്നാണ് മുസ്ലിം ലീഗ് വ്യക്തമാക്കിയിട്ടുള്ളത്. അതിനാല്‍ ലീഗിന്റെ ശബ്ദമാണ് സമസ്തയിലൂടെ പുറത്തുവന്നിട്ടുള്ളത്. കേരളത്തിലെ തീവ്രവാദ- ഭീകരവാദ സംഘടനകളുടെ ശബ്ദമാണിത്. മുസ്ലിം ലീഗും തീവ്രവാദ സംഘടനകളും ഒരു കൂട്ടായ്മയായാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ലഭിക്കുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ കൂട്ടായ്മ യുഡിഎഫിന് അനുകൂലമായിട്ടാണ് നിന്നത്.
മാര്‍ക്സിസ്റ്റും കോണ്‍ഗ്രസും തീവ്രവാദികള്‍ക്ക് നല്കുന്ന പിന്തുണയും സഹകരണവുമാണ് കേരളം വിഭജിക്കണമെന്ന ആവശ്യം ഉന്നയിക്കാന്‍ സാധിച്ചത്. പിഎഫ്ഐയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ടെങ്കിലും മറ്റു പല സംഘടനകളില്‍ കൂടിയും പലരും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാന സര്‍ക്കാരിനോ കോണ്‍ഗ്രസിനോ ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കഴിയുന്നില്ല. ഇവര്‍ക്ക് വെള്ളവും വളവും നല്കുന്ന സമീപനമാണ് ഇരുമുന്നണികളും സ്വീകരിക്കുന്നത്.
സംസ്ഥാനം വിഭജിക്കണമെന്ന സമസ്തയുടെ നിലപാടിനോട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഇരുനേതാക്കളുടെയും മുസ്ലിം ലീഗിന്റേയും പ്രതികരണം അറിയാന്‍ കേരള ജനതയ്ക്ക് താത്പര്യമുണ്ട്. വിദ്യാഭ്യാസ മേഖലയിലടക്കം കേരള സര്‍ക്കാരിന്റെ പല നയപരമായ തീരുമാനങ്ങളും കൈക്കൊള്ളുന്നത് സമസ്തയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: