ആലപ്പുഴ: ഇടതുപക്ഷം തിരുത്തലുകള്‍ക്ക് തയ്യാറാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗൗരിയമ്മയുടെ 105-ാം ജന്മദിനാഘോഷ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ഇടതുപക്ഷം സ്വയം വിമര്‍ശനത്തിന് തയ്യാറാവേണ്ട കാലഘട്ടമാണ്. കേരളത്തിലെ പ്രത്യേക അവസ്ഥയില്‍ ഇടതുപക്ഷം പാഠങ്ങള്‍ പഠിക്കണം. തിരുത്തലുകള്‍ക്ക് പ്രാധാന്യമുണ്ടെന്നും തിരുത്താന്‍ മടിക്കരുതെന്നും അദ്ദേഹം പറഞ്ഞു..
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇളക്കമുണ്ടാകില്ല എന്ന് കരുതിയ ചില ബോധ്യങ്ങള്‍ക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇളക്കമുണ്ടായി. ഇടതുപക്ഷത്തിന്റെ അടിത്തറയില്‍ ഇളക്കമുണ്ടായിട്ടുണ്ടോ എന്ന ചോദ്യം ഉയരുന്നു. തെറ്റുകള്‍ ബോധ്യപ്പെട്ടാല്‍ തിരുത്താന്‍ തയ്യാറാവണം. ആദ്യം ഏറ്റുപറയേണ്ടത് ജനങ്ങളോടാണ്. നേതാവിനെക്കാളും അധികാരികളേക്കാളും കമ്മിറ്റികളേക്കാളും വലിയവര്‍ ജനങ്ങളാണ്. ജനങ്ങള്‍ക്ക് മുന്നില്‍ തെറ്റ് ഏറ്റുപറഞ്ഞ് തിരുത്താന്‍ ശ്രമിക്കുന്നതാണ് യഥാര്‍ത്ഥ ഇടതുപക്ഷ മൂല്യമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങള്‍ എല്ലാം തികഞ്ഞവരാണെന്നും മറുഭാഗത്തുള്ളവര്‍ എല്ലാം പോക്കാണെന്നും അതുകൊണ്ട് അവരെ എന്തും പറയാം എന്നതും കമ്മ്യൂണിസ്റ്റ് വിമര്‍ശനത്തിന്റെ ശരിയായ ഭാഗമല്ല. ഭാഷാ പ്രയോഗത്തില്‍ പാലിക്കേണ്ട കമ്യൂണിസ്റ്റ് സമീപനത്തെ പറ്റി ചിന്തിക്കാനാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: